Asianet News MalayalamAsianet News Malayalam

'ഉദ്ദേശിച്ചത് എൻഡിഎഫിനെയും പോപ്പുലർ ഫ്രണ്ടിനെയും, പറഞ്ഞത് സത്യം', ഉറച്ച് പി മോഹനൻ

അറസ്റ്റിലായ അലനും താഹക്കും മാവോയിസ്റ്റ് ബന്ധം ഉണ്ടെന്ന് കരുതുന്നില്ല. എന്നാല്‍ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണം. ബിജെപി വിഷയം ഏറ്റെടുക്കുന്നത് നല്ല ഉദ്ദേശത്തോടെയല്ല. ഇസ്ലാമിക തീവ്രവാദ സംഘടനകൾ എന്നത് പൊതുവെ നടത്തുന്ന പ്രയോഗമാണെന്നും പി മോഹനന്‍.

didn't intend to insult Muslim community statement was against popular front and NDF  p mohanan explains controversial statement
Author
Thiruvananthapuram, First Published Nov 20, 2019, 9:49 AM IST

തിരുവനന്തപുരം: വിവാദ പരാമർശത്തിൽ വിശദീകരണവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. മുസ്‍ലിം സമുദായത്തെ താൻ ആക്ഷേപിച്ചിട്ടില്ല, ഉദ്ദേശിച്ചത് എൻഡിഎഫിനെയും പോപ്പുലർ ഫ്രണ്ടിനെയുമാണെന്ന് പി മോഹനന്‍ പറഞ്ഞു. അറസ്റ്റിലായ അലനും താഹക്കും മാവോയിസ്റ്റ് ബന്ധം ഉണ്ടെന്ന് കരുതുന്നില്ല. എന്നാല്‍ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും പി മോഹനന്‍ പറഞ്ഞു. 

ബിജെപി വിഷയം ഏറ്റെടുക്കുന്നത് നല്ല ഉദ്ദേശത്തോടെയല്ല. ഇസ്ലാമിക തീവ്രവാദ സംഘടനകൾ എന്നത് പൊതുവെ നടത്തുന്ന പ്രയോഗമാണെന്നും പി മോഹനന്‍ കൂട്ടിച്ചേര്‍ത്തു. മാവോയിസ്റ്റുകളെ സഹായിക്കുന്നത് മുസ്ലീം തീവ്രവാദികളാണെന്നായിരുന്നു പി മോഹനൻ ഇന്നലെ പറഞ്ഞത്. മാവോയിസ്റ്റ് പ്രസ്ഥാനത്തിന് വെള്ളവും വളവും നൽകുന്നത് മുസ്ലീം തീവ്രവാദ ശക്തികളാണ്. കോഴിക്കോട്ടെ പുതിയ കോലാഹലവും സാന്നിധ്യവുമെല്ലാം അതാണ് തെളിയിക്കുന്നതെന്നും പി മോഹനന്‍ പറഞ്ഞിരുന്നു. 

മാവോയിസ്റ്റുകളും മുസ്ലീം തീവ്രവാദ പ്രസ്ഥാനങ്ങളും തമ്മിലുള്ള ചങ്ങാത്തത്തെ കുറിച്ച് പൊലീസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട  പി മോഹനന്‍ മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നതും കൊണ്ടു നടക്കുന്നതും ഇത്തരം ശക്തികളാണെന്നും ആരോപിച്ചിരുന്നു. താമരശ്ശേരിയിൽ കെഎസ്കെടിയു ജില്ലാ സമ്മേളനത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിന്‍റെ ഇടയിലായിരുന്നു പി മോഹനന്‍റെ വിവാദ പരാമര്‍ശം. 

പാർട്ടിയുടെ നിലപാട് തന്നെയാണ് താൻ പറഞ്ഞത്, അത് വ്യക്തിപരമായ നിലപാടല്ലെന്ന് ആവർത്തിക്കുകയാണ് പി മോഹനൻ. പാർട്ടിയുടെ നിലപാടിന് വ്യത്യസ്തമായി ഞാനൊന്നും പറഞ്ഞിട്ടില്ല. ഇത് പൊതുനിലപാടാണ്. പറഞ്ഞത് യാഥാർത്ഥ്യമാണ്. കോഴിക്കോട്ടെ സാഹചര്യത്തിൽ ഇത് ശരിയുമാണെന്ന് പി മോഹനൻ പറയുന്നു.

പന്തീരങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ വീണ്ടും ആഞ്ഞടിച്ച് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ തന്നെ രംഗത്തെത്തിയതിന് പിറ്റേന്നാണ് വിശദീകരണവുമായി പി മോഹനൻ രംഗത്തു വരുന്നത്. പരോക്ഷമായി സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ തന്നെ രൂക്ഷവിമർശനമുയർത്തുകയാണ് കാനം ചൊവ്വാഴ്ച ചെയ്തത്. മാവോയിസ്റ്റ് - ഇസ്ലാമിക തീവ്രവാദ കൂട്ടുകെട്ടിനെക്കുറിച്ച് തനിക്കറിയില്ല.  പൊലീസ് പറയുന്നത് കണ്ണടച്ച് വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകാരെ തനിക്കൊരു ബഹുമാനവുമില്ലെന്നും കാനം കോഴിക്കോട്ട് യുഎപിഎ വിരുദ്ധ സെമിനാറിൽ പറഞ്ഞു. അറസ്റ്റിലായ അലൻ ഷുഹൈബിന്‍റെ അച്ഛൻ ഷുഹൈബുമായും സെമിനാറിന് ശേഷം കാനം കൂടിക്കാഴ്ച നടത്തി.

കോഴിക്കോട്ടെ യുഎപിഎ അറസ്റ്റിൽ പൊലീസ് നടത്തുന്നത് വ്യാജപ്രചാരണമാണെന്ന് കാനം ആരോപിച്ചിരുന്നു. കേസിലെ എഫ്ഐആർ പരിശോധിച്ചാൽത്തന്നെ ഇത് വ്യക്തമാകും. മാവോയിസ്റ്റ് - ഇസ്ലാമിക തീവ്രവാദകൂട്ടുകെട്ട് എന്തെന്ന് തനിക്കറിയില്ല. പൊലീസ് റിപ്പോർട്ടുകളെ അതേപടി കണ്ണടച്ച് വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകാരെ തനിക്ക് ഒരു ബഹുമാനവുമില്ല- എന്ന് കാനം തുറന്നടിച്ചു. 

മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍റെ പ്രസ്താവന വിവാദമായിരിക്കെ ഭരണകക്ഷി തന്നെയായ സിപിഐയുടെ ഭാഗത്ത് നിന്ന് കൂടി കടുത്ത ആക്രമണമുണ്ടാകുമ്പോൾ സിപിഎമ്മിന് ഇതിനും മറുപടി പറയേണ്ടി വരും. ഈ സാഹചര്യത്തിലാണ് നേരിട്ട് പി മോഹനൻ വിവാദങ്ങൾക്ക് മറുപടി പറയാനെത്തുന്നത്.

Follow Us:
Download App:
  • android
  • ios