അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാക്കി ഉദ്യോഗാര്‍ത്ഥികളും പ്രതിപക്ഷ കക്ഷികളും രം​ഗത്തെത്തിയിട്ടുണ്ട്.

മുംബൈ: അഗ്നിപഥിനെതിരെ(Agnipath) രാജ്യത്ത് വ്യാപകമായ പ്രതിഷേധമാണ് അരങ്ങേറുന്നത്. ഈ അവസരത്തിൽ പദ്ധതിയെ അനുകൂലിച്ചു കൊണ്ട് രം​ഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് താരം കങ്കണ റണൗത്ത്(Kangana Ranaut). മയക്കു മരുന്നിനും ​പബ്ജി ​ഗെയിമിനും അടിമപ്പെ‌ട്ട യുവാക്കളെ രക്ഷപ്പെ‌ടുത്താൻ ഇത്തരം പദ്ധതികൾ ആവശ്യമാണെന്നും കങ്കണ ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ കുറിക്കുന്നു.

'ഇസ്രായേലുൾപ്പെടെ നിരവധി രാജ്യങ്ങളിൽ സൈനിക പരിശീലനം യുവാക്കൾക്ക് നിർബന്ധമാക്കിയിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് അച്ചടക്കും ദേശസ്നേഹവും പോലുള്ള ജീവിത മൂല്യങ്ങൾ പഠിക്കാനായിരുന്നു സൈന്യത്തിൽ ചേർന്നിരുന്നത്. ഒപ്പം അതിർത്തി സുരക്ഷയ്ക്കും. തൊഴിൽ നേടുന്നതിനും പണമുണ്ടാക്കുന്നതിനുമപ്പുറം അഗ്നിപഥ് പദ്ധതിക്ക് ആഴത്തിലുള്ള അർത്ഥങ്ങളുണ്ട്. പഴയ കാലത്ത് എല്ലാവരും ​ഗുരുകുലത്തിൽ പോയിരുന്നു. മയക്കുമരുന്നിലും പബ്ജി ​ഗെയിമിലും നശിക്കുന്ന യുവാക്കൾക്ക് ഈ പരിഷ്കാരങ്ങൾ ആവശ്യമാണ്. ഇതിന് തുടക്കം കുറിച്ച സർക്കാരിന് അഭിനന്ദനങ്ങൾ,'എന്നാണ് കങ്കണ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്.

അതേസമയം, അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാക്കി ഉദ്യോഗാര്‍ത്ഥികളും പ്രതിപക്ഷ കക്ഷികളും രം​ഗത്തെത്തിയിട്ടുണ്ട്. ബിഹാറില്‍ ഗ്രാമീണ മേഖലകളില്‍ പ്രതിഷേധത്തിനിടെ സംഘര്‍ഷം ഉണ്ടായി. റെയില്‍വേ സ്റ്റേഷന്‍ അടിച്ചുതകര്‍ത്തു. മുസോഡിയില്‍ അക്രമികള്‍ റെയില്‍വേ സ്റ്റേഷന് തീയിട്ടു. പ്രതിപക്ഷ പാർട്ടികളുടെ ബന്ദിനിടെ ബിഹാറില്‍ അങ്ങിങ്ങ് സംഘര്‍ഷമുണ്ടായി. ജെനാദാബാദിൽ പൊലീസും സമരക്കാരും തമ്മിൽ സംഘർഷമുണ്ടായി ബസുകൾ അടക്കം കത്തിച്ചു. ഇതിനിടെ ബിഹാറിൽ ഇൻ്റർനെറ്റ് നിയന്ത്രണം ആറ് ജില്ലകളിൽ കൂടി നീട്ടി. 

അഗ്നിപഥിൽ രാജ്യത്ത് യുവജനരോഷം കത്തുന്നു,പലയിടത്തും അക്രമം, ബിഹാറിൽ രൂക്ഷം,പദ്ധതിയുമായി മുന്നോട്ടെന്ന് കേന്ദ്രം

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അഗ്നിപഥിനെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമാകുകയാണ്. കര്‍ഷക സമരത്തിന് പിന്നാലെ കേന്ദ്രത്തിനെതിരെ ഉയരുന്ന വ്യാപക പ്രതിഷേധം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്ക് മുന്‍പുള്ള പ്രതിപക്ഷ നീക്കത്തിന് ബലം പകരുന്നതാണ്. രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളെ പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണക്കണമെന്ന് സിപിഎം ആഹ്വാനം ചെയ്തു. രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുമ്പോള്‍ പദ്ധതി സേനയ്ക്കും ദേശ സുരക്ഷയ്ക്കും തിരിച്ചടിയാകുമോയെന്ന് പരിശോധിക്കാന്‍ റിട്ട സുപ്രീംകോടതി ജഡ്ജി അധ്യക്ഷനായ സമിതിയെ നിയോഗിക്കണമെന്ന ആവശ്യം ദില്ലി സ്വദേശിയായ അഭിഭാഷകനാണ് സുപ്രീംകോടതിക്ക് മുന്‍പില്‍ വച്ചിരിക്കുന്നത്.