കേരളത്തിൽ വർധിച്ചുവരുന്ന വൈദ്യുതി ഉപഭോഗം നിയന്ത്രിക്കുന്നതിനായി ഊർജകാര്യക്ഷമ കെട്ടിടങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത വൈദ്യുതി മന്ത്രി ഊന്നിപ്പറഞ്ഞു. എനർജി മാനേജ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്കായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടി, ഊർജകാര്യക്ഷമ കെട്ടിടചട്ടങ്ങൾ നടപ്പാക്കുന്നതിന് ലക്ഷ്യമിടുന്നു.
തിരുവനന്തപുരം: അതിവേഗ നഗരവൽക്കരണം നടക്കുന്ന കേരളത്തിൽ കെട്ടിടമേഖലയിലെ വൈദ്യുതി ഉപഭോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഊർജകാര്യക്ഷമ കെട്ടിടങ്ങൾ പ്രോത്സാഹിപ്പിക്കുകയും ഊർജകാര്യക്ഷമ കെട്ടിടചട്ടങ്ങൾ ഫലപ്രദമായി നടപ്പാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. നഗര തദ്ദേശ സ്ഥാപനങ്ങളിൽ കാർബൺ വിമുക്തീകരണവും ഊർജകാര്യക്ഷമ കെട്ടിടചട്ടങ്ങളുടെ നടപ്പാക്കലും ലക്ഷ്യമിട്ട് എനർജി മാനേജ്‌മെന്റ് സെന്റർ, കില, ജി.ബി.പി.എൻ ഇന്ത്യ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല പരിശീലന പരമ്പരയുടെ ഉദ്ഘാടനം തിരുവനന്തപുരം ഹോട്ടൽ റെസിഡൻസി ടവറിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികൾ നേരിടുന്നതിനും ഊർജ ഉപഭോഗം കുറയ്ക്കുന്നതിനും സുസ്ഥിര നഗരവികസനം ഉറപ്പാക്കുന്നതിനും ഊർജകാര്യക്ഷമ കെട്ടിടനിർമാണ രീതികളും കെട്ടിടചട്ടങ്ങളും തദ്ദേശ സ്ഥാപനങ്ങൾ ഫലപ്രദമായി നടപ്പാക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി അധ്യക്ഷത വഹിച്ചു.
ഉദ്ഘാടനച്ചടങ്ങിന് ശേഷം ഊർജകാര്യക്ഷമ കെട്ടിടചട്ടങ്ങൾ, കെട്ടിടമേഖലയിലെ കാർബൺ ഉദ്വമനം കുറയ്ക്കുന്നതിനുള്ള മാർഗങ്ങൾ, സുസ്ഥിര നഗരവികസനം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ സാങ്കേതിക സെഷനുകൾ നയിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള വിവിധ കോർപ്പറേഷനുകളുടെയും നഗരസഭകളുടെയും ജനപ്രതിനിധികൾ പരിശീലനത്തിൽ പങ്കെടുത്തു. എനർജി മാനേജ്‌മെന്റ് സെന്റർ ഡയറക്ടർ ഡോ ആർ ഹരികുമാർ സ്വാഗതമാശംസിച്ചു. ജി ബി പി എൻ കൺട്രി മാനേജിംഗ് ഡയറക്ടർ ഡോ. സുനിത പുരുഷോത്തം നന്ദി രേഖപ്പെടുത്തി.


