
കൊച്ചി: എൻസിപിയല്ല ആര് പുറത്ത് പോയാലും ഇടത് മുന്നണിക്ക് ക്ഷീണമില്ലെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. ഇടത് മുന്നണിക്ക് ക്ഷീണമുണ്ടാക്കുന്നതൊന്നും ഇപ്പോൾ കേരളത്തിൽ ഇല്ലെന്നും കടന്നപ്പള്ളി കൊച്ചിയിൽ പറഞ്ഞു. എ കെ ശശീന്ദ്രൻ അല്ല ആര് കോൺഗ്രസ് എസിലേക്ക് വന്നാലം സ്വീകരിക്കാൻ തയ്യാറാണെന്നും കടന്നപ്പള്ളി വ്യക്തമാക്കി.
എൻസിപി ഇടത് മുന്നണി വിടുകയാണെങ്കിൽ എ കെ ശശീന്ദ്രൻ പാർട്ടി വിട്ട് കോൺഗ്രസ് എസിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മന്ത്രിയുടെ പ്രതികരണം. പാലാ സീറ്റിനെച്ചൊല്ലിയുള്ള വിവാദങ്ങൾ കത്തി നിൽക്കുമ്പോഴും എൻസിപി ഇടത് മുന്നണിയിൽ തുടരണമെന്ന അഭിപ്രായമാണ് തുടക്കം മുതൽ ശശീന്ദ്രൻ സ്വീകരിച്ചത്. എൻസിപി മുന്നണി വിടുകയാണെങ്കിൽ സ്വന്തം പാട്ടി രൂപീകരിച്ച് എൽഡിഎഫിൽ തുടരുകയോ കോൺഗ്രസ് എസിൽ ചേരുകയോ ചെയ്യാനാണ് സാധ്യത.
നിലവിൽ ശശീന്ദ്രൻ്റെ സിറ്റിംഗ് മണ്ഡലമായ ഏലത്തൂർ ഏറ്റെടുത്ത് മത്സരിക്കണമെന്ന് സിപിഎം പ്രാദേശിക നേതൃത്വത്തിന് അഭിപ്രായമുണ്ട്. കോൺഗ്രസ് എസ്സിലേക്ക് പോകുകയാണെങ്കിൽ ശശീന്ദ്രനെ മണ്ഡലം മാറ്റി മത്സരിപ്പിച്ചേക്കും.