
തിരുവനന്തപുരം: തൃശ്ശൂർ കയ്പമംഗലത്തെ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ മറച്ചുവെച്ച് കേന്ദ്ര സർക്കാരിന്റെ മേൽ കുറ്റം ചുമത്താനുള്ള മുഖ്യമന്ത്രിയുടെ ശ്രമം അപലപനീയമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ.
എട്ട് വിദ്യാർത്ഥികളുടെ ജീവൻ നഷ്ടപ്പെട്ട ദുരന്തത്തിൽ കേരളം മുഴുവൻ ദുഃഖത്തിലായിരിക്കെ അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് തുടർനടപടികൾ അടിയന്തരമായി സ്വീകരിക്കുന്നതിന് പകരം കുറ്റം മറ്റുള്ളവരുടെ മേൽ ചുമത്താനുള്ള സമീപനമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ദേശീയപാത നിർമ്മാണം കേന്ദ്ര സർക്കാരിന്റെ ചുമതലയാണെങ്കിലും, ദേശീയപാതയിൽ പട്രോളിംഗ് നടത്തുക, അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുക, ഗതാഗത നിയമങ്ങൾ കർശനമായി നടപ്പാക്കുക എന്നിവ സംസ്ഥാന പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും ഉത്തരവാദിത്വമാണ്. അതിൽ വീഴ്ച വരുത്തിയതിന്റെ പരിണിതഫലമാണ് 8 വിദ്യാർഥികൾക്ക് ജീവൻ നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.
റോഡിന്റെ പ്രധാന ഭാഗത്ത് വലിയ വാഹനം അനധികൃതമായി പാർക്ക് ചെയ്തിട്ടും അത് കണ്ടെത്തി നീക്കം ചെയ്യുന്നതിൽ സംസ്ഥാന ട്രാഫിക് സംവിധാനത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സംസ്ഥാന സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ല. എഐ ക്യാമറകളിലൂടെ വാഹനങ്ങളിൽ നിന്ന് പിഴ ഈടാക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും, അതേസമയം റോഡുകളിൽ ഗുരുതരമായ നിയമലംഘനം നടത്തുന്ന ഭാരവാഹനങ്ങൾക്കെതിരെ സമയബന്ധിതമായി നടപടി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ല. ഗതാഗത നിയമങ്ങൾ നടപ്പാക്കുന്നതിലും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും സർക്കാർ കൂടുതൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണം.
സ്വന്തം വീഴ്ചകൾ മറച്ചുവെക്കുന്നതിനായി കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുന്ന രാഷ്ട്രീയ സമീപനം അവസാനിപ്പിച്ച് സംസ്ഥാന സർക്കാർ യഥാർഥ ഉത്തരവാദിത്വം ഏറ്റെടുക്കണം. കേരളത്തിലെ ജനങ്ങൾക്ക് വേണ്ടത് പ്രശ്നങ്ങളുണ്ടാകുമ്പോൾ അതിൽനിന്ന് ഒഴിഞ്ഞുമാറുന്ന സർക്കാരിനെയല്ല, നിയമം കൃത്യമായി നടപ്പാക്കി പൗരന്മാരുടെ ജീവനും സുരക്ഷയും ഉറപ്പാക്കുന്ന ഉത്തരവാദിത്വമുള്ള സർക്കാരിനെയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും രാജീവ് ചന്ദ്രശേഖർ അറിയിച്ചു. കുടുംബങ്ങൾക്ക് തന്റെ ഹൃദയംഗമമായ അനുശോചനവും അദ്ദേഹം രേഖപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam