
കൊച്ചി: എറണാകുളം മൂഴിക്കുളത്ത് മൂന്നു വയസുകാരി കല്യാണിയെ പുഴയിൽ എറിഞ്ഞു കൊന്ന സംഭവത്തിൽ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും. എറണാകുളം റൂറൽ പോലീസിൻ്റേതാണ് തീരുമാനം. അമ്മ സന്ധ്യ ഇപ്പോൾ ചെങ്ങമനാട് പോലീസിന്റെ കസ്റ്റഡിയിലാണ്, ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കുഞ്ഞിനെ പുഴയിൽ എറിയാൻ ഉണ്ടായ സാഹചര്യം പൊലീസ് പരിശോധിക്കുകയാണ്. സന്ധ്യയും ഭർത്താവിന്റെ കുടുംബവുമായുള്ള പ്രശ്നങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇന്നലെ കാണാതായ കുട്ടിയുടെ മൃതദേഹം പുലർച്ചെ മൂന്ന് മണിയോടെയാണ് ചാലക്കുടി പുഴയിൽ നിന്ന് കണ്ടെത്തിയത്. മൂഴിക്കുളം പാലത്തിനൽ നിന്ന് കുഞ്ഞിനെ താൻ പുഴയിലേക്ക് എറിഞ്ഞതാണെന്ന് അമ്മ സന്ധ്യ മൊഴി നൽകിയിട്ടുണ്ട്.
കോരിച്ചൊരിയുന്ന മഴയിലായിരുന്നു എട്ടര മണിക്കൂറോളം നീണ്ട തെരച്ചിൽ എറണാകുളത്ത് നടന്നത്. ഒടുവിൽ മൂന്ന് മണിയോടെ മൂഴിക്കുളം പാലത്തിനടിയിൽ നിന്ന് മൂന്ന് വയസുകാരിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അങ്കണവാടിയിൽ നിന്ന് അമ്മ കൂട്ടിക്കൊണ്ട് പോയ കുഞ്ഞാണ് ചേതനയറ്റ ശരീരമായി പുഴയിൽ കിടന്നത്. ലോകത്ത് ഏറ്റവും സുരക്ഷിതമെന്ന് കരുതിയ അമ്മയുടെ തന്നെ കൈകളാണ് പിഞ്ചോമനയുടെ ജീവനെടുത്തത്. കുഞ്ഞിനെ കാണാതായതുമായി ബന്ധപ്പെട്ട് തുടക്കം മുതൽ പരസ്പര വിരുദ്ധമായ മൊഴികളാണ് അമ്മ നൽകിയിരുന്നത്. ഒടുവിൽ പുഴയിൽ എറിഞ്ഞ് കളഞ്ഞുവെന്ന് പറഞ്ഞതും അവർ തന്നെയാണ്. കൊടുംക്രൂരതയുടെ കാരണം എന്തെന്ന് സന്ധ്യ ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല.
അമ്മയ്ക്ക് മാനസിക പ്രയാസങ്ങളുണ്ടെന്നായിരുന്നു ബന്ധുക്കൾ ഇന്നലെ പൊലീസിനോട് പറഞ്ഞത്. എന്നാൽ പൊലീസിത് മുഖവിലക്കെടുത്തിട്ടില്ല. സംഭവത്തിൽ സന്ധ്യയുടെ ഭർത്താവിൻ്റെ വീട്ടുകാരെയടക്കം ഇന്ന് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. കുഞ്ഞിൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് വിട്ടുകൊടുക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam