
കണ്ണൂർ: കണ്ണൂർ ജില്ലയിൽ തുടർച്ചയായി കൊവിഡ് പൊസീറ്റീവ് കേസുകൾ വരുന്ന സാഹചര്യത്തിൽ വിശദീകരണവുമായി ജില്ലാ ഭരണകൂടം. മറ്റു ജില്ലകളിൽ നിന്ന് വ്യത്യസ്ഥമായി രോഗലക്ഷണങ്ങൾ ഇല്ലാഞ്ഞിട്ടും വിദേശത്ത് നിന്ന് വന്ന മുഴുവൻ ആളുകളുടെയും സ്രവ പരിശോധന കണ്ണൂരിൽ നടത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇങ്ങനെ വിദേശത്തു നിന്നും വന്ന 346 പേരെ പരിശോധിച്ചതിൽ നിന്നാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ 16 പേർക്ക് കൊവിഡ് പോസറ്റീവായത്.
ബാക്കിയുള്ള 214 പേരുടെ പരിശോധന ഫലം രണ്ട് ദിവസത്തിനകം എത്തും. ഇതോടെ കണ്ണൂരിലുള്ള ആശങ്ക അകലുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി കണ്ണൂരിൽ നിന്നും തുടർച്ചയായി കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വലിയ ആശങ്കയാണ് ജില്ലയിൽ നിലനിൽക്കുന്നത്. ഈ സാഹചര്യത്തിലാണ് മെഡിക്കൽ ഓഫീസർ ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള കണ്ണൂരിൽ അനാശ്യമായി പുറത്തിറങ്ങിയാൽ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. മെയ് മൂന്ന് വരെ ജില്ലയിൽ പൊലീസിന്റെ ട്രിപ്പിൾ ലോക്ക് സുരക്ഷയായിരിക്കും. ഗ്രാമങ്ങളെല്ലാ ഇതിനോടകം അടച്ചു കഴിഞ്ഞു. ഹോട്ട് സ്പോട്ടായി നിശ്ചയിച്ച 18 കേന്ദ്രങ്ങളിൽ മരുന്ന് ഉൾപ്പെടെയുള്ള സാധനങ്ങൾ വളണ്ടിയർമാർ വീടുകളിലെത്തിക്കും. മറ്റിടങ്ങളിൽ അവശ്യ സാധനങ്ങളുടെ കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ തുറക്കൂ.
ജില്ലയെ മൂന്ന് സബ് ഡിവിഷനുകളാക്കി എസ്പിമാരെ ചുമതലയേൽപിച്ചു. ഐജി അശോക് യാദവിനാണ് മേൽനോട്ട ചുമതല. ഇന്നലെ വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയ 373 പേരെ അറസ്റ്റ് ചെയ്തു. ജില്ലയിൽ 53 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.
കണ്ണൂർ ന്യൂമാഹിയിൽ ലോക്ക്ഡൗൺ ലംഘിച്ച് പള്ളിയിൽ പ്രാർത്ഥനക്കെത്തിയ നാല് പേരെ പിടികൂടി കൊവിഡ് നീരീക്ഷണ കേന്ദ്രത്തിലേക്കയച്ചു. എട്ട് പേരുണ്ടായിരുന്ന സംഘത്തിൽ നാല് പേർ പൊലീസ് എത്തിയതോടെ ഓടി രക്ഷപ്പെട്ടു. ജില്ലയിൽ ഇന്ന് അനാവശ്യമായി പുറത്തിറങ്ങിയ 266 പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്.
ന്യൂമാഹി പെരിങ്ങാടിയിലെ ജുമാ മസ്ജിദിലാണ് പുലർച്ചെ അഞ്ചോടെ ആളുകൾ നിസ്ക്കാരത്തിനെത്തിയത്. ദിവസങ്ങളായി ഇവിടെ രഹസ്യമായി പ്രാർത്ഥന നടക്കുന്നുണ്ടെന്ന വിവരം പൊലീസിന് കിട്ടിയിരുന്നു. പൊലീസ് എത്തിയതോടെ നാല് പേർ ഓടി രക്ഷപ്പെട്ടു. ഉസ്താദ് ഉൾപ്പെടെ നാല് പേരെ പിടികൂടി. എട്ട് പേർക്കെതിരെയും ലോക്ക്ഡൗൺ ലംഘനത്തിന് കേസെടുത്തു. ജില്ലാ ഭരണകൂടം റെഡ്സോൺ മേഖലയായി പ്രഖ്യാപിച്ച പഞ്ചായത്താണ് ന്യൂമാഹി.
മുൻകരുതലിന‍്റെ ഭാഗമായി പിടികൂടിയ നാല് പേരെയും 108 ആംബുൻലൻസിൽ കണ്ണൂരിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് അയച്ചു.പതിനാല് ദിവസം ഇവർ നീരീക്ഷണത്തിൽ തുടരണം. അനാവശ്യമായി പുറത്തിറങ്ങുന്നവരെയെല്ലാം അറസ്റ്റ് ചെയ്ത് കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്കയക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam