ആന്തൂർ നഗരസഭാ അധ്യക്ഷക്കെതിരെ അച്ചടക്ക നടപടി വരും: സിപിഎം യോഗത്തിൽ വികാരാധീനയായി പി കെ ശ്യാമള

By Web TeamFirst Published Jun 21, 2019, 7:42 AM IST
Highlights

കണ്ണൂരിൽ സിപിഎം പ്രതിരോധത്തിലാവുന്ന തുടർച്ചയായ രണ്ടാമത്തെ സംഭവമാവുകയാണ് പ്രവാസി വ്യവസായിയുടെ ആത്മഹത്യ. പ്രശ്നം ചർച്ച ചെയ്യാൻ ചേർന്ന സിപിഎം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി യോഗത്തിൽ പി കെ ശ്യാമളയ്ക്ക് എതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. 

കണ്ണൂർ: പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയില്‍ കണ്ണൂരിൽ സിപിഎം പ്രതിരോധത്തിൽ. നഗരസഭാ അധ്യക്ഷ ശ്യാമളയ്ക്ക് എതിരെ പാർട്ടിയുടെ താഴെത്തട്ടിലും എതിർപ്പ് ഉയരുകയാണ്. സിപിഎം പ്രതിരോധത്തിലാവുന്ന തുടർച്ചയായ രണ്ടാമത്തെ സംഭവമാവുകയാണ് പ്രവാസി വ്യവസായിയുടെ ആത്മഹത്യ.

സിഒടി നസീർ വിഷയത്തിന് പിന്നാലെ, ആന്തൂരിലും ആരോപണം അവസാനിപ്പിക്കാൻ ഇടപെട്ട സിപിഎം നേതാക്കൾ കുടുംബത്തിന് പാർട്ടിയുടെ അന്വേഷണവും നടപടിയും ഉറപ്പ് നൽകിയിട്ടുണ്ട്. പ്രശ്നം ചർച്ച ചെയ്യാൻ ചേർന്ന സിപിഎം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി യോഗത്തിൽ പി കെ ശ്യാമളയ്ക്ക് എതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. യോഗത്തിൽ പികെ ശ്യാമള വികാരാധീനയായി. നാളെ വിഷയത്തിൽ പൊതു വിശദീകരണം നൽകാൻ തലശ്ശേരിയിൽ സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം വിളിക്കും.

സി ഒ ടി നസീർ വിഷയത്തിൽ ആരോപണമുയർന്ന് ദിവസങ്ങൾ പിന്നിടും മുൻപേയാണ് ആന്തൂരിലും സിപിഎമ്മിനുള്ളിലെ വിഭാഗീയത ചർച്ചയാവുന്നത്. പി ജയരാജൻ ഇടപെട്ട പ്രവാസി വ്യവസായിയുടെ വിഷയത്തിൽ പി കെ ശ്യാമള എതിർ നിലപാടെടുത്തതാണ് കോൺഗ്രസും ബിജെപിയും ചർച്ചയാക്കുന്നത്.

എം വി ഗോവിന്ദൻ മാസ്റ്ററെയും മറികടന്ന് പി ജയരാജനിടപെട്ട് സാജന് അനുകൂലമായി ആദ്യഘട്ടത്തിൽ വന്ന തീരുമാനത്തിൽ മറുപക്ഷത്തിന്റെ അതൃപ്തി പദ്ധതിയെ തന്നെ ബാധിച്ചുവെന്നാണ് ആക്ഷേപം. ഇതേ ആന്തൂർ നഗരസഭയിലാണ് ഉഡുപ്പക്കുന്നിൽ ഇ പി ജയരാജന്‍റെ മകന് പങ്കാളിത്തമുള്ള ആയുർവേദ റിസോർട്ട് കുന്നിടിച്ച് നിർമ്മാണം നടക്കുന്നത്. 

പാർട്ടിയുമായി അടുത്ത ബന്ധം നിലനിർത്തിയ സാജന്‍റെ ആത്മഹത്യയോടെ രണ്ടുനീതിയെന്ന തരത്തിൽ നഗരസഭക്കെതിരെ സിപിഎം ഗ്രൂപ്പുകളിൽപ്പോലും എതിർപ്പ് രൂക്ഷമാണ്. സംഭവം പാർട്ടി കേന്ദ്രങ്ങളിൽ പോലും ചർച്ചയാകുന്ന സാഹചര്യത്തിലാണ് തളിപ്പറമ്പ് ഏരിയാ കമ്മിറ്റി യോഗം ചേരുന്നത്. നഗരസഭാധ്യക്ഷക്കെതിരെ എതിർപ്പ് താഴെത്തട്ടിൽ വരെ രൂക്ഷമാണ്. ആന്തൂർ നഗരസഭയിലെ സമാനമായ പദ്ധതികൾക്ക് നേരിട്ട തടസ്സങ്ങൾ വ്യക്തമാക്കി കൂടുതൽ പേർ രംഗത്ത് വരാനാണ് സാധ്യത.

15 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന്‌ പ്രവര്‍ത്താനുമതി നല്‍കാത്തതില്‍ മനംനൊന്താണ്‌ പ്രവാസി വ്യവസായിയായ കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയില്‍ കഴിഞ്ഞ ദിവസം മുമ്പ്‌ ആത്മഹത്യ ചെയ്‌തത്‌. നൈജീരിയയില്‍  ജോലി ചെയ്ത് മൂന്ന് വര്‍ഷം മുന്‍പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂര്‍ ബക്കളത്ത്  സാജൻ ഓഡിറ്റോറിയം നിർമ്മാണം തുടങ്ങിയത്. 

തുടക്കം മുതല്‍ ഓഡിറ്റോറിയത്തിനെതിരെ നഗരസഭ പലവിധത്തിലുള്ള തടസ്സങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു ഘട്ടത്തില്‍ കെട്ടിടത്തിന്‍റെ ഒരു ഭാഗം പൊളിച്ച് നീക്കാന്‍ പോലും നഗരസഭാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതില്‍ മനംനൊന്താണ്‌ പ്രവാസി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് നാല് ഉദ്യോഗസ്ഥരെ ഇന്നലെ സസ്പെന്‍റ് ചെയ്തിരുന്നു.

Also Read: ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യ: നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ 

click me!