Asianet News MalayalamAsianet News Malayalam

ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യ: നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ

നഗരസഭാ സെക്രട്ടറി ഗിരീഷ് അസിസ്റ്റന്‍റ് എൻജിനീയര്‍ കലേഷ്, ഓവര്‍സിയര്‍മാരായ അഗസ്റ്റിൻ  സുധീര്‍ ബി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തത്. 

anthoor suicide issue four officers suspended says minister ac moideen
Author
Trivandrum, First Published Jun 20, 2019, 5:40 PM IST

തിരുവനന്തപുരം: ആന്തൂര്‍ നഗരസഭാ പരിധിയിൽ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി വൈകിച്ചതിൽ മനംനൊന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ. ആന്തൂര്‍ നഗരസഭാ സെക്രട്ടറി ഗിരീഷ് അസിസ്റ്റന്‍റ് എൻജിനീയര്‍ കലേഷ്, ഓവര്‍സിയര്‍മാരായ അഗസ്റ്റിൻ  സുധീര്‍ ബി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തത്.

 ചില കുറവുകൾ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. അനാവശ്യ കാലതാമസം വന്നിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്യുന്നത് എന്ന് തദ്ദേശ മന്ത്രി എസി മൊയ്ദീൻ പറഞ്ഞു. കുറ്റവാളികളെന്ന് കണ്ടെത്തിയാൽ സര്‍ക്കാര്‍ വെറുതെ വിടില്ലെന്നും മന്ത്രി എസി മൊയ്ദീൻ പറഞ്ഞു. 

കെട്ടിട നിര്‍മ്മാണ ചടങ്ങളിൽ വീഴ്ച ഉണ്ടോ അനാവശ്യ കാലതാമസം വരുത്തിയോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ച് പത്ത് ദിവസത്തിനകം റിപ്പോ‍ട്ട് നൽകാൻ രണ്ട് അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സമഗ്രമായി പഠിച്ച ശേഷം പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നൽകാനാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും മന്ത്രി വിശദീകരിച്ചു.

പ്രവാസി സംരഭങ്ങൾക്കടക്കം മികച്ച പരിഗണന നൽകുക എന്നതാണ് സര്‍ക്കാര്‍ നയം. അനാവശ്യ കാലതാമസം അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രിപറഞ്ഞു. കെട്ടിക്കിടക്കുന്ന ഫയലുകളിൽ തീര്‍പ്പാക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ  അദാലത്തുകൾ സംഘടിപ്പിക്കും. തദ്ദേശ മന്ത്രി തന്നെ നഗരസഭകളിൽ നടക്കുന്ന അദാലത്തുകളിൽ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. 

15 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന്‌ പ്രവര്‍ത്താനുമതി നല്‍കാത്തതില്‍ മനംനൊന്താണ്‌ പ്രവാസി വ്യവസായിയായ കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയില്‍ രണ്ട്‌ ദിവസം മുമ്പ്‌ ആത്മഹത്യ ചെയ്‌തത്‌. നൈജീരിയയില്‍  ജോലി ചെയ്ത് സാജന്‍ മൂന്ന് വര്‍ഷം മുന്‍പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂര്‍ ബക്കളത്ത്  സാജൻ ഓഡിറ്റോറിയം നിർമ്മാണം തുടങ്ങിയത്. 

തുടക്കം മുതല്‍ ഓഡിറ്റോറിയത്തിനെതിരെ നഗരസഭ പലവിധത്തിലുള്ള തടസ്സങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു ഘട്ടത്തില്‍  കെട്ടിടത്തിന്‍റെ ഒരു ഭാഗം പൊളിച്ച് നീക്കാന്‍ പോലും നഗരസഭാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios