
പത്തനംതിട്ട: പത്തനംതിട്ടയിൽ സിപിഎമ്മിൽ ചേർന്ന കാപ്പാ കേസ് പ്രതിക്കായി രാത്രി പൊതുവഴിയിൽ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷം നടത്തിയ സംഭവത്തിൽ 26 പേർക്കെതിരെ കേസെടുത്ത് മലയാലപ്പുഴ പൊലീസ്. ഇഡ്ഡലി എന്ന ശരൺ ചന്ദ്രൻ ഉൾപ്പെടെ 26 പേർക്കെതിരെയാണ് കേസ്. നിയമവിരുദ്ധമായി സംഘം ചേർന്ന് പൊതുഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചതിനാലാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. അടുത്തിടെ സിപിഎമ്മിൽ ചേർന്ന കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രൻ്റെ പിറന്നാൾ ആഘോഷമാണ് സിപിഎം - ഡിവൈഎഫ്ഐ പ്രവർത്തകർ ചേർന്ന് കഴിഞ്ഞദിവസം നടുറോഡിൽ സംഘടിപ്പിച്ചത്.
കഴിഞ്ഞ ദിവസമാണ് കാപ്പാ എന്ന് പ്രത്യേകം എഴുതിയ കേക്ക് സിപിഎം - ഡിവൈഎഫ്ഐ പ്രവര്‍ത്തകർ ചേർന്ന് സംഘടിപ്പിച്ച ആഘോഷത്തിൽ മുറിച്ചത്. അടുത്തിടെ സിപിഎമ്മിലെത്തിയ 62 പേരിൽ പ്രധാനിയായിരുന്നു ശരൺ ചന്ദ്രൻ. ശനിയാഴ്ച രാത്രി പൊതുനിരത്തിൽ സംഘടിപ്പിച്ച ശരണിന്‍റെ പിറന്നാൾ ആഘോഷത്തിൽ അമ്പതിലധികം യുവാക്കൾ ഒത്തുകൂടി.
കാറിന്‍റെ ബോണറ്റിൽ നിരത്തിവെച്ച കേക്കുകളിൽ കാപ്പാ എന്ന് എഴുതിയ കേക്കായിരുന്നു ഹൈലൈറ്റ്. വെറൈറ്റി ആഘോഷം റീലുകളാക്കി ഇവർ തന്നെ പ്രചരിപ്പിക്കുകയും ചെയ്തു. പരസ്യമായ ആഘോഷത്തിലൂടെ കാപ്പാ ചുമത്തിയ പൊലീസിനെ മാത്രമല്ല, ക്രിമിനൽ പശ്ചാത്തലമുള്ളവരെ പാർട്ടിയിലെടുത്തതിൽ കടുത്ത വിമർശനം ഉന്നയിച്ച ഒരു വിഭാഗം സിപിഎം നേതാക്കളെ കൂടിയാണ് സംഘം വെല്ലുവിളിക്കുന്നത്. മന്ത്രിയും ജില്ലാ സെക്രട്ടറിയും ചേർന്ന് ക്രിമിനൽ പശ്ചാത്തലമുള്ളവരെ മാലയിട്ടു പാർട്ടിയിലേക്ക് സ്വീകരിച്ചത് വലിയ വിവാദമായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam