ഇനി കാരുണ്യ ഇല്ല; സൗജന്യ ചികിത്സ ഒരു വിഭാഗത്തിന് മാത്രം

By Web TeamFirst Published Jun 30, 2019, 6:19 AM IST
Highlights

ആർ എസ് ബി വൈ, ചിസ് പ്ലസ് പദ്ധതികളില്‍ അംഗങ്ങളല്ലാത്തവര്‍ക്ക് ഇന്ന് മുതല്‍ സൗജന്യ ചികിത്സ ഇല്ല. പ്രശ്നം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ്.

കൊല്ലം: ആർ എസ് ബി വൈ, ചിസ് പ്ലസ് പദ്ധതികളില്‍ അംഗങ്ങളല്ലാത്തവര്‍ക്ക് ഇന്ന് മുതല്‍ സൗജന്യ ചികിത്സ ഇല്ല. കാരുണ്യ ചികിത്സാ പദ്ധതി വഴിയുള്ള രജിസ്ട്രേഷൻ ഇന്നലെ അവസാനിച്ചതോടെയാണിത്. സൗജന്യ ചികിത്സാ പദ്ധതിയില്‍ നിന്ന് കുറച്ചധികം പേര്‍ പുറത്താകുന്ന സ്ഥിതി ഉണ്ടെന്നും ഇത് പരിഹരിക്കാനുള്ള നടപടികള്‍ ആലോചിക്കുന്നുണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പ്രതികരിച്ചു.

ആര്‍ എസ് ബി വൈ, ചിസ് പ്ലസ് പദ്ധതികളില്‍ അംഗമല്ലാത്തവര്‍ക്കും കാരുണ്യ ബനെവലന്‍റ് ഫണ്ട് വഴി സൗജന്യ ചികിത്സ ലഭിച്ചിരുന്നു. ഡോക്ടര്‍ സാക്ഷ്യ പത്രം നൽകിയാല്‍ ഏത് തരം രോഗങ്ങൾക്കും ശസ്ത്രക്രിയകള്‍ക്കും കാരുണ്യയില്‍ നിന്ന് പരമാവധി മൂന്ന് ലക്ഷം രൂപ വരെ അനുവദിച്ചിരുന്നു. ചികിത്സയുടെ ഓരോ ഘട്ടത്തിലും ആശുപത്രികളുടെ അക്കൗണ്ടിലേക്കാണ് പണം എത്തിക്കുന്നത്. ഈ സൗജന്യമാണ് ഇപ്പോള്‍ നിലച്ചത്. ഇന്നലെ വരെ അപേക്ഷ നല്‍കിയവര്‍ക്ക് മാത്രമാകും കാരുണ്യ വഴിയുള്ള ചികിത്സ ലഭിക്കുകയെന്നാണ് സര്‍ക്കാർ ഉത്തരവില്‍ പറയുന്നത്. അതിന്‍റെ കാലാവധി ഡിസബര്‍ 31 വരെ മാത്രവും. 

നിലവില്‍ ആര്‍ എസ് ബി വൈ, ചിസ് പ്ലസ് പദ്ധതികളുടെ ആനുകൂല്യം കിട്ടിയിരുന്നവര്‍ക്ക് മാത്രമാണ് ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതിയില്‍ ചേരാനാകുക. ഇതോടെ സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന മറ്റുള്ളവരുടെ ഗുരുതര രോഗങ്ങള്‍ക്കുള്ള ചികിത്സ ഇനി എങ്ങനെ എന്നതില്‍ അവ്യക്തത തുടരുകയാണ്. ചെലവ് കൂടിയ ഹൃദയ ശസ്ത്രക്രിയകൾക്കും അവയവ മാറ്റ ശസ്ത്രക്രിയകൾക്കും വിധേയരാകുന്ന രോഗികളെയാണ് ഇത് സാരമായി ബാധിക്കുക.

click me!