
തൃശൂര്‍: വിവാദങ്ങൾക്ക് പിന്നാലെ നടനും തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിയെ വീട്ടിലേക്ക് സ്വാഗതം ചെയ്തുള്ള ഫേയ്സ്ബുക്ക് പോസ്റ്റിന് പിന്നാലെ വിഷയത്തില്‍ കൂടുതല്‍ വിശദീകരണവുമായി കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി. പരിചയക്കാരനായ ഡോക്ടറുടെ ഫോൺ വിളിയിലാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്നും പത്മഭൂഷൺ കിട്ടേണ്ടതല്ലേ എന്ന് ഡോക്ടർ ചോദിച്ചത് കേട്ടിട്ടാണ് മകൻ മാനസിക വിഷമത്തോടെ സംസാരിച്ചതെന്നും കലാമണ്ഡലം ഗോപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇക്കാര്യമാണ് മകൻ രഘു ഫേയ്സ്ബുക്കില്‍ എഴുതിയത്.
സുരേഷ് ഗോപിയോടുള്ള സ്നേഹം കാരണം താൻ അദ്ദേഹത്തെ എപ്പോഴും സ്വാഗതം ചെയ്യുന്നുണ്ട്. പക്ഷെ പത്മഭൂഷണ്‍ കിട്ടാൻ സുരേഷ് ഗോപിയെ സമീപിച്ചിട്ടില്ല. സമീപിക്കുകയും ഇല്ല. പത്മഭൂഷൺ കിട്ടാൻ വേണ്ടി അനുഗ്രഹിക്കണം എന്ന് ഡോക്ടർ പറഞ്ഞത് മാനസിക വിഷമം ഉണ്ടാക്കി. തുടർന്നാണ് മകൻ ഡോക്ടറോട് സംസാരിച്ചത്. പിന്നീടത് വേണ്ടായിരുന്നു എന്നു താൻ പറഞ്ഞപ്പോൾ മകൻ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. ഡോക്ടർ തൃശൂർ ജില്ലക്കാരനാണെന്നും പേരറിയില്ലെന്നും കഥകളി കാണാൻ വന്നുള്ള പരിചയമാണെന്നും കലാമണ്ഡലം ഗോപി പറഞ്ഞു.
കലാകാരൻ എന്ന നിലയ്ക്ക് എന്നെ സ്നേഹിക്കുന്ന ആർക്കും എപ്പോഴും തന്‍റെ വീട്ടിലേക്ക് വരാം. അതിനാരും തടസ്സം പറയില്ല. മകന് സുരേഷ് ഗോപി , മോഹൻലാൽ, മമ്മൂട്ടി എന്നിവരോട് വലിയ ബഹുമാനമുള്ളയാളാണെന്നും കലാമണ്ഡലം ഗോപി കൂട്ടിച്ചേര്‍ത്തു. സുരേഷ് ഗോപിക്ക് തന്‍റെ വീട്ടിലേക്ക് വരാനോ കാണാനോ ആരുടെയും അനുവാദം നോക്കേണ്ട എന്നാണ് കലാമണ്ഡലം ഗോപി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എന്താണ് സംഭവിച്ചതെന്ന് കലാമണ്ഡലം ഗോപി ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചത്.
സുരേഷ് ഗോപി വിവാദം അനാവശ്യമായിരുന്നു. സുരേഷ് ഗോപിക്ക് തന്നെ വിളിച്ച് കാര്യങ്ങൾ ചോദിക്കാമായിരുന്നു. വിളിക്കുമെന്ന് പ്രതീക്ഷിച്ചു. മറ്റുള്ളവരുടെ വാക്ക് കേട്ട് സുരേഷ് ഗോപി പ്രതികരിക്കരുതായിരുന്നു. സുരേഷ് ഗോപി പറഞ്ഞ കുത്തിതിരിപ്പുകാർ അദ്ദേഹത്തിന്‍റെ കൂടെ തന്നെ ഉള്ളവർ ആകാം.സുരേഷ് ഗോപിക്ക് വോട്ട് ചോദിച്ച് വീഡിയോ കൊടുക്കില്ല. ഞാൻ ആലത്തൂർ മണ്ഡലത്തിൽ ആണ്. സുരേഷ് ഗോപിയും താനും തമ്മിൽ സ്നേഹ ബന്ധം ആണ്. അത് രാഷ്ട്രീയത്തിന് ഉപയോഗിക്കേണ്ട.
ഞാൻ തൃശൂർ മണ്ഡലത്തിന് വോട്ട് ചോദിച്ചിട്ട് കാര്യമില്ല. താനൊരു ഇടതുപക്ഷ അനുഭാവിയാണെന്നും തൃശ്ശൂരിൽ വിഎസ് സുനിൽകുമാർ ജയിക്കണമെന്നാണ് ആഗ്രഹമെന്നും കലാമണ്ഡലം ഗോപി പറഞ്ഞു. സ്നേഹബന്ധത്തിന്‍റെ പേരിൽ സുരേഷ് ഗോപിയും മുരളീധരനും ജയിക്കണമെന്നും ആഗ്രഹമുണ്ട്. പക്ഷേ താൻ അടിയുറച്ച ഇടതുപക്ഷക്കാരനാണ്. ആലത്തൂരിൽ കെ രാധാകൃഷ്ണൻ ജയിക്കണം എന്നാണ് ആഗ്രഹമെന്നും കലാമണ്ഡലം ഗോപി കൂട്ടിച്ചേര്‍ത്തു.
കലാമണ്ഡലം ഗോപിയുടെ ഫേയ്സ്ബുക്ക് കുറിപ്പ്
'സുരേഷ് ഗോപിയും കലാമണ്ഡലം ഗോപിയായ ഞാനും വളരെക്കാലമായി സ്നേഹബന്ധം പുലർത്തി പോരുന്നവരാണ്. സുരേഷ് ഗോപിക്ക് എന്നെ കാണാനോ എന്റെ വീട്ടിലേക്കു വരാനോ ആരുടെയും അനുവാദം നോക്കേണ്ടതില്ല. എന്നും എപ്പോഴും സ്വാഗതം. അതുപോലെ എന്നെ സ്നേഹിക്കുന്നവർക്ക് എന്നെ കാണാൻ എപ്പോഴും വരാം’– കലാമണ്ഡലം ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.
തൃശ്ശൂരിൽ സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് മകൻ രഘുവിന്‍റെ ആരോപണം നേരത്തെ വിവാദമായിരുന്നു. സുരേഷ് ഗോപി കാണാനെത്തുമെന്നും അനുഗ്രഹിക്കണമെന്നും ഒരു ഡോക്ടർ നിർബന്ധിച്ചെന്ന് കലാമണ്ഡലം ഗോപിയുടെ മകൻ രഘുഗുരുകൃപ ഫേസ്ബുക്കിൽ വെളിപ്പെടുത്തിയതോടെയാണ് വിവാദങ്ങൾ തുടങ്ങിയത്. പറ്റില്ലെന്ന് പറഞ്ഞപ്പോൾ ആശാന് പത്മ വിഭൂഷൺ വേണ്ടേ എന്ന് ചോദിച്ചതായും മകൻ ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ കലാമണ്ഡലം ഗോപിയെ വിളിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
ഇതിന് പിന്നാലെ ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ രാധാകൃഷ്ണനായി കലാമണ്ഡലം ഗോപി വോട്ടഭ്യർത്ഥിച്ചതും ചര്‍ച്ചയായിരുന്നു. വീഡിയോ സന്ദേശത്തിലൂടെയാണ് കലാമണ്ഡലം ഗോപിയുടെ വോട്ടഭ്യർത്ഥന. മന്ത്രിയായ കെ രാധാകൃഷ്ണനെ വിജയിപ്പിക്കണമെന്ന് കലാമണ്ഡലം ഗോപി വീഡിയോയില്‍ പറഞ്ഞിരുന്നു. കെ രാധാകൃഷ്ണന്റെ പ്രവൃത്തിയെപ്പറ്റിയും സ്വഭാവത്തെപ്പറ്റിയും തനിക്ക് നല്ലതുപോലെ ബോധ്യമുണ്ടെന്നും ആ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് വോട്ടഭ്യർത്ഥിക്കുന്നതെന്നും കലാമണ്ഡലം ഗോപി പറഞ്ഞിരുന്നു.
ഭാഗ്യം തുണച്ചു, കോട്ടയത്ത് പഞ്ചായത്ത് ഭരണം തിരിച്ച് പിടിച്ച് കോണ്‍ഗ്രസ്