
ഇടുക്കി: ഇടുക്കി: കട്ടപ്പനയിൽ ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ മാൻ ഹോളിൽ ഇറങ്ങിയ മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം. തമിഴ്നാട് കമ്പം സ്വദേശി ജയരാമൻ, ഗൂഡല്ലൂർ സ്വദേശികളായ സുന്ദരപാണ്ഡ്യൻ, മൈക്കിൾ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിക്കാണ് അപകടം ഉണ്ടായത്. മാൻ ഹോളിലേക്ക് ആദ്യം ഇറങ്ങിയ ഒരാൾ കുടുങ്ങി. ഇയാളെ രക്ഷിക്കാൻ പിന്നാലെ ഇറങ്ങിയ രണ്ട് പേരും ടാങ്കിൽ അകപ്പെടുകയായിരുന്നു. ഒന്നര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ മൂന്ന് പേരെയും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ കട്ടപ്പന താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
ആദ്യം ഓടയിൽ ഇറങ്ങിയ ആളെ കാണാതായതോടെ മറ്റ് രണ്ട് പേർ കൂടെ ഓടയിലേക്ക് ഇറങ്ങുകയായിരുന്നു എന്നാണ് വിവരം. പിന്നീട് മൂവരെയും കാണാതായതോടെ നാട്ടുകാർ ഫയർ ഫോഴ്സിൽ വിവരം അറിയിച്ചു. ഫയർ ഫോഴ്സ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ദാരുണമായ അപകടത്തിനാണ് കട്ടപ്പന സാക്ഷിയായത്.