
തിരുവനന്തപുരം: മകള്‍ വീണയ്‌ക്കെതിരെ കഴിഞ്ഞ കാലങ്ങളില്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ മനസ് തുറന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൃത്യമായി തന്നെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് ഉപയോഗിക്കുന്നതാണ് ഇത്തരം വിവാദങ്ങള്‍ എന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മകള്‍ക്കെതിരായ ആരോപണങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും കൂടുതല്‍ വിശദീകരങ്ങള്‍ നല്‍കുന്നത് കൊണ്ട് പ്രയോജനങ്ങളൊന്നുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് പിണറായിയുടെ പ്രതികരണം.
‘മകള്‍ക്കെതിരായ ആരോപണങ്ങളില്‍ ഞാൻ കൂടുതല്‍ വിശദീകരണത്തിന് പോകാറില്ല. സാധാരണ ഒരു വിശദീകരണം കൊണ്ട് ഒഴിവാക്കാനാവുന്ന ഒന്നല്ല ഇത്തരം വിവാദങ്ങള്‍. ഇത്തരം ആരോപണങ്ങള്‍ ബോധപൂർവ്വം സൃഷ്‌ടിക്കപ്പെടുന്ന ഒരു കാര്യമായതുകൊണ്ടുതന്നെ അവ സൃഷ്‌ടിക്കപ്പെട്ടുകൊണ്ടേയിരിക്കും. അതിനെ കുറിച്ച് ആലോചിച്ച് വേവലാതിപ്പെടുന്നുണ്ടെങ്കിൽ ആണ് വിശദീകരണത്തിന് പോകേണ്ടത് എന്നാണ് എന്‍റെ ഒരു വിശ്വാസം. അതിനാല്‍ തന്നെ ഇത്തരം കാര്യങ്ങളില്‍ ഞാൻ വിശദീകരണത്തിന് മുതിരാറില്ല’.
'ഇത്തരം വിവാദങ്ങളില്‍ പാർട്ടിക്ക് അകത്ത് പ്രശ്‌നങ്ങളൊന്നുമില്ല. ഇത്തരം ആരോപണങ്ങള്‍ കൃത്യമായി എന്നെ ടാര്‍ഗറ്റ് ചെയ്‌തുകൊണ്ടുള്ള ആക്രമണത്തിന് ഉപയോഗിക്കുന്നതാണ്. അതല്ലേ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചില ആളുകളെ അവതരിപ്പിച്ചുകൊണ്ട് ചില ആരോപണങ്ങൾ ഉയര്‍ന്നുവന്നത്. അപ്പോള്‍, എന്‍റെ കൊച്ചുമോൻ ചോദിച്ച ചോദ്യം "എന്താ എന്നെക്കുറിച്ച് ഒന്നും പറയാതിരുന്നത്" എന്നാണ്. അവരെ മാത്രമേ ഒഴിവാക്കിയിരുന്നുള്ളൂ. ബാക്കി എല്ലാവരെക്കുറിച്ചും അവർ പറഞ്ഞിരുന്നു. ഇതൊക്കെ ഒരു തമാശയിൽ എടുക്കുന്ന രീതിയാണ് എന്‍റെ വീട്ടിലുള്ളത്. കാരണം, ഇതൊന്നും ഒരു അതീവ ഗൗരവമുള്ള കാര്യമായിട്ട് സാധാരണ എടുക്കാറില്ല. പല ആരോപണങ്ങളും വരും, അത് ആ നിലക്ക് കാണുക എന്നതാണ് രീതി'- മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam