യുഡിഎഫ് ഏറ്റവും അധികം പ്രതീക്ഷ വയ്ക്കുന്ന ജില്ല; എറണാകുളത്ത് യുഡിഎഫ് സീറ്റ് വർധിപ്പിക്കുമോ? വിജയപ്രതീക്ഷയിൽ മുന്നണികൾ

Published : Apr 08, 2026, 03:41 PM ISTUpdated : Apr 08, 2026, 04:04 PM IST
Kerala Assembly Election 2026 Ernakulam

Synopsis

പരമ്പരാഗത യുഡിഎഫ് കോട്ടയായ എറണാകുളം ജില്ലയിൽ ഇത്തവണയും മേൽക്കൈ നിലനിർത്താൻ ഐക്യമുന്നണി ലക്ഷ്യമിടുന്നു. സിറ്റിംഗ് സീറ്റുകൾ നിലനിർത്തുന്നതിനൊപ്പം അട്ടിമറികൾ ലക്ഷ്യമിട്ട് ഇടതുമുന്നണിയും, ട്വന്റി 20യുമായി ചേർന്ന് നേട്ടമുണ്ടാക്കാൻ എൻഡിഎയും രംഗത്തുണ്ട്. ജില്ലയിലെ 14 മണ്ഡലങ്ങളിലെയും രാഷ്ട്രീയ സാഹചര്യങ്ങളും സ്ഥാനാർത്ഥി വിശേഷങ്ങളും ഈ ലേഖനം വിലയിരുത്തുന്നു.

14 സീറ്റുകളാണ് എറണാകുളം ജില്ലയില്‍. 2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ എല്‍ഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോഴും യുഡിഎഫിന് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞ ജില്ലയാണ് എറണാകുളം. ജില്ലയിലെ 9 സീറ്റുകളില്‍ ജയിക്കാന്‍ അന്ന് യുഡിഎഫിന് കഴിഞ്ഞു. 5 സീറ്റിലായിരുന്നു ഇടത് വിജയം.

പൊതുവില്‍ യുഡിഎഫ് കോട്ടയായി അറിയപ്പെടുന്ന ജില്ലയാണ് എറണാകുളം. സംസ്ഥാനത്ത് യുഡിഎഫിന് ഭരണം കിട്ടിയ ഘട്ടങ്ങളിലൊക്കെയും പത്തിലേറെ സീറ്റുകളില്‍ എറണാകുളത്ത് മുന്നണി ജയിച്ചിട്ടുണ്ടെന്നതാണ് ചരിത്രം. ഭരണത്തിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന യുഡിഎഫ് ഇക്കുറി ഏറ്റവുമധികം പ്രതീക്ഷ വയ്ക്കുന്ന ജില്ലയാണ് എറണാകുളം. പ്രതിപക്ഷ നേതാവിന്‍റെ സ്വന്തം ജില്ലയില്‍ പതിനാലില്‍ പതിനാല് സീറ്റും ജയിക്കാവുന്ന അന്തരീക്ഷമുണ്ടെന്ന് യുഡിഎഫ് വിലയിരുത്തുന്നു. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ജില്ലയിലെ മണ്ഡലങ്ങളില്‍ എല്ലായിടത്തും നേടാന്‍ കഴിഞ്ഞ വമ്പിച്ച ഭൂരിപക്ഷവും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിച്ച മുന്നേറ്റവുമാണ് ജില്ലയിലെ ഐക്യമുന്നണി പ്രതീക്ഷയുടെ അടിസ്ഥാനം. പത്തില്‍ താഴെ പഞ്ചായത്തുകളില്‍ മാത്രമാണ് ജില്ലയില്‍ ഇടതുമുന്നണിക്ക് ഭരണം നേടാന്‍ കഴിഞ്ഞത്. രണ്ടെണ്ണമൊഴികെ എല്ലാ മുന്‍സിപ്പാലിറ്റികളും യുഡിഎഫ് നേടി. ജില്ലാ പഞ്ചായത്തിലും കിട്ടിയത് തിളങ്ങുന്ന വിജയം.

പൊതുവില്‍ യുഡിഎഫ് അനുകൂല ജില്ലയെങ്കിലും എറണാകുളത്ത് ജയിക്കാന്‍ കഴിയാത്ത യുഡിഎഫ് കോട്ടകളൊന്നും ഇല്ലെന്നതാണ് ഇടതുപ്രതീക്ഷകളുടെ അടിസ്ഥാനം. ജില്ലയിലെ 14 മണ്ഡലങ്ങളും പല കാലങ്ങളില്‍ ജയിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുണ്ടെന്നതാണ് ചരിത്രം. അധിക സീറ്റുകള്‍ നേടാന്‍ കഴിഞ്ഞില്ലെങ്കിലും ഉളള സീറ്റുകള്‍ ജില്ലയില്‍ നിലനിര്‍ത്താന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞാല്‍ തന്നെ ഇപ്പോഴത്തെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ വലിയ നേട്ടമാകും.

ബിജെപിക്ക് പൊതുവില്‍ സ്വാധീനം കുറഞ്ഞ ജില്ലയാണ് എറണാകുളം. എന്നാല്‍ സംസ്ഥാനത്ത് ബിജെപിക്ക് അധികാരത്തിലെത്താന്‍ കഴിഞ്ഞ രണ്ട് മുന്‍സിപ്പാലിറ്റികളിലൊന്ന് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയാണ്. ഇക്കുറി ജില്ലയില്‍ കാര്യമായ സ്വാധീനമുളള ട്വന്‍റി ട്വന്‍റിയെ എന്‍ഡിഎ മുന്നണിയില്‍ ചേര്‍ക്കാന്‍ കഴിഞ്ഞത് നേട്ടമാകുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.

പിറവം

ടിഎം ജേക്കബ് എന്ന കേരള കോണ്‍ഗ്രസ് അതികായന്‍റെ തട്ടകമായിരുന്ന പിറവത്ത് അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായി യുഡിഎഫ് അവതരിപ്പിച്ച അനൂപ് ജേക്കബ് തന്നെയാണ് ഇക്കുറിയും സ്ഥാനാര്‍ഥി. കോണ്‍ഗ്രസില്‍ നിന്ന് പിണങ്ങിയിറങ്ങിയ സാബു കെ ജേക്കബാണ് മാണി ഗ്രൂപ്പ് സ്ഥാനാര്‍ഥിയായി ഇടതുമുന്നണിക്കു വേണ്ടി മല്‍സരിക്കുന്നത്. ട്വന്‍റി ട്വന്‍റിക്ക് ബിജെപി നല്‍കിയ സീറ്റില്‍ ജിബി എബ്രഹാമാണ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് വോട്ടുകളിലെ ഒരു പങ്കെങ്കിലും സ്വന്തം പക്ഷത്ത് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് മുന്‍ കോണ്‍ഗ്രസുകാരന്‍ സാബു ജേക്കബിനെ ഇടതുമുന്നണി രംഗത്തിറക്കിയിരിക്കുന്നത്. മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കൂടിയാണ് സാബു. കഴിഞ്ഞ തവണത്തെ ഇടത് തരംഗത്തിലും 25,364 വോട്ടിന് അനൂപ് ജേക്കബ് ജയിച്ച മണ്ഡലമാണ് പിറവം.അതുകൊണ്ടു തന്നെ ഇത്തവണത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ അത്ഭുതങ്ങൾ സംഭവിക്കാനുളള സാധ്യതകളൊന്നും നിലവില്‍ പിറവത്ത് പുറമേക്ക് കാണാനില്ല.

പെരുമ്പാവൂര്‍

സിറ്റിംഗ് എംഎല്‍എയായിരുന്ന എല്‍ദോസ് കുന്നപ്പിളളിക്ക് അവസാന നിമിഷം കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതോടെയാണ് പെരുമ്പാവൂര്‍ സംസ്ഥാനത്തിന്‍റെയാകെ ശ്രദ്ധയിലേക്ക് എത്തിയത്. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് കൂടിയായ യുവനേതാവ് മനോജ് മൂത്തേടനാണ് പെരുമ്പാവൂരിലെ എല്‍ദോസിന്‍റെ പകരക്കാരനാകാനുളള നിയോഗമെത്തിയത്. ഇടത് മുന്നണിക്കു വേണ്ടിയും എന്‍ഡിഎയ്ക്കു വേണ്ടിയും രണ്ട് മുന്‍ കോണ്‍ഗ്രസുകാരാണ് മത്സര രംഗത്ത്. ഡിസിസി മുന്‍ ഭാരവാഹി ബേസില്‍ പോളിനെയാണ് പെരുമ്പാവൂര്‍ പിടിക്കാന്‍ ഇടതുമുന്നണി നിയോഗിച്ചിരിക്കുന്നത്. ഇവിടെയും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനാണ് സീറ്റ്. അവസാന നിമിഷം എല്‍ദോസിന് സീറ്റ് നിഷേധിക്കപ്പെട്ടതില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിനുണ്ടായ അതൃപ്തി വോട്ടാക്കാനാണ് ബേസില്‍ പോളിന്‍റെ ശ്രമം. സാമുദായിക ഘടകങ്ങളും പെരുമ്പാവൂരില്‍ പ്രസക്തമാണ്. യാക്കോബായ വിഭാഗക്കാരനായ എല്‍ദോസ് കുന്നപ്പളളിയെ മാറ്റാനുളള ഒരു കാരണം സീറ്റിനു വേണ്ടിയുളള സിറോ മലബാര്‍ സഭയുടെ സമ്മര്‍ദമാണെന്ന പ്രചാരണങ്ങളും ശക്തമായിരുന്നു.

എല്‍ദോസിന് പകരക്കാരനായെത്തിയ മനോജ് സിറോ മലബാര്‍ സഭാംഗവും. യാക്കോബായ വോട്ടുകളുടെ ഏകീകരണമുണ്ടായാല്‍ പെരുമ്പാവൂരില്‍ അട്ടിമറി സാധ്യമെന്നാണ് ഇടത് പ്രതീക്ഷ. കേരള കോണ്‍ഗ്രസില്‍ നിന്ന് സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം പ്രാദേശിക സിപിഎം നേതൃത്വത്തിന് ഉണ്ടായിരുന്നു. മുന്‍ എംഎല്‍എ സാജു പോളായിരുന്നു അവരുടെ മനസിലെ സ്ഥാനാര്‍ഥി. അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസ് വിട്ടിറങ്ങിയ ബേസിലിന് ഇടത് പ്രവര്‍ത്തകരിലും അനുഭാവികളിലും പോലും കാര്യമായ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് യുഡിഎഫ് കരുതുന്നു. 2,899 വോട്ടുകള്‍ക്ക് മാത്രമാണ് കഴിഞ്ഞ തവണ യുഡിഎഫ് പെരുമ്പാവൂര്‍ ജയിച്ചത്. അട്ടിമറി പ്രതീക്ഷിക്കാന്‍ ഇടതുമുന്നണിക്ക് പ്രാദേശികമായ ചില ഘടകങ്ങള്‍ മുന്നിലുണ്ടെങ്കിലും സംസ്ഥാനത്തെ പൊതുരാഷ്ട്രീയ സ്ഥിതിയെ പ്രതിരോധിക്കാന്‍ അതു പര്യാപ്തമാണോ എന്നതാണ് പെരുമ്പാവൂരിലെ വിജയിയെ തീരുമാനിക്കുന്നതില്‍ നിര്‍ണായകമാവുക. ട്വന്‍റി ട്വന്‍റിക്ക് നല്‍കിയ സീറ്റില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് ജിബി പാത്തിക്കലാണ് സ്ഥാനാര്‍ഥി.

എറണാകുളം

കൊച്ചി കോര്‍പറേഷനിലെ രണ്ട് മുന്‍ ഡെപ്യൂട്ടി മേയര്‍മാര്‍ തമ്മിലുളള മല്‍സരമാണ് ഇക്കുറി എറണാകുളം നിയമസഭ മണ്ഡലത്തില്‍ നടക്കുന്നത്. യുഡിഎഫിനായി സിറ്റിംഗ് എംഎല്‍എ ടിജെ വിനോദും ഇടതുമുന്നണിക്കായി ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍ നേതാവ് സാബു ജോര്‍ജും മല്‍സരിക്കുന്നു. പരമ്പരാഗതമായി യുഡിഎഫിന്‍റെ ഉറച്ച കോട്ടയായി അറിയപ്പെടുന്ന മണ്ഡലമാണ് എറണാകുളം. ലത്തീന്‍ സമുദായത്തിന് കാര്യമായ സ്വാധീനമുളള മണ്ഡലം. വി വിശ്വനാഥമേനോനും, എംകെ സാനുവും, സെബാസ്റ്റ്യന്‍ പോളുമെല്ലാം പല കാലങ്ങളില്‍ ഇടതുമുന്നണിക്കായി അട്ടിമറി നടത്തിയിട്ടുണ്ട് എറണാകുളത്ത്. പ്രാദേശികമായി വ്യക്തിബന്ധങ്ങള്‍ ഏറെയുളള സാബു ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കാന്‍ വേണ്ടി കൂടിയാണ് സീറ്റ് ജനതാദളിന് സിപിഎം വിട്ടുകൊടുത്തതും. സ്ഥാനാര്‍ഥി എന്ന നിലയിലുളള സാബു ജോര്‍ജിന്‍റെ മികവു കൊണ്ടു മാത്രം ഇക്കുറി എറണാകുളത്ത് അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന പ്രതീക്ഷ അവസാന ഘട്ടത്തില്‍ ഇടതു കേന്ദ്രങ്ങള്‍ക്കില്ല. സംസ്ഥാന വക്താക്കളില്‍ ഒരാളും ടെലിവിഷന്‍ ചര്‍ച്ചകളിലൂടെ സുപരിചിതനുമായ പി.ആര്‍.ശിവശങ്കരനാണ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി.

തൃക്കാക്കര

ഉറച്ച കോട്ടയെന്ന് യുഡിഎഫ് വിലയിരുത്തുന്ന മണ്ഡലമാണ് തൃക്കാക്കര. പി.ടി.തോമസിന്‍റെ വിയോഗത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിച്ച അദ്ദേഹത്തിന്‍റെ ഭാര്യ ഉമ തോമസിന് മണ്ഡലം നല്‍കിയത് ചരിത്ര ഭൂരിപക്ഷം. ദീപ്തി മേരി വര്‍ഗീസടക്കം പല കോണ്‍ഗ്രസ് നേതാക്കളും ഇക്കുറി തൃക്കാക്കര സീറ്റ് ആഗ്രഹിച്ചിരുന്നെങ്കിലും ഉമയ്ക്ക് തന്നെ ഒരവസരം കൂടി നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. ഉമയ്ക്ക് വീണ്ടും സീറ്റ് നല്‍കാനുളള തീരുമാനത്തില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കെങ്കിലും അതൃപ്തിയുണ്ടെങ്കിലും മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന തരത്തിലേക്ക് അത് വളര്‍ന്നിട്ടില്ലെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന്‍റെ മുന്‍ പ്രസിഡന്‍റ് കൂടിയായ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പുഷ്പ ദാസാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി. സിപിഎം അണികള്‍ക്കിടയില്‍ പരിചിതയെങ്കിലും മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കിടയില്‍ പുതുമുഖമാണ് പുഷ്പയെന്നത് അവസാന ലാപ്പിലും ഒരു പരിമിതിയായി തുടരുകയാണ്. സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയും ചലച്ചിത്ര പ്രവര്‍ത്തകനുമായ അഖില്‍ മാരാരെ സ്ഥാനാര്‍ഥിയാക്കി നവമാധ്യമങ്ങളില്‍ ഓളമുണ്ടാക്കിയിട്ടുണ്ട് ട്വന്‍റി ട്വന്‍റി തൃക്കാക്കരയില്‍.

തൃപ്പൂണിത്തുറ

ഇനി മല്‍സരിക്കാനില്ലെന്ന കെ.ബാബുവിന്‍റെ പ്രഖ്യാപനത്തോടെയാണ് തൃപ്പൂണിത്തുറ സീറ്റും സംസ്ഥാനത്തിന്‍റെയാകെ ശ്രദ്ധയിലേക്ക് എത്തിയത്. ബാബു മാറിയതോടെ കടുത്ത മല്‍സരം നടക്കുന്ന സംസ്ഥാനത്തെ മണ്ഡലങ്ങളിലൊന്നായി തൃപ്പൂണിത്തുറ മാറുകയും ചെയ്തു. ഈഴവ വോട്ടുകള്‍ വിധി നിര്‍ണയിക്കുന്ന മണ്ഡലമാണ് തൃപ്പൂണിത്തുറ. ഈഴവ സമുദായത്തില്‍ നിന്നുളള സ്ഥാനാര്‍ഥികളെയാണ് യുഡിഎഫും എല്‍ഡിഎഫും രംഗത്തിറക്കിയിരിക്കുന്നതും. വൈപ്പിന്‍ എംഎല്‍എ കെ.എന്‍.ഉണ്ണികൃഷ്ണന്‍ ഇടതുമുന്നണിക്കായും കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ദീപക് ജോയ് യുഡിഎഫിനായും മല്‍സരിക്കുന്നു. 2021 ല്‍ ഇരുവരും വൈപ്പിനില്‍ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ടെന്നതും ഒരു തിരഞ്ഞെടുപ്പ് കൗതുകം. സിറ്റിംഗ് സീറ്റായ വൈപ്പിന്‍ വിട്ട് ഉണ്ണികൃഷ്ണന്‍ എന്തിന് തൃപ്പൂണിത്തുറയിലേക്ക് വന്നു എന്നതാണ് തിരഞ്ഞെടുപ്പ് രംഗത്ത് യുഡിഎഫ് ഉയര്‍ത്തുന്ന പ്രധാന ചോദ്യം. കെ.ബാബുവിന് രാഷ്ട്രീയത്തിന് അതീതമായി ഉണ്ടായിരുന്ന പിന്തുണ സമാഹരിക്കാന്‍ ദീപക്കിന് കഴിയില്ലെന്ന വിലയിരുത്തലില്‍ അട്ടിമറി പ്രതീക്ഷിക്കുന്നുണ്ട് ഇടതുമുന്നണി. ബിജെപി എ ക്ലാസ് മണ്ഡലമായി കണക്കാക്കിയിരുന്ന തൃപ്പൂണിത്തുറയില്‍ പ്രാദേശിക പാര്‍ട്ടി അണികളെ ഞെട്ടിച്ചു കൊണ്ടാണ് സീറ്റ് ട്വന്‍റി ട്വന്‍റിക്ക് നല്‍കിയത്. സ്ഥാനാര്‍ഥിയായി എത്തിയതാകട്ടെ ചലച്ചിത്ര താരം അഞ്ജലി നായരും. പുറമേക്ക് പ്രകടമല്ലെങ്കിലും ട്വന്‍റി ട്വന്‍റിക്ക് സീറ്റ് നല്‍കിയതില്‍ ബിജെപിയിലുളള അതൃപ്തി പൂര്‍ണമായി മാറിയിട്ടില്ല. അതുകൊണ്ടു തന്നെ എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് കിട്ടുന്ന വോട്ടുകളും കിട്ടാതെ പോകുന്ന വോട്ടുകളും കൂടി ചേര്‍ന്നാകും തൃപ്പൂണിത്തുറയില്‍ ജയപരാജയങ്ങള്‍ നിര്‍ണയിക്കുക.

കൊച്ചി

ലത്തീന്‍ വോട്ടുകള്‍ വിധിനിര്‍ണയിക്കുന്ന മണ്ഡലം. സാമുദായിക പരിഗണനകള്‍ക്കപ്പുറത്തുളള സ്ഥാനാര്‍ഥി നിര്‍ണയമാണ് ഇക്കുറി കൊച്ചിയില്‍ യുഡിഎഫ് നടത്തിയത്. സംസ്ഥാനത്തെ തന്നെ ഏറ്റവും മിടുക്കനായ ഡിസിസി പ്രസിഡന്‍റായി പാര്‍ട്ടിയില്‍ അറിയപ്പെടുന്ന മുഹമ്മദ് ഷിയാസാണ് യുഡിഎഫ് സ്ഥാനാര്‍ഥി. രണ്ടു തവണയായി മണ്ഡലത്തില്‍ ജയിക്കുന്ന കെ.ജെ.മാക്സിയെ ടേം വ്യവസ്ഥയില്‍ ഇളവു നല്‍കിയാണ് സിപിഎം വീണ്ടും കൊച്ചിയില്‍ മല്‍സരിപ്പിക്കുന്നത്. സഭാ നേതൃത്വവുമായി മാക്സിക്കുളള അടുത്ത ബന്ധം തന്നെയാണ് അദ്ദേഹത്തെ വീണ്ടും മല്‍സരിപ്പിക്കാനുളള സിപിഎം തീരുമാനത്തിനു പിന്നില്‍. രാഷ്ട്രീയ മല്‍സരത്തിലൂടെ മാക്സിയെ മറികടന്ന് മുന്നിലെത്താന്‍ അവസാന ഘട്ടത്തില്‍ ഷിയാസിന് കഴിഞ്ഞിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു. എന്നാല്‍ ലത്തീന്‍ വോട്ടുകളുടെ ഏകീകരണം മാക്സിക്ക് അനുകൂലമായി ഉണ്ടാകുമെന്ന് ഇടതുമുന്നണി പ്രതീക്ഷിക്കുന്നു. സിപിഎംലെ പ്രാദേശിക ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങളും തിരഞ്ഞെടുപ്പ് ഫലത്തില്‍ ചെറുതല്ലാത്ത സ്വാധീനം ചെലുത്താന്‍ സാധ്യതയേറെ. കാലുവാരലുകളുടെ ചരിത്രമേറെ പറയാനുണ്ട് കൊച്ചിയിലെ കോണ്‍ഗ്രസിനും. എന്തായാലും പ്രവചനങ്ങള്‍ക്കപ്പുറത്തെ മല്‍സരമാണ് നിലവില്‍ കൊച്ചിയില്‍. സേവ്യര്‍ ജൂലപ്പനാണ് ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ഥിയായി എന്‍ഡിഎയ്ക്കു വേണ്ടി കൊച്ചിയില്‍ മല്‍സരിക്കുന്നത്.

വൈപ്പിന്‍

സമീപകാലത്തെ നിയമസഭ തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ യുഡിഎഫ് തരംഗത്തില്‍ പോലും ഇടതുമുന്നണി തുടര്‍ച്ചയായി ജയിക്കുന്ന എറണാകുളം ജില്ലയിലെ മണ്ഡലമാണ് വൈപ്പിന്‍. സിറ്റിംഗ് എംഎല്‍എയായിരുന്ന ഉണ്ണികൃഷ്ണന്‍ വീണ്ടും മല്‍സരിക്കുമെന്ന് കരുതിയെങ്കിലും അദ്ദേഹത്തെ അവസാനനിമിഷം സിപിഎം തൃപ്പൂണിത്തുറയിലേക്ക് മാറ്റി. പകരമെത്തിയത് ജില്ലാ പഞ്ചായത്ത് മുന്‍ അംഗവും പാര്‍ട്ടിയുടെ യുവമുഖവുമായ എം.ബി.ഷൈനി. യുഡിഎഫിനായി മല്‍സരിക്കുന്നത് കൊച്ചി കോര്‍പറേഷനിലെ മുന്‍ മേയര്‍ ടോണി ചമ്മണി. സാമുദായിക വോട്ടുകള്‍ തന്നെയാവും വൈപ്പിനിലും വിധി നിര്‍ണയിക്കുക. ലത്തീന്‍ വോട്ടുകളും ഈഴവ ,ധീവര വോട്ടുകളും ജയപരാജയങ്ങള്‍ നിര്‍ണയിക്കും. ലത്തീന്‍ വോട്ടുകളുടെ ഏകീകരണം കൂടി ലക്ഷ്യമിട്ടാണ് ടോണി ചമ്മണിയെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയത്. കൊച്ചി സീറ്റ് മുഹമ്മദ് ഷിയാസിന് നല്‍കിയപ്പോള്‍ ലത്തീന്‍ സഭയെ അനുനയിപ്പിക്കുക കൂടി ലക്ഷ്യമിട്ടാണ് ടോണിയെ വൈപ്പിന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത്. ഇടതിനൊപ്പം എന്നും നിന്നിട്ടുളള ഈഴവ വോട്ടുകളുടെ ഏകീകരണമുണ്ടാകുമെന്ന് സിപിഎമ്മും വിലയിരുത്തുന്നു. കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും പ്രാദേശിക ഉള്‍പ്പാര്‍ട്ടി സംഘര്‍ഷങ്ങളും അന്തിമ ഫലത്തെ സ്വാധീനിക്കും. രാജ്യശ്രദ്ധയാകര്‍ഷിച്ച മുനമ്പം ഭൂസമരം നടന്ന മേഖലയും ഉള്‍പ്പെടുന്നത് വൈപ്പിന്‍ മണ്ഡലത്തില്‍. കടുത്ത മല്‍സരം നടക്കുന്ന മണ്ഡലങ്ങളുടെ പട്ടികയിലാണ് തല്‍ക്കാലം കൊച്ചി. ട്വന്‍റി ട്വന്‍റിക്ക് നല്‍കിയ സീറ്റില്‍ അനിത തോമസാണ് എന്‍ഡിഎയ്ക്കായി മല്‍സരിക്കുന്നത്.

പറവൂര്‍

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ മണ്ഡലം. കയ്പമംഗലത്തു നിന്ന് ഇടി ടൈസണെ ഇറക്കി മല്‍സരം കടുപ്പിക്കാന്‍ കഴിഞ്ഞെന്ന് കരുതുന്നുണ്ട് ഇടതുമുന്നണി. ജയിച്ചാല്‍ സതീശന്‍ മുഖ്യമന്ത്രിയെന്ന പ്രചാരണം നിശബ്ദ തരംഗമായി പറവൂരില്‍ പടര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസിനോട് പിണങ്ങിയിറങ്ങിയ മുന്‍ നഗരസഭാധ്യക്ഷ വല്‍സലാ പ്രസന്ന കുമാറിനെയാണ് ബിജെപി സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് വോട്ടുകളില്‍ ഒരു പങ്ക് ലക്ഷ്യമിട്ടാണ് വല്‍സലയെ ബിജെപി നേതൃത്വം സ്ഥാനാര്‍ഥിയാക്കിയതെങ്കിലും കലാശക്കൊട്ടിലടക്കം കാര്യമായ ചലനം ബിജെപിയുണ്ടാക്കിയിട്ടില്ലെന്നതാണ് മണ്ഡലത്തിലെ സ്ഥിതി. ജയിക്കാനായില്ലെങ്കിലും സതീശന്‍റെ ഭൂരിപക്ഷമെങ്കിലും കുറയ്ക്കാമെന്ന ആത്മവിശ്വാസം പങ്കുവയ്ക്കുന്നുണ്ട് ഇടതുമുന്നണി. എന്നാല്‍ എല്ലാ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം കൂട്ടുന്ന പതിവ് ഇക്കുറി സതീശന്‍ ആവര്‍ത്തിക്കില്ലെന്ന് കരുതാന്‍ പാകത്തില്‍ ഒന്നും പുറമേയ്ക്ക് കാണാനായിട്ടില്ല പറവൂരില്‍ ഇതുവരെ.

മൂവാറ്റുപുഴ

2021ലെ ഇടതു തരംഗത്തിനിടയിലും മാത്യു കുഴല്‍നാടനിലൂടെ യുഡിഎഫ് തിരിച്ചുപിടിച്ച സീറ്റാണ് മൂവാറ്റുപുഴ. ലോക്കല്‍ എംഎല്‍എ എന്നതില്‍ നിന്ന് മുഖ്യമന്ത്രിയുമായുളള നിരന്തര ഏറ്റുമുട്ടലുകളിലൂടെ സംസ്ഥാനതലത്തില്‍ ശ്രദ്ധിക്കപ്പെട്ട നേതാവായി വളര്‍ന്ന മാത്യുവാണ് ഇക്കുറി വീണ്ടും മല്‍സരിക്കുന്നത്. പ്രാദേശികമായി ശക്തമായ വേരുകളുളള യുവ സിപിഐ നേതാവ് എന്‍ അരുണാണ് ഇടത് സ്ഥാനാര്‍ഥി. ട്വന്‍റി ട്വന്‍റിയുടെ സണ്ണി തോമസ് കടുത്താഴെ എന്‍ഡിഎയ്ക്കായി മല്‍സരിക്കുന്നു. പ്രാദേശിക വിഷയങ്ങള്‍ ഉയര്‍ത്തിയുളള പ്രചാരണത്തിലൂടെ മല്‍സരം കടുപ്പിക്കാന്‍ കഴിഞ്ഞെന്ന് ഇടതുമുന്നണി വിലയിരുത്തുന്നു. എന്നാല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലുണ്ടായ സമഗ്രാധിപത്യവും മണ്ഡലത്തിന്‍റെ പൊതു യുഡിഎഫ് അനുകൂല സ്വഭാവവും ഇക്കുറിയും മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കാന്‍ സഹായിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. അതേസമയം കോതമംഗലം രൂപതയ്ക്കു കീഴിലെ കത്തോലിക്കാ വോട്ടുകളില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ഥി വിളളലുണ്ടാക്കുമോ എന്ന നേരിയ ആശങ്ക യുഡിഎഫ് ക്യാമ്പിലുണ്ട്. എന്നാല്‍ അട്ടിമറിയിലേക്ക് നീളുന്ന അടിയൊഴുക്കുകളൊന്നും മണ്ഡലത്തില്‍ പ്രകടമല്ല.

അങ്കമാലി

സിറ്റിംഗ് എംഎല്‍എയും മുന്‍ എംഎല്‍എയും തമ്മിലുളള മല്‍സരം നടക്കുന്ന മറ്റൊരു മണ്ഡലമാണ് അങ്കമാലി. യുഡിഎഫിനോട് ചാഞ്ഞു നിന്ന ചരിത്രമാണ് പൊതുവില്‍ അങ്കമാലിയ്ക്കുളളത്. 2016 ല്‍ എല്‍ഡിഎഫില്‍ നിന്ന് റോജി ജോണാണ് മണ്ഡലം തിരിച്ചു പിടിച്ചത്. ശക്തമായ എല്‍ഡിഎഫ് തരംഗത്തില്‍ 2021 ല്‍ 15,929 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ മണ്ഡലം നിലനിര്‍ത്താന്‍ റോജിയ്ക്ക് കഴിയുകയും ചെയ്തു. റോജിയുടെ ജനകീയതയെ മറികടക്കാന്‍ ലക്ഷ്യമിട്ടാണ് പെരുമ്പാവൂരില്‍ നിന്ന് മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ സാജു പോളിനെ സിപിഎം അങ്കമാലിയില്‍ ഇറക്കിയത്. സാജുവിന്‍റെ സ്ഥാനാര്‍ഥിത്വത്തില്‍ ഇടത് പ്രവര്‍ത്തകരെ ആവേശഭരിതരാക്കിയിട്ടുണ്ട്. എന്നാല്‍ വിജയത്തിലേക്കുളള വോട്ടുദൂരം ചില്ലറയല്ലെന്ന തിരിച്ചറിവും ഇടതുമുന്നണിയ്ക്കുണ്ട്. സോഷ്യല്‍ മീഡിയ താരം പ്രോമി കുര്യാക്കോസിനെയാണ് അങ്കമാലിയില്‍ എന്‍ഡിഎയ്ക്കായി മല്‍സരിക്കാന്‍ ട്വന്‍റി ട്വന്‍റി നിയോഗിച്ചിരിക്കുന്നത്.

കളമശേരി

ഇടത് മന്ത്രിസഭയിലെ പ്രധാന മുഖങ്ങളിലൊന്നായ വ്യവസായ മന്ത്രി പി.രാജീവ് അനായാസം ജയിക്കുമെന്ന കണക്കു കൂട്ടലിലാണ് ഇടതുമുന്നണി കളമശേരിയില്‍ ഇക്കുറി പ്രചാരണം തുടങ്ങിയത്. കഴിഞ്ഞ തവണ മല്‍സരിച്ച വി.ഇ.അബ്ദുള്‍ഗഫൂറാണ് ഇക്കുറിയും യുഡിഎഫ് സ്ഥാനാര്‍ഥി. ലീഗ് സ്ഥാനാര്‍ഥിയെങ്കിലും ഗഫൂറിനായി കൈമെയ് മറന്നിറങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് ഇക്കുറി കളമശേരിയില്‍ കണ്ടത്. അനായാസം ഇടതുമുന്നണി ജയിക്കുമെന്ന് കരുതിയിടത്തു നിന്ന് കടുത്ത മല്‍സരം നടക്കുന്ന മണ്ഡലമെന്ന പ്രതീതിയിലേക്ക് കളമശേരിയെ മാറ്റാന്‍ അവസാന ഘട്ടത്തില്‍ യുഡിഎഫിന് കഴിഞ്ഞിട്ടുണ്ട്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടായാല്‍ രാജീവിനെ അട്ടിമറിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ് യുഡിഎഫ് ക്യാമ്പിന് അന്തിമ ഘട്ടത്തില്‍. എന്നാല്‍ സ്ഥാനാര്‍ഥി എന്ന നിലയില്‍ പി.രാജീവിന്‍റെ വ്യക്തിപ്രഭാവത്തെ മറികടക്കാന്‍ അബ്ദുള്‍ ഗഫൂറിന് കഴിഞ്ഞിട്ടില്ലെന്ന് ഇടത് ക്യാമ്പ് വിലയിരുത്തുന്നു. കഴിഞ്ഞ തവണത്തെയത്ര ഭൂരിപക്ഷം ഉണ്ടായില്ലെങ്കിലും രാജീവിന്‍റെ ജയമുറപ്പെന്ന കണക്കാണ് ഒടുവില്‍ ഇടത് ക്യാമ്പ് പങ്കുവയ്ക്കുന്നത്. 2021ലേതിനെക്കാള്‍ ശക്തമായ മല്‍സരമെന്തായാലും കളമശേരിയില്‍ ഇക്കുറിയുണ്ടെന്ന് ഉറപ്പ്. ബിഡിജെഎസ് നേതാവ് ബിനുവാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ബിജെപി വോട്ടുകള്‍ എങ്ങിനെ പോള്‍ ചെയ്യപ്പെടുമെന്നത് കളമശേരിയിലെ ജയപരാജയങ്ങളെ സ്വാധീനിക്കും.

കുന്നത്തുനാട്

ട്വന്‍റി ട്വന്‍റി എന്ന രാഷ്ട്രീയ പരീക്ഷണത്തിലൂടെ സംസ്ഥാനത്തിന്‍റെയാകെ ശ്രദ്ധയാകര്‍ഷിച്ച മണ്ഡലം. ട്വന്‍റി ട്വന്‍റി അവരുടെ കരുത്ത് പ്രകടിപ്പിച്ച തിരഞ്ഞെടുപ്പായിരുന്നു 2021ലേത്. അന്ന് ട്വന്‍റി ട്വന്‍റി നാല്‍പ്പതിനായിരത്തിലേറെ വോട്ടുകള്‍ പിടിച്ചപ്പോള്‍ ചോര്‍ന്നു പോയത് യുഡിഎഫിന്‍റെ വോട്ടുകളായിരുന്നു. അങ്ങിനെ സിപിഎം സ്ഥാനാര്‍ഥി പി.വി.ശ്രീനിജിന്‍ 2,715 വോട്ടുകള്‍ക്ക് കുന്നത്തുനാടിന്‍റെ എംഎല്‍എയായി. മൂന്നു മുന്നണികളെയും എതിര്‍ത്ത് ഒറ്റയ്ക്ക് നിന്നിരുന്ന ട്വന്‍റി ട്വന്‍റി ബിജെപി മുന്നണിയുടെ ഭാഗമായ ശേഷം നടക്കുന്ന തിരഞ്ഞെടുപ്പാണ് ഇക്കുറി. ഒറ്റയ്ക്ക് നിന്നിരുന്ന ട്വന്‍റി ട്വന്‍റി ബിജെപിക്ക് ഒപ്പം നില്‍ക്കുമ്പോള്‍ പഴയ പിന്തുണ ജനങ്ങളില്‍ നിന്ന് കിട്ടുമോ എന്നതാണ് കുന്നത്തുനാട്ടിലെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുക. ബിജെപി ബാന്ധവത്തില്‍ അതൃപ്തിയുളള ട്വന്‍റി ട്വന്‍റി വോട്ടുകള്‍ ഇക്കുറി തിരിച്ചെത്തുമെന്ന പ്രതീക്ഷയുണ്ട് യുഡിഎഫിന്. ഏറ്റവുമൊടുവില്‍ ട്വന്‍റി ട്വന്‍റി പ്രതിനിധിയായ പൂതൃക്ക പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ പാര്‍ട്ടിയില്‍ നിന്നുളള രാജിയടക്കം ശുഭസൂചനയായി യുഡിഎഫ് കാണുന്നു. എന്നാല്‍ എംഎല്‍എ എന്ന നിലയില്‍ ശ്രീനിജിന് മണ്ഡലത്തിലുണ്ടാക്കാന്‍ കഴിഞ്ഞ സ്വീകാര്യതയിലാണ് ഇടതുമുന്നണി പ്രതീക്ഷ. ട്വന്‍റി ട്വന്‍റിയാകട്ടെ കഴിഞ്ഞ തവണ കിട്ടിയ വോട്ടുകള്‍ക്കൊപ്പം ബിജെപി വോട്ടുകള്‍ കൂടി കിട്ടിയാല്‍ ജയിക്കാമെന്ന് സ്വപ്നം കാണുന്നു. മുന്‍ എംഎല്‍എ വിപി സജീന്ദ്രനും, സിറ്റിംഗ് എംഎല്‍എ പിവി ശ്രീനിജിനും യുഡിഎഫിനും എല്‍ഡിഎഫിനുമായി വീണ്ടും മല്‍സരിക്കുമ്പോള്‍ അടൂര്‍ സീറ്റ് നിഷേധിക്കപ്പെടതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ട കോണ്‍ഗ്രസ് നേതാവ് ബാബു ദിവാകരനെയാണ് ട്വന്‍റി ട്വന്‍റി മല്‍സരിപ്പിക്കുന്നത്. എറണാകുളം ജില്ലയില്‍ പേരിനെങ്കിലും ത്രികോണ മല്‍സരം നടക്കുന്ന ഏകമണ്ഡലമാണ് കുന്നത്തുനാട്.

കോതമംഗലം

കോണ്‍ഗ്രസിന് ശക്തമായ വേരുകളുളള മണ്ഡലമെങ്കിലും ആന്‍റണി ജോണ്‍ എന്ന യുവനേതാവിലൂടെ ഇടതുമുന്നണി തുടര്‍ച്ചയായി രണ്ടു തവണ ജയിക്കുന്ന മണ്ഡലമാണ് കോതമംഗലം. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനാണ് യുഡിഎഫില്‍ സീറ്റ്. ഇക്കുറിയെങ്കിലും സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ ശക്തമായിരുന്നെങ്കിലും അത് നടപ്പായില്ല. ജോസഫ് ഗ്രൂപ്പിനായി മല്‍സരിക്കുന്നത് പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്‍റ് കൂടിയായ ഷിബു തെക്കുംപുറം. പ്രാദേശികമായി ഏറെ പ്രശ്നങ്ങള്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പു വരെ ഷിബുവിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമിടയില്‍ ഉണ്ടായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ പ്രശ്നങ്ങളെല്ലാം പറഞ്ഞു തീര്‍ക്കാനായെന്ന ആത്മവിശ്വാസമാണ് യുഡിഎഫ് ക്യാമ്പിലിപ്പോള്‍. ആന്‍റണി ജോണിന്‍റെ ജനകീയതയാണ് വിജയം തുടരാമെന്ന ഇടത് പ്രതീക്ഷയുടെ അടിസ്ഥാനം. വന്യജീവി ആക്രമണം ഉള്‍പ്പെടെയുളള ജനകീയ പ്രശ്നങ്ങള്‍ ഏറെ ചര്‍ച്ചയാകുന്ന മണ്ഡലത്തില്‍ കോതമംഗലം രൂപതയുടെ രാഷ്ട്രീയ നിലപാടുകള്‍ക്കും പ്രാമുഖ്യം ഏറെയുണ്ട്. ഇടത് തരംഗത്തില്‍ പോലും 6,605 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ ആന്‍റണി ജോണ്‍ കോതമംഗലത്ത് ജയിച്ചത്. അതുകൊണ്ടു തന്നെ സംസ്ഥാനമാകെ ഒരു യുഡിഎഫ് തരംഗമുണ്ടായാല്‍ കോതമംഗലത്ത് ഇക്കുറി കയറിപ്പോരാമെന്ന പ്രതീക്ഷയുണ്ട് യുഡിഎഫിന്. എല്‍ഡിഎഫിന്‍റെ സിറ്റിംഗ് സീറ്റില്‍ ഇഞ്ചോടിഞ്ച് മല്‍സരമാണ് ഇക്കുറി നടക്കുന്നതെന്ന് ചുരുക്കം.ബിഡിജെഎസ് നേതാവ് അജി നാരായണനാണ് കോതമംഗലത്ത് എന്‍ഡിഎയ്ക്കായി മല്‍സരിക്കുന്നത്.

ആലുവ

പരമ്പരാഗത കോണ്‍ഗ്രസ് കോട്ടയാണ് ആലുവ.നാലാം മല്‍സരത്തിനിറങ്ങുന്ന അന്‍വര്‍ സാദത്ത് ജയത്തില്‍ കുറ‍ഞ്ഞൊന്നും ചിന്തിക്കുന്നില്ല ആലുവയില്‍. ആലപ്പുഴയില്‍ നിന്ന് ആരിഫിനെയിറക്കി മണ്ഡലമൊന്ന് ഇളക്കി മറിച്ചിട്ടുണ്ട് ഇടതുമുന്നണി. ജില്ലാ നേതാവ് എംഎ ബ്രഹ്മരാജ് ബിജെപിക്കായും മല്‍സരിക്കുന്നു. ആരിഫിന്‍റെ സ്ഥാനാര്‍ഥിത്വത്തോടെ പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും ആവേശം പകരാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഇടതുമുന്നണി വിലയിരുത്തുന്നു. അപ്പോഴും അട്ടിമറി സാധ്യത പരിമിതമാണ് ആലുവയില്‍.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കോട്ടയം; കഴിഞ്ഞ തവണ 5-4, ഇത്തവണ സ്‌കോര്‍ മാറുമോ?
ഭരണ തുടർച്ചയോ? ഭരണ വിരുദ്ധ തരം​ഗമോ? ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധികൾ തയ്യാറാക്കിയ ​ഗ്രൗണ്ട് റിപ്പോർട്ട്