ട്രെയിനുകളും റെയില്‍വേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അന്തർസംസ്ഥാന കുപ്രസിദ്ധ മോഷ്ടാവ് കോടതിയിൽ ഹാജരാക്കാൻ ശ്രമിക്കുന്നതിനിടെ രക്ഷപെടാൻ ശ്രമിച്ചു
കൊല്ലം: ട്രെയിനുകളും റെയില്‍വേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അന്തർസംസ്ഥാന കുപ്രസിദ്ധ മോഷ്ടാവ് കോടതിയിൽ ഹാജരാക്കാൻ ശ്രമിക്കുന്നതിനിടെ രക്ഷപെടാൻ ശ്രമിച്ചു. കേരളത്തിലും തമിഴ്‌നാട്ടിലും റെയിൽവേ കേസുകളിലടക്കം പ്രതിയായ പരവൂര്‍ സ്വദേശി 'വേട്ട അഭിജിത്ത്' ആണ് രക്ഷപെടാൻ ശ്രമിച്ചത്. കൊല്ലം കോടതി കോമ്പൗണ്ടിലാണ് സംഭവം. പൊലീസുകാരുടെ കണ്ണ് വെട്ടിച്ച് മുന്‍ഭാഗത്തെ ഗേറ്റ് വഴിയാണ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചത്. എന്നാൽ പോലീസ് പിന്നാലെ ഓടി ഇയാളെ പിടികൂടുകയും ചെയ്തു. നേരത്തെയും കസ്റ്റഡിയില്‍ നിന്നും ഇയാൾ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. അപ്പോഴും പ്രതിയെ ഓടിച്ചിട്ട് പൊലീസ് പിടികൂടിയിരുന്നു.
സംഭവത്തില്‍ കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തു. ജൂലൈ ഒന്നിനാണ് അഭിജിത്ത് ഒടുവില്‍ പൊലീസിന്‍റെ പിടിയിലായത്. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായിട്ടായിരുന്നു റെയില്‍വേ പൊലീസ് പിടികൂടിയത്. മോഷണക്കേസില്‍ തമിഴ്‌നാട് പൊലീസിന്‍റെ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട ശേഷമായിരുന്നു കൊല്ലം റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചുളള മോഷണപരമ്പര തുടർന്നത്. എ സി കോച്ചുകളില്‍ ടിക്കറ്റെടുത്ത് കയറി ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, സ്വര്‍ണാഭരണങ്ങള്‍ എന്നിവ മോഷ്ടിക്കുന്നതായിരുന്നു രീതി.



