കേരള ബാങ്ക് എടിഎമ്മിൽ തട്ടിപ്പ്; നഷ്ടമായത് രണ്ടേമുക്കാൽ ലക്ഷം രൂപ; പണം പിൻവലിക്കൽ മരവിപ്പിച്ചു

By Web TeamFirst Published Aug 11, 2021, 8:36 AM IST
Highlights

മൂന്ന് എടിഎമ്മുകളിൽ നിന്നായി രണ്ടേമുക്കാൽ ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്.  വ്യാജ എടിഎം കാർഡുകൾ ഉപയോ​ഗിച്ചാണ് പണം തട്ടിയിരിക്കുന്നത്. 

തിരുവനന്തപുരം: കേരള ബാങ്കിന്റെ എടിഎമ്മുകളിൽ നിന്ന് പണം തട്ടി. മൂന്ന് എടിഎമ്മുകളിൽ നിന്നായി രണ്ടേമുക്കാൽ ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്.  വ്യാജ എടിഎം കാർഡുകൾ ഉപയോ​ഗിച്ചാണ് പണം തട്ടിയിരിക്കുന്നത്. ഇതേത്തുടർന്ന് കേരള ബാങ്ക് എടിഎമ്മുകളിൽ നിന്ന് മറ്റ് ബാങ്കുകളുടെ എടിഎം കാർഡുപയോ​ഗിച്ച് പണം പിൻവലിക്കുന്നത് താല്ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. ഉപഭോക്താക്കൾക്ക് നഷ്ടം ഉണ്ടാകില്ലെന്ന് ബാങ്ക് അറിയിച്ചു.  സോഫ്റ്റ് വെയർ തകരാറാണോ തട്ടിപ്പുകാർ മുതലെടുത്തതെന്ന് സംശയമുണ്ട്. 

തിരുവനന്തപുരം, കാസർഗോഡ്, കോട്ടയം ജില്ലകളിലെ കേരള ബാങ്ക് എടിഎമ്മിൽ നിന്നാണ് തട്ടിപ്പ് നടന്നത്. കഴിഞ്ഞ മൂന്നു ദിവസമായി എടിഎമ്മുകളിൽ നിന്നും പണം നഷ്ടമാകുന്നത് ശ്രദ്ധിച്ച ബാങ്ക് ഉദ്യോഗസ്ഥർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഉത്തർപ്രദേശിൽ ബാങ്ക് അക്കൗണ്ടുള്ളവരാണ് കേരള ബാങ്ക് എടിഎമ്മിൽ നിന്നും പണം പിൻവലിച്ചിരിക്കുന്നതെന്നാണ്  ബാങ്കിന്റെ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്. ഏത് ബാങ്കിന്റെയും എടിഎമ്മിലും മറ്റേത് ബാങ്കിന്റെയും എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കാം,. ഉപഭോക്താവിന് പണം കിട്ടുക, പിൻവലിക്കുന്ന എടിഎം ഉള്ള ബാങ്കിൻറെ അക്കൗണ്ടിൽ നിന്നാണ്.  ബാങ്കിന് നഷ്ടമാകുന്ന പണം  വൈകിട്ടോടെ റിസർവ്വ്ബാങ്കിന്റെ സോഫ്റ്റ്വെയർ മുഖേന പണം പിൻവലിച്ച ഉപഭോക്താവിൻറെ ബാങ്കിൻറെ അക്കൗണ്ടിൽ നിന്നും  തിരിച്ചെത്തും..

എന്നാൽ കേരള ബാങ്കിൽ നിന്നും തട്ടിപ്പുകാർ പിൻവലിക്കുന്ന  പണം, പിൻവലിക്കുന്ന ഉപഭോക്താവിൻറെ അക്കൗണ്ടിൽ നിന്നും  തിരിച്ചെത്തുന്നില്ല. ബാങ്കിന് പണം നഷ്ടമാകുകയും ചെയ്യുന്നു. ഇങ്ങനെ പണം നഷ്ടമാകുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് പൊലീസിൽ പരാതിപ്പെട്ടത്. കേരള ബാങ്കിന്റെ സോഫ്റ്റ്വെയർ പിഴവാകാം കാരണമെന്നും സംശയമുണ്ട്.  ഹൈ ടെക് തട്ടിപ്പ് സംഘം വ്യാജ എടിഎം ഉപയോഗിച്ചാണ് തട്ടിപ്പു നടത്തുന്നതെന്നാണ് പൊലീസിൻറെ നിഗമനം. തിരുവനന്തപുരത്ത് രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. 90000 രൂപ കിഴക്കേക്കോട്ടയിലെയും നെടുമങ്ങാടെയും എടിമ്മുകളിൽ നിന്നും നഷ്ടമായെന്നാണ് പരാതി. എന്നാൽ ഉപഭോക്താക്കളുടെ പണമൊന്നും നഷ്ടമായിട്ടില്ലെന്നാണ്  കേരള ബാങ്ക് അധികൃതർ പറയുന്നത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!