
തിരുവനന്തപുരം: മന്ത്രിസഭാരൂപീകരണത്തിൽ തലസ്ഥാനത്ത് തിരക്കിട്ട ചർച്ചകൾ. കോൺഗ്രസ് മന്ത്രിപ്പട്ടിക ഇന്ന് തന്നെ ഉണ്ടാകും. ഹൈക്കമന്‍ഡ് അംഗീകാരത്തോടെ ഇന്ന് മന്ത്രിപ്പട്ടിക ഗവർണർക്ക് കൈമാറും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പിസി വിഷ്ണുനാഥും കണ്ടോൺമെന്റ് ഹൗസിലെത്തി. കോൺഗ്രസ് മന്ത്രി ലിസ്റ്റ് ഇന്ന് തന്നെ ഉണ്ടായേക്കുമെന്ന് സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. കോൺഗ്രസ് മന്ത്രിമാരെ സംബന്ധിച്ച ലിസ്റ്റ് നിയുക്ത മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും ദീപാ ദാസ് മുൻഷിയും കെസി വേണുഗോപാലുമായി ചർച്ച നടത്തി ഹൈക്കമാന്‍ഡിന് കൈമാറും. അതേസമയം, ഒരു എംഎല്‍എ മാത്രമുള്ള പാർട്ടികൾക്ക് ടേം വ്യവസ്ഥയും ആലോചനയിലുണ്ട്.
കന്റോൺമെന്റ് ഹൗസിൽ ഉഭയകക്ഷി ചർച്ച അൽപസമയത്തിനകം തുടങ്ങും. ലീഗുമായുള്ള ചർച്ചകളാകും ആദ്യം പൂർത്തിയാക്കുക. 11 മന്ത്രിമാരും സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവുമാണ് കോൺഗ്രസിന് ലഭിക്കുക. ആരൊക്കെ ബർത്ത് ഉറപ്പിക്കും എന്നതിലാണ് ആകാംക്ഷ. ഇടഞ്ഞ് നിൽക്കുന്ന രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ ശ്രമം തുടരുകയാണ്. അതേസമയം, യുഡിഎഫ് മന്ത്രിസഭയിൽ അഞ്ച് മന്ത്രിസ്ഥാനമെന്ന ആവശ്യം മുന്നോട്ട് വെച്ച മുസ്ലിം ലീഗിന് മുന്നിൽ കോൺഗ്രസ് വഴങ്ങിയേക്കില്ല. നാല് മന്ത്രിസ്ഥാനം നൽകാമെന്നും അഞ്ചാം മന്ത്രിക്ക് പകരമായി ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം നൽകാമെന്ന നിർദേശം കോൺഗ്രസ് മുസ്ലിം ലീഗിന് മുന്നിൽ വെയ്ക്കും.. നിലവിലെ സാഹചര്യത്തിൽ അഞ്ച് മന്ത്രിസ്ഥാനം എന്ന ആവശ്യം കോൺഗ്രസ് അംഗീകരിച്ചേക്കില്ലെന്നാണ് സൂചന. ഘടക കക്ഷികളിൽ നിന്നും വിട്ടുവീഴ്ച പ്രതീക്ഷിച്ചാണ് കോൺഗ്രസ് നീക്കം. മുസ്ലിം ലീഗ് കൈവശം വെച്ചിരിക്കുന്ന വിദ്യാഭ്യാസ വകുപ്പ് തിരിച്ചെടുക്കുന്നതിലും കോൺഗ്രസിൽ ആലോചന നടക്കുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പിന് പകരം, മറ്റൊരു വകുപ്പ് നൽകുന്നതാണ് പരിഗണനയിലുള്ളത്. ചീഫ് വിപ്പ് പദവി വേണ്ടെന്നു വയ്ക്കുന്നതും യുഡിഎഫ് പരിഗണിക്കുന്നുണ്ട്. നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ചർച്ചകൾ വലിച്ചു നീട്ടാതെ പെട്ടെന്ന് തീരുമാനമെടുത്തേക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam