Haridas Murder : 'സമാധാന അന്തരീക്ഷം തകർക്കാനുള്ള ആസൂത്രിത നീക്കം', കണ്ണൂർ കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി

Published : Feb 21, 2022, 03:59 PM ISTUpdated : Feb 21, 2022, 04:30 PM IST
Haridas Murder : 'സമാധാന അന്തരീക്ഷം തകർക്കാനുള്ള ആസൂത്രിത നീക്കം', കണ്ണൂർ കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി

Synopsis

''നാട്ടിൽ സമാധാന അന്തരീക്ഷം തകർക്കാനുള്ള ആസൂത്രിത സംഭവമാണിത്. നാട്ടിൽ കലാപമുണ്ടാക്കാനുള്ള ഇത്തരം ശ്രമങ്ങളെ നാടൊന്നാകെ ചെറുത്തു തോൽപ്പിക്കേണ്ടതുണ്ട്''

തിരുവനന്തപുരം : കണ്ണൂർ തലശ്ശേരിയിലെ സിപിഎം (CPM Activist) പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi vijayan ). കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസിന് കർശന നിർദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. നാട്ടിൽ സമാധാന അന്തരീക്ഷം തകർക്കാനുള്ള ആസൂത്രിത സംഭവമാണിത്. നാട്ടിൽ കലാപമുണ്ടാക്കാനുള്ള ഇത്തരം ശ്രമങ്ങളെ നാടൊന്നാകെ ചെറുത്തു തോൽപ്പിക്കേണ്ടതുണ്ട്. പ്രകോപനത്തിൽ വീഴാതെ പ്രദേശത്തെ സമാധാന അന്തരീക്ഷം നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. 

ഫേസ്ബുക്കിലെ കുറിപ്പിന്റെ പൂർണ രൂപം 

തലശ്ശേരി പുന്നോലിൽ സിപിഐ എം പ്രവർത്തകൻ കൊരമ്പിൽ ഹരിദാസിന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസിന് കർശന നിർദേശം നൽകിയിട്ടുണ്ട്. അന്വേഷണം മുന്നോട്ടു പോവുകയാണ്. മത്സ്യത്തൊഴിലാളിയായ ഹരിദാസ് പുലർച്ചെ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കൊലചെയ്യപ്പെട്ടത്. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് അത് തകർക്കാൻ നടത്തിയ ആസൂത്രിത സംഭവമാണിത് എന്നാണ് വ്യക്തമാകുന്നത്. നാട്ടിൽ കലാപമുണ്ടാക്കാനുള്ള ഇത്തരം ശ്രമങ്ങളെ നാടൊന്നാകെ ചെറുത്തു തോൽപ്പിക്കേണ്ടതുണ്ട്. പ്രകോപനത്തിൽ വീഴാതെ പ്രദേശത്തെ സമാധാന അന്തരീക്ഷം നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഹരിദാസിന്റെ കുടുംബത്തിന്റെയും ബന്ധുമിത്രാദികളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

തലശ്ശേരി പുന്നോലിൽ ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് സിപിഎം പ്രവർത്തകന്‍ ഹരിദാസനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്.  ജോലി കഴിഞ്ഞ് മടങ്ങവേ വീടിന് സമീപത്ത് വച്ചായിരുന്നു കൊലപാതകം. രണ്ട് ബൈക്കുകളിലായെത്തിയ സംഘമാണ് കൊല നടത്തിയത്. അതിക്രൂരമായ നിലയിലാണ് കൊലപാതകം നടത്തിയത്. സംഭവത്തിൽ ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ഇരുപതിലേറെ വെട്ടാണ് ഹരിദാസിന്റെ ശരീരത്തിലുള്ളതെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിൽ പറയുന്നത്. ഒരേ വെട്ടിൽ തന്നെ വീണ്ടും വെട്ടിയുണ്ട്. മുറിവുകളുടെ എണ്ണം കണക്കാക്കാൻ കഴിയാത്ത രീതിയിൽ ശരീരം വികൃതമാക്കിയ നിലയിലാണ്. ഇടതുകാൽ മുട്ടിന് താഴെ വെച്ച് മുറിച്ചു മാറ്റി. വലതുകാൽ മുട്ടിന് താഴെ നാലിടങ്ങളിൽ ആഴത്തിലുള്ള മുറിവുണ്ട്. ഇടത് കൈയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. അരക്ക് താഴേക്കാണ് കൂടുതൽ മുറിവുകളുമുള്ളത്. 

ബിജെപി നേതൃത്വത്തിന്റെ അറിവോടെ ആർ എസ് എസ് ബിജെപി സംഘമാണ് കൊലപാതകം നടത്തിയതെന്ന് സിപിഎം സംസ്ഥാന ജില്ലാ നേതൃത്വങ്ങൾ ആരോപിച്ചു. ക്ഷേത്രത്തിലെ സംഘർഷം കൊലപാതകം വരെ എത്തിച്ചത് ബി ജെ പി കൗൺസിലറുടെ പ്രകോപന പ്രസംഗമാണെന്നും സി പി എം ആരോപിക്കുന്നു. എന്നാൽ കൊലപാതകത്തിൽ ഒരു പങ്കുമില്ലെന്നാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ നിലപാട്. 

ഹരിദാസനുമായി പുന്നോൽ ക്ഷേത്രത്തിൽ വച്ച് സംഘ‍ർഷമുണ്ടാക്കിയ സംഘത്തിലുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. ഭീഷണി പ്രസം​ഗം നടത്തിയ ബിജെപി കൗൺസില‍ർ ലിജീഷിനേയും കസ്റ്റഡിയിലെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണ‍ർ ആർ.ഇളങ്കോ അറിയിച്ചു. ന്യൂമാഹി എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്നും ആകെ ആറ് സംഘങ്ങൾ നിലവിൽ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണംനടത്തി വരികയാണെന്നും ഇളങ്കോ വ്യക്തമാക്കി. 

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി