അവധി ആഘോഷമാക്കാന്‍ കേരളത്തിലെ ആദ്യ ഭാരത് ഗൗരവ് ട്രെയിൻ ഓണത്തിനെത്തുന്നു

By Web TeamFirst Published Aug 18, 2022, 5:34 PM IST
Highlights

തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് വഴിയുള്ള യാത്ര സെപ്തംബര്‍ രണ്ടിന് ആരംഭിക്കും. മൈസൂര്‍-ഹമ്പി-ഹൈദരാബാദ്-റാമോജി-ഔറംഗാബാദ്‌ -എല്ലോറ-അജന്ത-സ്റ്റാച്യൂ ഓഫ് യൂണിറ്റി-ഗോവ എന്നിവിടങ്ങളിലൂടെ  11 ദിവസത്തില്‍ സഞ്ചരിക്കാം.

തിരുവനന്തപുരം: ഇന്ത്യൻ റെയിൽവേയും ട്രാവൽ ടൈംസ് ഉല റെയിലും സംയുക്തമായ പ്രവര്‍ത്തിപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ ഭാരത് ഗൗരവ് ട്രെയിൻ ഓണം അവധിക്ക് ആരംഭിക്കും. വിജയകരമായി പ്രവര്‍ത്തനം തുടരുന്ന ഉലറെയില്‍ കേരളത്തിലെ വിനോദസഞ്ചാരികള്‍ക്ക് ഈ അവധിക്കാലത്ത് മികച്ച യാത്രാനുഭവം നല്‍കുക ലക്ഷ്യമിട്ടാണ് ഓണം അവധി സ്പെഷ്യല്‍ ടൂറിസ്റ്റ് ട്രെയിനുമായെത്തുന്നത്.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് വഴിയുള്ള യാത്ര സെപ്തംബര്‍ രണ്ടിന് ആരംഭിക്കും. മൈസൂര്‍-ഹമ്പി-ഹൈദരാബാദ്-റാമോജി-ഔറംഗാബാദ്‌-എല്ലോറ-അജന്ത-സ്റ്റാച്യൂ ഓഫ് യൂണിറ്റി- ഗോവ എന്നിവിടങ്ങളിലൂടെ  11 ദിവസത്തില്‍ സഞ്ചരിക്കാം. നാല് 3AC കോച്ചുകള്‍, ആറ് 2SL കോച്ചുകള്‍  ഉള്‍പ്പെടെയുള്ള ട്രെയിനില്‍ രാജ്യത്ത് തന്നെ ആദ്യമായി അവതരിപ്പിക്കുന്ന ഫ്ലെയിം ലെസ് പാന്‍ട്രി കാറുകളുമുണ്ട്. കോച്ച് മാനേജര്‍മാര്‍, കോച്ച് ഗാര്‍ഡുകള്‍, സിസിടിവി നിരീക്ഷണം, പിഎ സംവിധാനം ഉള്‍പ്പെടെ നിരവധി മറ്റ് സവിശേഷതകളും ഉല റെയിലിനെ വ്യത്യസ്തമാക്കുന്നു. കോച്ച്, ഭക്ഷണം, താമസം, ട്രാന്‍സ്പോര്‍ട്ടേഷന്‍ എന്നിവ അടിസ്ഥാനമാക്കിയാണ് നിരക്കുകള്‍ തീരുമാനിക്കുക. 

2022 ജൂലൈ 23നായിരുന്നു ഇന്ത്യന്‍ റെയില്‍വേയും ട്രാവല്‍ ടൈംസും തമ്മിലുള്ള പൊതു സ്വകാര്യ പങ്കാളിത്തത്തിന്‍റെ ഭാഗമായി ഉല റെയിലിന്‍റെ ആദ്യയാത്രയ്ക്ക് തുടക്കമായത്. മധുരയില്‍ നിന്ന് പുറപ്പെട്ട ദിവ്യ കാശി സ്പെഷ്യല്‍ യാത്ര, ഓഗസ്റ്റ് മൂന്നിന് ചെന്നൈ വഴി മധുരയില്‍ തിരിച്ചെത്തി വിജയകരമായി പര്യടനം പൂര്‍ത്തിയാക്കി. ട്രെയിനിലെ യാത്രക്കാര്‍ക്ക് മികച്ച സേവനമാണ് ഉല റെയില്‍ നല്‍കിയത്. 

Read More:  എന്താണ് 'സൂപ്പർ വാസുകി', ഭീമൻ ചരക്ക് ട്രെയിനിന്റെ നീളമെത്ര?

സെപ്തംബര്‍ രണ്ടിന് ആരംഭിച്ച് 12ന് അവസാനിക്കുന്ന യാത്രയ്ക്ക്, 3AC കോച്ച് സിങ്കിളിന് 37950 രൂപയാണ് നിരക്ക്. ഡബിള്‍ ബെര്‍ത്തിന് 34500 രൂപയും ട്രിപ്പിള്‍ ബെര്‍ത്തിന് 31050 രൂപയുമാണ് നിരക്ക്. സ്ലീപ്പര്‍ കോച്ചില്‍ സിങ്കിള്‍ ബെര്‍ത്തിന് 31625, ഡബിള്‍- 29750, ട്രിപ്പിള്‍- 26875 എന്നിങ്ങനെയുമാണ് നിരക്കുകള്‍. ഡോര്‍മെട്രിക്ക് 24750 രൂപയാണ്. സെപ്തംബര്‍ രണ്ടിന് രാവിലെ 6.15നാണ് തിരുവനന്തപുരത്ത് നിന്ന് ട്രെയിന്‍ പുറപ്പെടുക. ഉച്ചയ്ക്ക് ഒരു മണിക്ക് ഷോര്‍ണൂര്‍ എത്തുന്ന ട്രെയിന്‍ 1.05ന് അവിടെ നിന്നും പുറപ്പെടും. 

താല്‍പ്പര്യമുള്ളവര്‍ക്ക് ബന്ധപ്പെടാനുള്ള നമ്പരുകള്‍- കൊച്ചി- - 9995988998, തിരുവനന്തപുരം- 9447798331. വിശദവിവരങ്ങള്‍ക്കും ബുക്കിങിനും  www.ularail.com സന്ദര്‍ശിക്കുക.


 

click me!