Latest Videos

കേരളത്തിലെ അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കാരണം സര്‍ക്കാരിന്‍റെ തെറ്റായ മദ്യനയം: സുധീരൻ  

By Asianet MalayalamFirst Published May 16, 2023, 3:50 PM IST
Highlights

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വന്ദനാദാസിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് ആരംഭിച്ച ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിഎം.സുധീരന്‍.

തിരുവനന്തപുരം : സര്‍ക്കാരിന്‍റെ തെറ്റായ മദ്യനയം സംസ്ഥാനത്ത് അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കാരണമാകുന്നതായി കോൺഗ്രസ് നേതാവ്  വിഎം സുധീരന്‍. മദ്യവ്യാപനത്തില്‍ ഹൈക്കോടതി ഇടപെടണമെന്നും സുധീരൻ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പരാജയപ്പെടുമ്പോൾ ജുഡീഷ്യറി കൂടുതൽ ഗൗരവത്തോടെ വിഷയങ്ങളെ കാണണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വന്ദനാദാസിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് ആരംഭിച്ച ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിഎം.സുധീരന്‍. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ തൊഴില്‍ സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ടാണ് ജെബി മേത്തറുടെ നേതൃത്വത്തില്‍,സെക്രട്ടറിയേറ്റിന് മുന്നിലെ ഉപവാസസമരം.

അതിനിടെ, ഡോ. വന്ദനയുടെ കൊലപാതകം നടന്ന് ഒരാഴ്ച പിന്നിടുന്ന വേളയിൽ ഇന്ന് മാത്രം സംസ്ഥാനത്ത് രണ്ടിടങ്ങളിലാണ് ഡോക്ടർമാർക്ക് നേരെ ആക്രമണമുണ്ടായത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിലും കളമശേരി മെഡിക്കൽ കോളേജിലും രോഗികൾ ഡോക്ടർമാരെ ആക്രമിച്ചു. കളമശേരി മെഡിക്കൽ കോളേജിൽ ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ച രോഗിയെ പൊലീസ് അറസ്റ്റ് ചെയ്തു. വട്ടേക്കുന്ന് സ്വദേശി ഡോയൽ വാൾഡിനാണ് പിടിയിലായത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സക്കായി മെഡിക്കൽ കോളേജിലെത്തിയതായിരുന്നു ഡോയൽ. ചികിത്സ നൽകുന്നതിനിടെ ഇയാൾ മുഖത്തടിച്ചുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായുമാണ് മെഡിക്കൽ കോളേജിലെ ഡോ. ഇർഫാൻ ഖാൻ നൽകിയ പരാതിയിലെ ആരോപണം. വനിതാ ജീവനക്കാരെ പ്രതി അസഭ്യം പറഞ്ഞുവെന്നും പരാതിയിലുണ്ട്.  

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് അഞ്ച് ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡോക്ടറെ അധിക്ഷേപിച്ചയാളെ ആശുപത്രി സംരക്ഷണനിയമം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൂജപ്പുര സ്വദേശി ശബരിയാണ് പിടിയിലായത്. ബൈക്ക് മറിഞ്ഞ് കൈമുറിഞ്ഞ് എത്തിയ ഇയാൾ ഇന്നലെ രാത്രി ഡോക്ടർക്കെതിരെ തിരിയുകയായിരുന്നു. മുറിവ് മരുന്നുവെച്ചു കെട്ടുന്നതിനിടെ പ്രകോപിതനായി ഇയാൾ ഡോക്ടറെ അധിക്ഷേപിച്ചു. മറ്റൊരു രോഗിയുമായി ആശുപത്രിയിലെത്തിയ പൊലീസിന്റെ സഹായത്തോടെയാണ് ഇയാളെ പിടിച്ചുമാറ്റിയത്. നിലവിലുള്ള ആശുപത്രി സംരക്ഷണ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പായതിനാൽ റിമാൻഡിലാണ്. കാരണമില്ലാതെയുള്ള പ്രകോപനത്തിന് പിന്നിലെന്താണെന്ന് പൊലീസ് പരിശോധിക്കുകയാണ്. 

പൊലീസിനെ ആക്രമിച്ച സംഭവത്തിൽ ട്വിസ്റ്റ്! കസ്റ്റഡിയിലെടുത്ത യുവനടനടക്കം രണ്ടുപേരെ റോഡിലിട്ട് ചവിട്ടി; വീഡിയോ

 

click me!