'ഭരണഘടനയെ അധിക്ഷേപിച്ചു', സജി ചെറിയാനെതിരെ ഗവർണർക്ക് ലോയേഴ്സ് ഫോറത്തിന്റെ പരാതി

By Web TeamFirst Published Jul 6, 2022, 2:27 PM IST
Highlights

മുഖ്യമന്ത്രിയുടെ ശുപാർശപ്രകാരം ഗവർണറാണ് മന്ത്രിയാകാൻ അംഗീകാരം നൽകിയത്. ഭരണഘടനയെ വെല്ലുവിളിച്ച മന്ത്രിയുടെ നിലപാടിൽ ഗവർണർ അതൃപ്തി രേഖപ്പെടുത്തി തുടർ നടപടിയെടുക്കണമെന്നും പരാതിയിലുണ്ട്. 

തിരുവനന്തപുരം : ഭരണഘടനയെ അധിക്ഷേപിച്ച മന്ത്രി സജി ചെറിയാനെതിരെ ഗവർണർക്ക് പരാതി. കേരളാ ലോയേഴ്സ് ഫോറമാണ് പരാതി നൽകിയത്. ഇന്ത്യൻ ഭരണഘടനയെ തളളിപ്പറഞ്ഞ മന്ത്രിക്കെതിരെ ഗവർണർ ഭരണഘടനാപരമായ നടപടി സ്വീകരിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. മുഖ്യമന്ത്രിയുടെ ശുപാർശപ്രകാരം ഗവർണറാണ് മന്ത്രിയാകാൻ അംഗീകാരം നൽകിയത്. അതിനാൽ ഭരണഘടനയെ വെല്ലുവിളിച്ച മന്ത്രിയുടെ നിലപാടിൽ ഗവർണർ അതൃപ്തി രേഖപ്പെടുത്തി തുടർ നടപടിയെടുക്കണമെന്നും പരാതിയിലുണ്ട്. 

അതേ സമയം, ഭരണഘടനയെ അധിക്ഷേപിച്ച പ്രസംഗത്തിൽ മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സ്വദേശിയായ അഭിഭാഷകൻ ബൈജു നോയൽ തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകി. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചെന്നും സത്യപ്രതിഞ്ജ ലംഘനം നടത്തിയെന്നുമാണ് പരാതിയിലുള്ളത്. പരാതി ഫയലിൽ സ്വീകരിച്ച കോടതി വെള്ളിയാഴ്ച പരിഗണിക്കും. ബൈജു നോയൽ ഇന്നലെ പൊലീസിൽ കൊടുത്ത പരാതിയിൽ നടപടി എടുക്കാത്തതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്. 

വിഷയത്തിൽ പത്തനംതിട്ട എസ്പിക്ക് കിട്ടിയ പരാതികൾ തിരുവല്ല ഡിവൈഎസ്പിക്ക് കൈമാറി. ഈ പരാതികളിൽ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തിൽ പൊലീസിന് ആശയക്കുഴപ്പം തുടരുകയാണ്. സംസ്ഥാന തലത്തിൽ നിന്നുള്ള നിർദേശത്തിന് ശേഷം മാത്രമേ പൊലീസ് നടപടികളിലേക്ക് കടക്കുകയുള്ളു. മന്ത്രിയുടെ പ്രസംഗം പരിശോധിച്ച ശേഷം നിയമ ഉപദേശം തേടുന്നതിനെ പറ്റിയാണ് പൊലീസ് ആലോചിക്കുന്നത്. 

സജി ചെറിയാൻ രാജി വയ്ക്കില്ല,തൽക്കാലം രാജി വേണ്ടെന്ന് പാർട്ടിയിൽ ധാരണ

അതിനിടെ സജി ചെറിയാന്റെ ഭരണഘടനക്കെതിരായ പരാമർശത്തിൽ സംസ്ഥാന നേതൃത്വം ഉചിതമായ നടപടിയെടുക്കുമെന്ന് സീതാറാം യെച്ചൂരി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സംസ്ഥാന നേതൃത്വവുമായി ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും വിഷയം കേരത്തിൽ ചർച്ച ചെയ്യുന്നുണ്ടെന്നും  സിപിഎം ജനറൽ സെക്രട്ടറി പറഞ്ഞു.

കൂടുതൽ ഇവിടെ വായിക്കാം സജി ചെറിയാന്‍ വിവാദം; 'ഉചിതമായ നടപടി സംസ്ഥാന നേതൃത്വം തീരുമാനിക്കും': സീതാറാം യെച്ചൂരി

click me!