'നിസാരക്കാരനല്ല, ആ ടിക് ടിക് ശബ്ദം ശ്രദ്ധിക്കണം, നാല് മുതല്‍ ഒന്‍പത് വരെ, ഹാന്‍ഡ് ബ്രേക്കിനെ കുറിച്ച് എംവിഡി

Published : Mar 30, 2024, 07:37 PM IST
'നിസാരക്കാരനല്ല, ആ ടിക് ടിക് ശബ്ദം ശ്രദ്ധിക്കണം, നാല് മുതല്‍ ഒന്‍പത് വരെ, ഹാന്‍ഡ് ബ്രേക്കിനെ കുറിച്ച് എംവിഡി

Synopsis

'സ്വന്തം വാഹനം ദേഹത്ത് കയറിയ ഒരാള്‍ മരിച്ച സംഭവം' ചൂണ്ടിക്കാണിച്ച് കൊണ്ടാണ് എംവിഡി ഹാന്‍ഡ് ബ്രേക്കിന്റെ ഉപയോഗം എങ്ങനെയാണെന്ന് പറയുന്നത്. 

തിരുവനന്തപുരം: കൃത്യമായ രീതിയില്‍ ഹാന്‍ഡ് ബ്രേക്ക് ഇടാത്തതിനെ തുടര്‍ന്നുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്. ഹാന്‍ഡ് ബ്രേക്ക് നിസാരക്കാരനല്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് എംവിഡിയുടെ അറിയിപ്പ്. അടുത്തിടെ 'സ്വന്തം വാഹനം ദേഹത്ത് കയറിയ ഒരാള്‍ മരിച്ച സംഭവം' ചൂണ്ടിക്കാണിച്ച് കൊണ്ടാണ് എംവിഡി ഹാന്‍ഡ് ബ്രേക്കിന്റെ ഉപയോഗം എങ്ങനെയാണെന്ന് പറയുന്നത്. 

എംവിഡിയുടെ കുറിപ്പ്: പാര്‍ക്കിംഗ് ബ്രേക്ക് / ഹാന്‍ഡ് ബ്രേക്ക് നിസാരക്കാരനല്ല..'സ്വന്തം വാഹനം ദേഹത്ത് കയറിയ ആള്‍ക്ക് ദാരുണാന്ത്യം' എന്ന തലക്കെട്ടോടെയുള്ള പത്രവാര്‍ത്ത വളരെ മാനസിക വിഷമത്തോടെയാണ് വായിച്ചത്. കുഴിയില്‍ വീണ വാഹനം കരക്ക് കയറ്റിയ ശേഷം, കേടുപാട് ഉണ്ടോ എന്നറിയാന്‍ കാറിന്റെ അടിവശം പരിശോധിക്കുന്നതിനിടയില്‍, പിന്നോട്ട് നിരങ്ങി ദേഹത്ത് മുന്‍ ചക്രം കയറി ആള്‍ മരണപ്പെടുകയായിരുന്നു. ഒരു വാഹനം നിറുത്തി ഡ്രൈവര്‍ പുറത്തിറങ്ങുമ്പോള്‍ വണ്ടി മുന്നോട്ടോ പിന്നോട്ടോ ഉരുണ്ട് നീങ്ങി (പ്രത്യേകിച്ചും ചരിവുള്ള പ്രതലങ്ങളില്‍) അപകടം ഉണ്ടാകാതെ തടയുന്നത് ഹാന്‍ഡ് ബ്രേക്ക് അഥവാ പാര്‍ക്കിംഗ് ബ്രേക്കാണ്. 

പാര്‍ക്കിംഗ് ബ്രേക്ക് ലിവര്‍ മുകളിലേക്ക് വലിച്ച് ലോക്ക് ചെയ്യുമ്പോള്‍ വാഹനത്തിന്റെ പിന്‍ചക്രത്തിലെ ബ്രേക്ക് പ്രവര്‍ത്തനക്ഷമമാക്കുന്നതാണ് ഇതിന്റെ പ്രവര്‍ത്തനം എന്ന് ലളിതമായി പറയാം. പാര്‍ക്കിംഗ് ബ്രേക്ക് ലിവറിന്റെ ഭാഗമായ റാച്ചറ്റ് സംവിധാനമാണ് ലിവറിനെ യഥാസ്ഥാനത്ത് പിടിച്ച് നിര്‍ത്തുന്നത്. ചിലര്‍ ലിവറിന്റെ മുകളിലുള്ള നോബ് ഞെക്കിപ്പിടിച്ച് ലിവര്‍ മുകളിലേക്ക് ഉയര്‍ത്തുന്നത് കണ്ടിട്ടുണ്ട്. ഇങ്ങനെ തെറ്റായി ചെയ്യുമ്പോള്‍ ബ്രേക്ക് ശരിയായി ലോക്ക് ആകില്ല. ബ്രേക്ക് റിലീസ് ചെയ്യുമ്പോഴാണ് ലിവറിന്റെ മുകളിലെ നോബ് പ്രസ് ചെയ്യേണ്ടത് എന്നുകൂടി മനസിലാക്കുക. 

ലിവര്‍ മുകളിലേക്ക് വലിക്കുമ്പോള്‍ 'ടിക് ടിക്' ശബ്ദം കേള്‍ക്കുന്നത് ഒന്നു ശ്രദ്ധിക്കുമല്ലോ. റാച്ചറ്റിന്റെ ടീത്തില്‍ ലോക്ക് ആകുന്ന ശബ്ദമാണിത്. സാധാരണയായി 4 മുതല്‍ 9 വരെ 'ടിക്' ശബ്ദമാണ് വാഹന നിര്‍മ്മാതാക്കള്‍ നിഷ്‌കര്‍ഷിക്കുന്നത്. ലിവര്‍ വിലക്കുമ്പോള്‍ ഇതില്‍ കൂടുതല്‍ തവണ 'ടിക്'ശബ്ദം കേട്ടാല്‍ ഹാന്‍ഡ് ബ്രേക്ക് അഡ്ജസ്റ്റ് ചെയ്യാറായി എന്ന് മനസിലാക്കാം... വാഹനം നിര്‍ത്തി പുറത്തിറങ്ങും മുന്‍പ്  ഗിയറില്‍ ഇടാനും മറക്കരുത്. വാഹനം ന്യൂട്രല്‍ പൊസിക്ഷനില്‍ ആണെങ്കില്‍ പോലും 'പാര്‍ക്കിംഗ് ബ്രേക്ക് ' ശരിയായി പ്രവര്‍ത്തിപ്പിച്ചിട്ടുണ്ടെങ്കില്‍ സുരക്ഷ ഉറപ്പുവരുത്താം. ഇപ്പോള്‍ മനസ്സിലായില്ലേ, 'പാര്‍ക്കിംഗ് ബ്രേക്ക് ' നിസാരക്കാരനല്ലെന്ന്. ചെറിയ അശ്രദ്ധ കൊണ്ട് അപകടം വിളിച്ച് വരുത്താതിരിക്കൂ...ശുഭയാത്ര.

വനിത പൊലീസ് ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ; കണ്ടെത്തിയത് കെഎസ്ആർടിസി ജീവനക്കാരനായ ഭർത്താവെന്ന് പൊലീസ് 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഇടതുപക്ഷം തകരുന്നത് തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോഴല്ല...': തദ്ദേശ ഫലത്തിൽ പ്രതികരണവുമായി ഗായകൻ സൂരജ് സന്തോഷ്
വിജയാഹ്ലാദം: മൂവാറ്റുപുഴയിൽ കുഴലപ്പം വിതരണം ചെയ്ത് മാത്യു കുഴൽനാടൻ, ഡിവൈഎഫ്ഐക്ക് മറുപടി