
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഓണപ്പരീക്ഷ ഇന്ന് തുടങ്ങും. ചോദ്യപേപ്പർ ചോർച്ച തടയാൻ ഇത്തവണ വിപുലമായ ക്രമീകരണങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയത്. പരീക്ഷ തുടങ്ങുന്നതിന് അര മണിക്കൂർ മുമ്പ് മാത്രമേ ചോദ്യപേപ്പർ അടങ്ങുന്ന കവർ പൊട്ടിക്കാവൂ എന്നാണ് നിർദേശം.
ചോദ്യപേപ്പറിൽ പ്രധാന അധ്യാപകനും പരീക്ഷാ ചുമതലയുള്ള അധ്യാപകരും രണ്ട് കുട്ടികളും പേരും ഒപ്പും കവർ പൊട്ടിച്ച തിയ്യതിയും സമയവും രേഖപ്പെടുത്തണം. ചോദ്യപേപ്പർ കൈകാര്യം ചെയ്യാൻ ജില്ലകളിൽ പ്രത്യേകം സെൽ രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഓണം, ക്രിസ്മസ് പരീക്ഷാ ചോദ്യ പേപ്പറുകൾ ചില യൂട്യൂബ് ചാനലുകൾ വഴി ചോർന്നത് വിവാദമായിരുന്നു.
അതേസമയം തൃശൂരിൽ ഇന്ന് നടക്കേണ്ട ഓണപ്പരീക്ഷ മാറ്റിവച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. സി ബി എസ് ഇ, ഐ സി എസ് ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ഇന്ന് നടക്കണ്ടിയിരുന്ന ഓണപ്പരീക്ഷയുടെ പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്നും കളക്ടർ വ്യക്തമാക്കി. മുന്‍കൂട്ടി നിശ്ചയിച്ച മറ്റു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.