കൊച്ചി: എറണാകുളത്തെ പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ സിപിഎം നേതാവ് അടക്കം മൂന്ന് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. 90 ദിവസമായിട്ടും ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകാത്തതിനെ തുടർന്നാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ഉപാധികളോടെ ജാമ്യം നൽകിയത്. ഇതിനിടെ 2018 ലെ പ്രളയ ദുരിതാശ്വാസ നിധിയിൽ നിന്ന് 73 ലക്ഷം രൂപ കാണാനില്ലെന്ന എഡിഎമ്മിന്‍റെ പരാതിയിൽ ക്രൈംബ്രാഞ്ച് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു.

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് ഇരുപത്തി ഏഴ്  ലക്ഷത്തി എഴുപത്തി മൂവായിരം രൂപ സിപിഎം നേതാക്കൾ അടക്കമുള്ളവരുടെ അക്കൗണ്ടിലേക്ക് മാറ്റിയേ ശേഷം തട്ടിയെടുത്ത കേസിൽ റിമാൻഡിൽ കഴിയുന്ന മൂന്ന് പ്രതികൾക്കാണ് കോടതി ജാമ്യം നൽകിയത്. എറണാകുളം കളക്ട്രേറ്റിലെ പരിഹാര സെല്ലിലെ ജീവനക്കാരനും ഒന്നാം പ്രതിയുമായ വിഷ്ണു പ്രസാദ്, രണ്ടാം പ്രതിയും മുഖ്യ ഇടനിലക്കാരനുമായ മഹേഷ്, ആറാം പ്രതിയും സിപിഎം തൃക്കാക്കര ഈസ്റ്റ്  ലോക്കൽ കമ്മിറ്റി അംഗവുമായ നിതിൻ എന്നിവർക്കാർ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉപാധികളോടെ ജാമ്യം നൽകിയത്.

പ്രതികൾ 92 ദിവസത്തിലേറെയായി ജയിലിൽ ആണെന്നും കുറ്റപത്രം നൽകാത്തതിനാൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നും ചൂണ്ടികാട്ടിയാണ് കോടതി നടപടി. കേസിൽ മൂന്നാം പ്രതിയും സിപിഎം നേതാവുമായ എം എം അൻവർ, അൻവറിന്‍റെ ഭാര്യ കൗലത്ത് അൻവർ, മഹേഷിന്‍റെ ഭാര്യ നീതു എന്നിവർ ഒളിവിലാണ്. ഏഴാം പ്രതിയും നിതിനിന്‍റെ ഭാര്യയുമായ ഷിന്‍റുവിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഇതിനിടെ  പ്രളയ ഫണ്ട് തട്ടിപ്പിൽ മറ്റൊരു കേസ് കൂടി ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തു. കളക്ട്രേറ്റിലെ ദുരിതാശ്വാസ നിധിയിൽ നിന്ന് 73 ലക്ഷത്തി പതിമൂവായിരം രൂപ കാണാനില്ലെന്ന എഡിഎമ്മിന്‍റെ പരാതിയിലാണ് പുതിയ കേസ്.    

Also Read: സിപിഎം നേതാക്കളുടെ പ്രളയഫണ്ട് തട്ടിപ്പ് കേസ് തിരഞ്ഞ് പോയപ്പോൾ കണ്ടെത്തിയത് വ്യാപക തട്ടിപ്പ്

മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ നിധിയിലേക്കു കളക്ട്രേറ്റ് വഴി  സംഭാവനയായി ലഭിച്ച തുകയടക്കമുള്ളവയാണ് തട്ടിയെടുത്തത്. പണം തട്ടാൻ വേണ്ടി ഉണ്ടാക്കിയ 287 വ്യാജ രസീതുകൾ കളക്ട്രേറ്റിൽ ക്രൈംബ്രാ‌ഞ്ച് സഹായത്തോടെ നടന്ന പരിശോധനയിൽ കണ്ടെടുത്തിരുന്നു. രസീറ്റ് നിർമ്മിച്ചത് കേസിലെ ഒന്നാം പ്രതി വിഷ്ണു പ്രസാദ് തന്നെയാണെന്നാണ് ക്രൈാംബ്രാഞ്ച് കരുതുന്നത്. ഈ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് ആദ്യ കേസിൽ പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത്.