അറ്റാഷെ നാട്ടിലേക്ക് മടങ്ങിയിട്ടും ഗൺമാൻ തോക്ക് തിരിച്ചേൽപ്പിച്ചില്ല, പൊലീസ് സംഘം വീട്ടിലെത്തി

By Web TeamFirst Published Jul 16, 2020, 9:25 PM IST
Highlights

കേസുമായി ബന്ധപ്പെട്ട് ഇന്ന് വീണ്ടും ഹിൽട്ടൽ ഗാർഡൽ ഹോട്ടലിൽ കസ്റ്റംസ് സംഘമെത്തി. പ്രതികൾ ഹോട്ടൽ മുറികൾ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ഹോട്ടൽ ജീവനക്കാരോടും മറ്റുള്ളവരോടും വിവരങ്ങൾ അന്വേഷണ സംഘം ചോദിച്ചു

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ രാജ്യം വിട്ട യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുടെ ഗൺമാന്റെ തോക്ക് തിരികെ വാങ്ങി. അറ്റാഷെ മടങ്ങി പോയിട്ടും ഗൺമാൻ തോക്ക് തിരികെ എആർ ക്യാംപിൽ നൽകിയിരുന്നില്ല. ഈ സാഹചര്യത്തിൽ പൊലീസ് സംഘം ഗൺമാന്റെ വീട്ടിൽ എത്തി തോക്ക് തിരികെ വാങ്ങുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഇന്ന് വീണ്ടും ഹിൽട്ടൽ ഗാർഡൽ ഹോട്ടലിൽ കസ്റ്റംസ് സംഘമെത്തി. പ്രതികൾ ഹോട്ടൽ മുറികൾ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ഹോട്ടൽ ജീവനക്കാരോടും മറ്റുള്ളവരോടും വിവരങ്ങൾ അന്വേഷണ സംഘം ചോദിച്ചു.

അതേസമയം അറ്റാഷെ രാജ്യം വിട്ട സംഭവത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതികരിക്കാൻ തയ്യാറായില്ല. സ്വർണ്ണക്കടത്ത് കേസിൽ യുഎഇ സർക്കാരുമായി സമ്പർക്കത്തിലാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. 

അറ്റാഷെയെ ചോദ്യം ചെയ്യാനായി എൻഐഎയും കസ്റ്റംസും അപേക്ഷ നൽകിയതിന് പിന്നാലെയാണ് ഇയാൾ യുഎഇയിലേക്ക് തിരികെ പോയത്. അറ്റാഷെയെ കൂടാതെ യുഎഇ കോൺസുൽ ജനറലിനെയും സ്വർണക്കടത്ത് കേസിലെ മുഖ്യകണ്ണിയായ സ്വപ്ന നിരവധി തവണ വിളിച്ചതായാണ് ഫോൺരേഖകൾ.

സ്വർണമടങ്ങിയ നയതന്ത്ര ബാഗ് തുറക്കാനുള്ള കസ്റ്റംസ് നീക്കത്തെ ശക്തമായി എതിർത്തത് യുഎഇ കോൺസിലിലെ അറ്റാഷെ റാഷദ് അൽ ഷെമെയ്ലിയാണ്. അറ്റാഷെയുടെ പേരിലാണ് കഴിഞ്ഞ 30ാം തീയതി ബാഗ് എത്തിയത്. നയതന്ത്ര പരിരക്ഷയുള്ള ബാഗ് തുറക്കാൻ അനുവദിക്കില്ലെന്നും തുറക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും സരിത്തിനൊപ്പം എത്തിയ അറ്റാഷെ ഭീഷണിപ്പെടുത്തി. 

എന്നാൽ ഭീഷണിക്ക് വഴങ്ങാതെ അറ്റാഷെയുടെ സാന്നിധ്യത്തിൽ തന്നെ അഞ്ചിന് ബാഗ് തുറക്കുയും സ്വർണം പിടികൂടുകയും ചെയ്തു. അറ്റാഷെയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സരിത്തിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് പിടിയിലായ സ്വപ്നയും അറ്റാഷെയ്ക്കെതിരെ എൻഐഎയ്ക്ക് മൊഴി നൽകി. അറ്റാഷെയുടെ പങ്ക് അന്വേഷിക്കണമെന്ന് സന്ദീപ് നായരും എൻഐഎ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നാലെ അന്വേഷണ ഏജൻസികൾ അറ്റാഷയെ ചോദ്യം ചെയ്യാനുള്ള അനുമതി തേടി കേന്ദ്രസർക്കാരിനെ സമീപിച്ചു. 

സ്വർണക്കടത്ത് കേസിൽ നിർണായക നീക്കങ്ങൾ നടക്കുന്നതിനിടെയാണ് പത്തിന് തിരുവനന്തപുരത്തു നിന്നും ദില്ലിയിലെത്തിയ അറ്റാഷെ രണ്ട് ദിവസം മുമ്പ് നാട്ടിലേക്ക് മടങ്ങിയത്. ഇന്നാണ് അന്വേഷണ ഏജൻസികൾ അറ്റാഷെ രാജ്യം വിട്ട കാര്യം സ്ഥിരീകരിച്ചത്. അതേസമയം സംശയത്തിന്റെ നിഴലിലായിരുന്നുവെങ്കിലും നയതന്ത്ര ഉദ്യോഗസ്ഥനായ അറ്റാഷെയ്ക്ക് യാത്രാവിലക്കൊന്നും ഉണ്ടായിരുന്നില്ല. അറ്റാഷയെ ചോദ്യം ചെയ്യണമെന്ന ആവശ്യപ്പെട്ടുള്ള കത്തിനോട് യുഎഇ എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്. 

click me!