
തിരുവനന്തപുരം: മനുഷ്യൻ്റെ ദുഃഖവും സന്തോഷവുമെല്ലാം പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നവർക്ക് മുന്നറിയപ്പുമായി കേരള പൊലീസ്. അനാവശ്യ ഇടപെടലുകളും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടും ഉള്ള വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയ പൊലീസ് സ്വകാര്യത മാനിക്കാതെ ദൃശ്യങ്ങൾ പകർത്തിയാൽ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം നടൻ സലിം കുമാറിൻ്റെ മരണാന്തര ചടങ്ങിൽ മൊബൈൽ ഫോണിൻ ദൃശ്യങ്ങൾ പകർത്താനുള്ള തിക്കുംതിരക്കും വിമർശനവിധേയമായിരുന്നു. ഇതിന് പിന്നാലെയാണ് കേരള പൊലീസ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകിയത്.
"മറ്റൊരാളുടെ ജീവിതത്തിലേക്കും സ്വകാര്യതയിലേക്കും മൊബൈൽ ക്യാമറകൾ കൊണ്ടുചെല്ലുന്നവർ അറിയാനാണ്. മനുഷ്യന്റെ ദുഃഖവും മരണവും നാടിന്റെ പ്രതിസന്ധിയും അപകടങ്ങളുമൊക്കെ ചിലർക്ക് സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളായി മാറുന്നു. അനാവശ്യ ഇടപെടലുകളും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടും ഉള്ള വെല്ലുവിളിയാണ്.
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കുള്ള അവകാശം (Right to Privacy) മൗലികാവകാശമാണ് എന്നത് ഓർമ്മ വേണം. ഒരാളുടെ അനുമതിയില്ലാതെ അയാളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമനടപടികൾക്ക് കാരണമാകാം. Information Technology Act, 2000 - Section 66E പ്രകാരം ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് മൂന്നു വർഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്".
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam