ശബരിമലയിലേക്കുള്ള വണ്ടിപ്പെരിയാർ സത്രത്തിൽ ഇത്തവണ ഭക്തർക്ക് വിരിവെക്കാൻ സൗകര്യമുണ്ടാകില്ല. പകരം വാളാർഡിയിൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കാൻ കേരള-തമിഴ്നാട് ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചു. സുരക്ഷയ്ക്കായി ഡ്രോൺ നിരീക്ഷണവും കുടിവെള്ള വിതരണവും ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
പത്തനംതിട്ട: ശബരിമലയിലേക്കുള്ള പരമ്പരാഗത കാനന പാതയിലെ വണ്ടിപ്പെരിയാർ സത്രത്തിൽ ഇത്തവണ ഭക്തർക്ക് വിരിവെക്കാനുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കില്ല. പകരം വണ്ടിപ്പെരിയാർ വാളാർഡിയിൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കാൻ കേരള – തമിഴ്നാട് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗത്തിൽ തീരുമാനമായി.
ഇടുക്കിയിലെ സത്രം – പുല്ലുമേട് കാനന പാതവഴി ആയിരക്കണക്കിന് ഭക്തരാണ് ശബരിമലയിലേക്കും തിരിച്ചും പോകുന്നത്. തിരക്ക് വർധിക്കുമ്പോൾ സത്രത്തിൽ വാഹനങ്ങൾ പാർക്കു ചെയ്യുന്നതിനും വിരി വയ്ക്കുന്നതിനും ഏറെ ബുദ്ധിമുട്ട് നേരിടാറുണ്ട്. ഇത് കണക്കിലെടുത്താണ് അന്തർ സംസ്ഥാന യോഗത്തിൻറെ പുതിയ തീരുമാനം. കഴിഞ്ഞ വർഷം മുതലാണ് വാളാഡി എസ്റ്റേറ്റിൽ പാർക്കിംഗ് ഗ്രൗണ്ട് ക്രമീകരിച്ചത്.
ദേവസ്വം ബോർഡിന്റെ ഓൺലൈൻ ബുക്കിംഗ് സൗകര്യവും വാളാഡിയിലുണ്ടാകും. പളനി, ദിണ്ഡുക്കൽ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി അധിക സർവീസ് നടത്തും. പ്രധാന പാതകളുടെ അറ്റകുറ്റപ്പണികൾ നവംബർ പത്തിനകം പൂർത്തിയാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ ആവശ്യത്തിന് ശൗചാലയങ്ങളുണ്ടാകും. സത്രത്തിനും പുല്ലുമേടിനുമിടയില്‍ വനം വകുപ്പ് മൂന്ന് ഇക്കോ ഷോപ്പ് തുറക്കും. വന്യമൃഗ ആക്രമണങ്ങളിൽ നിന്നും അളുകളെ രക്ഷിക്കാൻ ആറു പേര്‍ അടങ്ങുന്ന റാപ്പിഡ് റെസ്പോണ്‍സ് ടീമിനു പുറമേ പുല്ലുമേടിനും സന്നിധാനത്തിനുമിടയില്‍ ഓരോ 500 മീറ്ററിലും രണ്ട് ഇക്കോ ഗാര്‍ഡുമാരും ഡ്രോണ്‍ നിരീക്ഷണവുമുണ്ടാകും. മോട്ടോര്‍ വാഹന വകുപ്പിന്റെ ആറ് സംഘങ്ങൾ 24 മണിക്കൂറും പട്രോളിംഗ് നടത്തും.
വാട്ടര്‍ അതോറിറ്റി ഉപ്പുപാറ മുതല്‍ കോഴിക്കാനം വരെ 15 കേന്ദ്രങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യും. ലഹരി ഉപയോഗം തടയാൻ എക്സൈസും രംഗത്തിറങ്ങും. തീർഥാടകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾക്ക് തമിഴ്നാട്ടിൽ പ്രചാരണം നൽകുമെന്ന് തേനി കളക്ടർ അറിയിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെൻററും തുറക്കും. തേനി ഇടുക്കി ജില്ലകളിലെ കളക്ടർമാർക്കൊപ്പം വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.





