
ഡിജിറ്റല്‍ ടെക്‌നോളജി ലോകത്താകമാനം വരുത്തുന്ന മാറ്റങ്ങള്‍ ഓരോ ദിവസവും നമ്മള്‍ അറിഞ്ഞു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ജീവിതം എളുപ്പമാക്കുന്നതിനപ്പുറം തട്ടിപ്പ് രീതികളെയും ആകമാനം മാറ്റിമറിക്കാന്‍ ഡിജിറ്റല്‍ ഡിവൈസുകള്‍ക്കും ഇ- സങ്കേതങ്ങള്‍ക്കുമായിട്ടുണ്ട്. ഇക്കാലത്ത് ബാങ്ക് എക്കൗണ്ടുകളിലൂടെ പണം കൈമാറ്റം ചെയ്യുന്നതില്‍ നമ്മള്‍ എത്രമാത്രം ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നല്‍കുകയാണ് പൊലീസ്. മ്യൂള്‍ എക്കൗണ്ടുകള്‍ എന്താണെന്നും എങ്ങനെ ജാഗ്രത പാലിക്കണമെന്നുമുള്ള വിവരങ്ങളാണ് വയനാട് പൊലീസ് പങ്കുവെക്കുന്നത്.
എന്താണ് മ്യൂള്‍ എക്കൗണ്ട്?
സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം കൈമാറ്റം ചെയ്യുന്നതിനും ക്രിപ്റ്റോ കറന്‍സികളിലേക്ക് മാറ്റുന്നതിനുമായി ഉപയോഗിക്കുന്ന ബാങ്ക് അകൗണ്ടുകളെയാണ് മ്യൂള്‍ അക്കൗണ്ടുകള്‍ എന്ന് പറയുന്നത്. സാമൂഹികമാധ്യമങ്ങളില്‍ പാര്‍ട്ട് ടൈം അല്ലെങ്കില്‍ ഓണ്‍ലൈന്‍ ജോലികള്‍ തിരയുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരാണ് സൈബര്‍ തട്ടിപ്പുസംഘങ്ങളുടെ വലയില്‍ അകപ്പെടുന്നത്. ഈ അടുത്ത കാലത്തായി ഇത്തരത്തില്‍ തട്ടിപ്പുസംഘങ്ങളായി അറിഞ്ഞോ അറിയാതെയോ പ്രവര്‍ത്തിക്കുന്നവര്‍ കേരളത്തില്‍ വ്യാപകമായതായി പൊലീസ് പറയുന്നു.
സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിള്‍ പേ അക്കൗണ്ടുമുള്ളവര്‍ക്ക് തട്ടിപ്പ് സംഘം 'ജോലി' നല്‍കുന്നു. ഇവരുടെ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് എത്തുന്ന പണം ഒരു ലക്ഷം രൂപ കടക്കുമ്പോള്‍ കമ്മീഷന്‍ എടുത്തശേഷം ബാക്കി തുക തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്ന അക്കൗണ്ടിലേക്ക് അയച്ചു നല്‍കുകയെന്നതാണ് ജോലി. ഉയര്‍ന്ന കമ്മീഷനാണ് തട്ടിപ്പുകാര്‍ വാഗ്ദാനം ചെയ്യുന്നത്. ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവാന്‍മാരല്ലാത്ത യുവതീ- യുവാക്കള്‍ തങ്ങള്‍ അറിയാതെ തന്നെ തട്ടിപ്പുസംഘങ്ങളുടെ കണ്ണികളായി പ്രവര്‍ത്തിക്കുന്നു.
ജാഗ്രത പാലിക്കേണ്ടത് ഇപ്രകാരം
നിങ്ങളുടെ വ്യക്തി വിവരങ്ങളായ സിം കാര്‍ഡുകള്‍, ബാങ്ക് അക്കൗണ്ടുകള്‍, മറ്റു തിരിച്ചറിയല്‍ രേഖകള്‍ എന്നിവ കൈമാറുമ്പോള്‍ ജാഗ്രത പുലര്‍ത്തുണം. സൈബര്‍ തട്ടിപ്പിന് ഇരയായാല്‍ 1930 എന്ന നമ്പരിലോ സൈബര്‍ പൊലീസ് സ്റ്റേഷനിലോ കൃത്യമായ വിവരങ്ങള്‍ നല്‍കണം. പരാതി ഫയല്‍ ചെയ്യണം. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതികള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.