തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനത്തെത്തിയാണ് രാജേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അം​ഗത്വം സ്വീകരിച്ചത്.

തിരുവനന്തപുരം: ദേവികുളം മുന്‍ എംഎൽഎയും സിപിഎം നേതാവുമായിരുന്ന എസ് രാജേന്ദ്രൻ ബിജെപിയിൽ. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ അംഗത്വം നൽകി. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ഷാള്‍ അണിയിച്ച് രാജേന്ദ്രനെ സ്വീകരിച്ചു. വിശ്വസിച്ച പ്രസ്ഥാനത്തെ ഇന്നലെ വരെ ചതിച്ചിട്ടില്ലെന്നും പലതും സഹിച്ചിട്ടുണ്ടെന്നും രാജേന്ദ്രൻ പറഞ്ഞു. അടുത്ത മാസം എട്ടിന് മൂന്നാറിൽ സമ്മേളനം നടത്തുമെന്നും കൂടുതൽ പേര്‍ പാര്‍ട്ടിയിലേയ്ക്ക് എത്തുമെന്നും ബിജെപി അറിയിച്ചു.

ജമാ അത്തെ ഇസ്ലാമിയുടെ വളര്‍ച്ച തടയാൻ എല്ലാവരും ഒന്നിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എസ്എൻഡിപി -എൻഎസ്എസ് ഐക്യത്തിലൂടെ ബിജെപി ലക്ഷ്യമിടുന്ന വോട്ടുകള്‍ സിപിഎമ്മിലേയ്ക്ക് പോകുമെന്ന ആശങ്കയില്ല . ജമാ അത്തെ ഇസ്ലാമിയെ മുഖ്യധാരയിൽ എത്തിക്കാൻ ശ്രമിക്കുന്ന കോണ്‍ഗ്രസിനും ഇത്രകാലം പിന്തുണച്ച സിപിഎമ്മിനും പിന്തുണ കിട്ടില്ല. ഭൂരിപക്ഷ ഹിന്ദു സമുദായത്തിന്‍റെ അവസ്ഥ എങ്ങോട്ടെന്ന് ആലോചിക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.