Kerala Rains : കനത്ത മഴ, സംസ്ഥാനത്താകെ മഴ മുന്നറിയിപ്പ്, 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഷട്ടറുകൾ തുറക്കുന്നു

By Web TeamFirst Published May 19, 2022, 10:38 AM IST
Highlights

തിരുവനന്തപുരം, കൊച്ചിയടക്കമുള്ള പ്രധാന നഗരങ്ങളിൽ വെള്ളക്കെട്ട് ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ (Rain)തുടരുകയാണ്. എല്ലാ ജില്ലകളിലും കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടാണ്. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ്. ചക്രവാതച്ചുഴിയാണ് കേരളത്തിൽ കനത്ത മഴക്ക് കാരണം. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി കൂടുതൽ മേഘങ്ങൾ കേരള തീരത്തേക്ക് അടുക്കുകയാണ്. അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റിന്‍റെ വേഗം കൂടിയതും കൂടുതൽ മഴമേഘങ്ങളെത്താൻ കാരണമാണ്. നിലവിൽ ചക്രവാതച്ചുഴി ബംഗ്ലൂരുവിന് മുകളിലേക്ക് മാറിയിട്ടുണ്ട്. 

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, കൊച്ചിയടക്കമുള്ള പ്രധാന നഗരങ്ങളിൽ വെള്ളക്കെട്ടുണ്ടായത്  ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. വെള്ളം കയറുന്ന സ്ഥിതിയിലേക്കെത്തിയതോടെ ചങ്ങമ്പുഴ നഗറിൽ ആളുകളെ ഒഴിപ്പിച്ച് തുടങ്ങി.ഭൂതത്താൻകെട്ട് ഡാമിന്റെ 10 ഷട്ടറുകൾ ഉയർത്തി. നെടുങ്കണ്ടത്ത് വീടിന് മുകളിലേക്ക് മരം വീണു. കോഴിക്കോട് കൊയിലാണ്ടിയിൽ മരം വീണ് മണിക്കൂറുകൾ ഗതാഗതം തടസപ്പെട്ടു. മഴ കനത്തതോടെ കാസർകോട് നീലേശ്വരം പാലായി ഷട്ടർ കം ബ്രിഡ്ജിന്റെ എല്ലാ ഷട്ടറുകളും തുറക്കും. തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി. 

തിരൂരിൽ ഒറ്റ മഴയിൽ വെള്ളത്തിലായ കെ റെയിൽ കുറ്റികൾ, വലിയ ആശങ്കയെന്ന് നാട്ടുകാര്‍

ഭൂതത്താൻകെട്ട് ഡാമിന്റെ 10 ഷട്ടറുകൾ ഉയർത്തി. എട്ട് ഷട്ടറുകൾ ഒരു മീറ്റർ വീതവും, രണ്ട് ഷട്ടറുകൾ 50 സെന്റി മീറ്റർ വീതവുമാണ് ഉയർത്തിയിരിക്കുന്നത്. ആകെ 9 മീറ്ററാണ് ഇപ്പോൾ ഉയർത്തി വച്ച് കൂടുതൽ വെള്ളം ഒഴുക്കി. 34.95 ആണ് ഡാമിന്റെ പരമാവധി ജലസംഭരണശേഷി. ഇപ്പോഴത്തെ നില 32.10  ആണ് ഇടമലയാറിൽ നിന്നും ലോവർപെരിയാറിൽ നിന്നും കൂടുതൽ വെള്ളമെത്തിയതോടെയാണ് ഷട്ടർ ഉയർത്തിയത്. വൃഷ്ടി പ്രദേശത്ത് മഴ ശക്തമാകുകയും ചെയ്തതോടെയാണ്  ഷട്ടറുകൾ ഉയർത്താൻ തീരുമാനമായത്.

Kerala Rains: സംസ്ഥാനത്ത് തുടർച്ചയായി അഞ്ചാം ദിവസവും ശക്തമായ മഴ: നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി

കനത്തമഴയില്‍ ഇരിങ്ങാലക്കുട കാറളത്തും പൂമംഗലത്തും കിണര്‍ ഇടിഞ്ഞുതാഴ്ന്നു. കാറളം എട്ടാം വാര്‍ഡില്‍ പട്ടാട്ട് വീട്ടില്‍ മിഥുന്റെ വീട്ടിലെ കിണറും പൂമംഗലം പഞ്ചായത്തില്‍ വാര്‍ഡ് അഞ്ചില്‍ എടക്കുളത്ത് ഊക്കന്‍ പോള്‍സണ്‍ മാത്യുവിന്റെ വീടിനോട് ചേര്‍ന്നുള്ള കിണറുമാണ് ഇടിഞ്ഞുതാഴ്ന്നത്. കാറളം പഞ്ചായത്തില്‍ പത്താം വാര്‍ഡില്‍ കണ്ടംകുളത്തി ഈനാശുവിന്റെ കിണറിന്റെ അരിക് ഇടിഞ്ഞു. എട്ടാം വാര്‍ഡില്‍ വേലംകുളത്തിന്റെ സംരക്ഷണ ഭിത്തിയും തകര്‍ന്നു. പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച സംരക്ഷണ ഭിത്തിയാണ് മഴയില്‍ തകര്‍ന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ടെങ്കിലും എവിടേയും ക്യാമ്പുകള്‍ ആരംഭിച്ചിട്ടില്ല.

 

click me!