സംസ്ഥാനത്ത് അതിതീവ്ര മഴയിൽ വ്യാപക നാശം, മഴക്കെടുതി രൂക്ഷം; 3 ജില്ലകളിലായി 3 പേർക്ക് കൂടി ജീവൻ നഷ്ടമായി, ഒരാളെ കാണാനില്ല, നിരവധി പേർക്ക് പരുക്ക്

Published : Jun 16, 2025, 05:38 PM ISTUpdated : Jun 16, 2025, 06:52 PM IST
Kerala Rain Death

Synopsis

സംസ്ഥാനത്ത് അതിശക്തമായി തുടരുന്ന മഴയിൽ മൂന്ന് ജില്ലകളിലായി മൂന്ന് പേർ കൂടി മരണമടഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ മഴക്കെടുതിയിൽ മൂന്ന് പേർ കൂടി മരിച്ചു. ആലപ്പുഴയിൽ കടലിൽ വീണ വിദ്യാർത്ഥിയും പാലക്കാട് മണ്ണാർക്കാട് വീട് തകർന്ന് വയോധികയും കാസർകോട് ഒഴുക്കിൽപ്പെട്ട എട്ട് വയസുകാരനുമാണ് മരിച്ചത്. കണ്ണൂർ കൊട്ടിയൂരിൽ ഒഴുക്കിൽപ്പെട്ട് തീർഥാടകനെ കാണാതായി.

ഇന്നലെ കനത്ത മഴയ്ക്കിടെ കടലിൽ കാണാതായ ആലപ്പുഴ സ്വദേശി ഡോണിൻ്റെ (15) മൃതദേഹം ഇന്ന് രാവിലെ കരക്കടിയുകയായിരുന്നു. ഇന്ന് ഉച്ചയോടെ കാസർകോട് പുത്തിഗെ കൊക്കച്ചാലിൽ ഒഴുക്കിൽപ്പെട്ട സാദത്തിന്റെ മകൻ സുൽത്താനാണ് മരിച്ച രണ്ടാമത്തെയാൾ. പാലക്കാട് മണ്ണാർക്കാട് മണലടിയിൽ സ്വദേശി പാത്തുമ്മബി (80)യാണ് രാവിലെ 10:30യോടെ കനത്ത മഴയിൽ വീട് തകർന്ന് വീണ് മരിച്ചത്. 

കാസർകോട് കുമ്പളയിൽ കെട്ടിടത്തിന്‍റെ ഇരുമ്പ് മേൽക്കൂര ശക്തമായ കാറ്റിൽ തക‍ർന്ന് റോഡിലേക്ക് വീണു. പത്തനംതിട്ടയിൽ മരം വീടിന് മുകളിൽ വീണ് ഗൃഹനാഥന് പരിക്കേറ്റു. മലയോര മേഖലകളിൽ മഴ തുടരുകയാണ്. അഞ്ച് വടക്കൻ ജില്ലകളിൽ റെഡ് അലർട്ടാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് മണ്ണാർക്കാട് കൈതച്ചിറയിൽ ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് മണ്ണാർക്കാട് സ്വദേശികളായ മരക്കാർ, പേരമകൾ ഇഷ മറിയം എന്നിവർക്ക് പരുക്കേറ്റു. രണ്ട് പേരുടെയും നില ഗുരുതരമല്ല. 

കോഴിക്കോട് മലയോര മേഖലകളിൽ ഇടവിട്ട് മഴ തുടരുകയാണ്. ശക്തമായ തിരയുള്ളതിനാൽ തീരദേശത്തുള്ളവർ ജാഗ്രതയിലാണ്. കോഴിക്കോട് ബീച്ചിൽ നിന്നും ആളുകളെ പൊലീസ് ഒഴിപ്പിച്ചു. ശക്തമായ കാറ്റിൽ കോഴിക്കോട് കോർപ്പറേഷന്റെ ഗ്ലാസ് തകർന്നു. മാറാട് വെസ്റ്റ് മാഹിയിൽ രാവിലെ ചുഴലിക്കാറ്റടിച്ചു. മരങ്ങൾ കടപുഴകി വീണു. തൂണേരിയിൽ ബഡ്‌സ് സ്കൂളിന് മുകളിൽ മൺതിട്ടയിടിഞ്ഞ് വീണ് കെട്ടിടം തകർന്നു.

വയനാട്ടിൽ ഉച്ചയ്ക്ക് ശേഷം മഴ ശക്തിപ്പെട്ടെങ്കിലും ഇപ്പോൾ അൽപം കുറഞ്ഞിട്ടുണ്ട്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്ററിൽ ചോർച്ചയുണ്ടായി. കണ്ണിന് ശസ്ത്രക്രിയ നടത്തുന്ന തിയേറ്ററിൽ ആണ് ചോർച്ചയുണ്ടായത്. രോഗികളുടെ സുരക്ഷ കണക്കിലെടുത്ത് ശസ്ത്രക്രിയ മാറ്റിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എട്ടുപേർക്കാണ് ആശുപത്രിയിൽ ഇന്ന് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. എല്ലാം മാറ്റിവച്ചു.

എറണാകുളം കണ്ണമാലിയിലും ചെറിയകടവിലും കടലാക്രമണത്തിൽ എട്ട് വീടുകൾ ഭാഗികമായി തകർന്നു. വേലിയേറ്റം ശക്തമായതോടെ തോപ്പുംപടി - ചെല്ലാനം തീരദേശ റോഡ് പലയിടങ്ങളിലും മുങ്ങി. നാശനഷ്ടങ്ങൾ തുടരുമ്പോഴും സർക്കാർ നടപടിയെടുക്കാത്തതിൽ തീരദേശവാസികൾ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം