Kerala Rains: സംസ്ഥാനത്ത് പത്ത് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Published : Aug 03, 2022, 07:00 AM ISTUpdated : Aug 03, 2022, 07:10 AM IST
Kerala Rains: സംസ്ഥാനത്ത് പത്ത് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Synopsis

12 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകി. കേരള,എംജി,കാലിക്കറ്റ് സർവകലാശാലകൾ പരീക്ഷകൾ മാറ്റിവച്ചിരിക്കുകയാണ്.

തിരുവനന്തപുരം: മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് അതീവജാഗ്രത തുടരുന്നു. ആലപ്പുഴ മുതൽ കണ്ണൂർ വരെ പത്ത് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാലിടത്ത് ഓറഞ്ച് അലർട്ടുംനിലവിലുണ്ട്.. 12 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകി. കേരള,എംജി,കാലിക്കറ്റ് സർവകലാശാലകൾ പരീക്ഷകൾ മാറ്റിവച്ചിരിക്കുകയാണ്. ഇന്നലെ മാത്രം സംസ്ഥാന വ്യാപകമായി 12 ഇടത്ത് ഉരുൾപൊട്ടലുണ്ടായി. കണ്ണൂരിലെ പേരാവൂരിലാണ് കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായത്. കനത്ത മഴയും ആൾനാശവും ഉണ്ടായെങ്കിലും കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയില്ല. 

 

വിവിധ ജില്ലകളിലെ നിലവില സ്ഥിതി - 

കണ്ണൂരിൽ രാത്രി ഇടവിട്ട് മഴ തുടരുന്നുണ്ട്. നാലിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായതിനാൽ  മലയോര മേഖലയിൽ കനത്ത ജാഗ്രത തുടരുകയാണ്. മണ്ണും പാറയും ഇടിഞ്ഞുവീണ വയനാട്ടിലേക്കുള്ള നെടുമ്പൊയിൽ ചുരം റോഡ് ഇതുവരെ ഗതാഗത യോഗ്യമാക്കാനായിട്ടില്ല. ഉരുൾപൊട്ടലിൽ മരിച്ച മൂന്ന് പേരുടെയും സംസ്കാരം ഇന്ന് നടക്കും. റെഡ് അലർട്ട് ആണെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടില്ല. 

നെടുംപൊയിൽ മാനന്തവാടി ചുരം റോഡിൽ ഗതാഗതം പൂർണ്ണമായും നിർത്തി. ബദൽ മാർഗ്ഗമായി കൊട്ടിയൂർ പാൽചുരം റോഡ് ഉപയോഗിക്കണമെന്ന് അറിയിപ്പുണ്ട്. ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം ഈമാസം ഏഴ് വരെ നിർത്തി. ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളിൽനിന്നും ആളുകളെ ഒഴിപ്പിക്കും. ഉരുൾപൊട്ടൽ നാശം വിതച്ച സ്ഥലങ്ങളിലേക്ക് അനാവശ്യ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. ആളുകൾ കൂട്ടത്തോടെ കാണാനെത്തുന്നത് ദുരന്ത നിവാരണ പ്രവർത്തനങ്ങളെ ബാധിക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് ഇത്. 

വയനാട് ജില്ലയിൽ 13 ദുരിതാശ്വാസ ക്യാംപുകളിലായി 135 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. നിലവിൽ ജില്ലയിൽ മഴയില്ല. റെഡ് അലർട്ട് നിലനിൽക്കുന്ന കോഴിക്കോട് കനത്ത മഴ ഇല്ല. മണ്ണിടിച്ചിൽ സാധ്യത ഉൾപ്പെടെ പരിഗണിച്ച് 8 ക്യാമ്പുകൾ ആണ് തുടങ്ങിയത് .

മലപ്പുറം ജില്ലയിൽ ജില്ലയിൽ റെഡ് അലർട് ആണെങ്കിലും അതി ശക്തമായ മഴ നിലവിൽ ഇല്ല. മലയോര മേഖലകളിൽ ജാഗ്രത തുടരുന്നു. ചാലിയറിൽ ജലനിരപ്പ് ഉയർന്നിട്ടില്ല. പോത്തുകല്ലിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മണ്ണിടിച്ചിൽ ഭീഷണിയുള്ള സ്ഥലത്ത് നിന്നും 58 പേരെ മാറ്റിപ്പാർപ്പിച്ചു.

റെഡ് അലർട്ട് നിലനിൽക്കുന്ന തൃശ്ശൂർ ജില്ലയിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന് ജില്ലാ ഭരണകൂടം .32 ക്യാമ്പുകളിലായി 1268 പേരെയണ് മാറ്റി പാർപ്പിച്ചിരിക്കുന്നത്  ജില്ലയിലെ പ്രധാനപ്പെട്ട പുഴകളിൽ എല്ലാം ജലനിരപ്പ് അപായ നിലയിലേക്ക് എത്തിയിട്ടുണ്ട്. പറമ്പിക്കുളത്ത് നിന്ന് പുറത്തുവിടുന്ന വെള്ളത്തിൻ്റെ അളവ് ആറായിരം ക്യൂസെക്സ് ആയി കുറച്ചു. ചാലക്കുടിപ്പുഴയിൽ നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്..കുറുമാലി പുഴ , കരുവന്നൂർ , മണലി, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളിൽ ഉള്ളവർക്കും ജാഗ്രത മുന്നറിയിപ്പുണ്ട്.  ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ സജ്ജമാക്കിയ കൺട്രോൾ റൂമുകളിൽ എല്ലാ കാര്യങ്ങളും നിരീക്ഷിക്കുന്നു

മൂവാറ്റുപുഴയിൽ ചിലയിടങ്ങളിൽ ചാറ്റൽ മഴ പെയ്യുന്നുണ്ട്. മൂവാറ്റുപുഴയിലെ വെള്ളക്കെട്ടും ഇതുവരെ  മാറിയിട്ടില്ല.മൂവാറ്റുപുഴ പാലത്തിൽ കുഴി രൂപപ്പെട്ടത്തിനെ തുടർന്ന് ഗതാഗതം തിരിച്ചുവിട്ടിരിക്കുകയാണ്. മൂവാറ്റുപുഴ പാലത്തിൻറെ അപ്പ്രോച്ച് റോഡിലാണ് കുഴി രൂപപ്പെട്ടത്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് നഗരസഭാ ചെയർമാൻ അറിയിച്ചു.  മഴക്കെടുതി കണക്കിലെടുത്ത് മൂവാറ്റുപുഴയിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് കൂടി തുടങ്ങി. ഇതോടെ മൂവാറ്റുപുഴയിലെ ക്യാമ്പുകളുടെ എണ്ണം മൂന്നായി.120ൽ  അധികം വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. 250 പേർ ദുരിതാശ്വാസ ക്യാമ്പിലുണ്ട്. മൂവാറ്റുപുഴയാറിൽ ജലനിരപ്പ് കുറയുന്നില്ല എന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പുളിന്താനം അടക്കമുള്ള സ്ഥലങ്ങളിൽ ശക്തമായ മഴ രാത്രി കഴിഞ്ഞും തുടരുകയാണ്. കാളിയാർ പുഴയും കരകവിഞ്ഞൊഴുകുന്നുണ്ട്.

ആലപ്പുഴ ജില്ലയിൽ റെഡ് അലർട്ടാണെങ്കിലും രാത്രിയിൽ കാര്യമായ മഴ ഉണ്ടായിട്ടില്ല. മുൻകരുതൽ എന്ന നിലയിൽ ചെങ്ങന്നൂരിൽ ഒരു ഭുരിതാശ്വാസ ക്യാമ്പ് കൂടി തുറന്നു.ഇതോടെ ജില്ലയിൽ ക്യാമ്പുകളുടെ എണ്ണം ഏഴായി

കോട്ടയത്ത്‌ ഇടവിട്ട്  മഴ തുടരുകയാണ്. പടിഞ്ഞാറൻ  മേഖലയിലെ  പ്രദേശങ്ങളിൽ ജലനിരപ്പ് ഉയരുന്നുണ്ട്. ഇല്ലിക്കൽ, തിരുവാർപ്പ് തുടങ്ങിയ  സ്ഥലങ്ങളിലും മലയോര  മേഖലകളിലും  ഇടവിട്ട് മഴയുണ്ട്. ജില്ലയിൽ റെഡ് അലർട്ട് ആയതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. 28 ക്യാമ്പുകളിലായി 200 ഓളം  കുടുംബങ്ങൾ ആണുള്ളത്. പാലായിൽ രാവിലെ മഴയുണ്ട്. 

ഇടുക്കിയിലും മിക്കയിടത്തും  ഇടവിട്ട് മഴ തുടരുന്നുണ്ട്.  ശക്തി കുറഞ്ഞ മഴയാണ് രാത്രി കഴിഞ്ഞും പെയ്യുന്നത്. കാര്യമായ നാശനഷ്ടങ്ങളൊന്നും എവിടെയും റിപ്പോ‍ട്ട് ചെയ്തിട്ടില്ല. ജില്ലയിൽ ഇന്നും റെഡ് അല‍ട്ടായതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെല്ലാം അവധിയാണ്. രണ്ടു താലൂക്കുകളിലായി ഏഴു ദുരിതാശ്വാസ ക്യമ്പുകൾ പ്രവ‍ത്തിക്കുന്നുണ്ട്. തൊടുപുഴയിൽ ഒരിടത്തും ഇന്ന് രാവിലെ മഴയില്ല.രാത്രി നേരിയ മഴ മാത്രമാണ് പെയ്തത്.

പത്തനംതിട്ടയിൽ ഇടവിട്ട് മഴയുണ്ട്. ശബരിമലയിൽ ചാറ്റൽ മഴ തുടരുന്നു. പമ്പ സ്നാനം ഒഴിവാക്കിയാണ് ഭക്തരെ കടത്തിവിടുന്നത്. ജില്ലയിലെനദികളിലെ ജലനിരപ്പ് ഉയർന്നു നിൽക്കുകയാണ്. റവന്യു മന്ത്രി ഇന്ന് ജില്ലയിലെ ദുരിത ബാധിത പ്രദേശങ്ങളിൽ സന്ദർശിക്കും


 

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
'മുഖ്യമന്ത്രി പരാജയം സമ്മതിച്ചു, സ്വർണക്കൊള്ളയിൽ എസ്ഐടി പ്രതികളെ സംരക്ഷിക്കുന്നു': സണ്ണി ജോസഫ്