Kerala Rain : യെല്ലോ അലർട്ട് 7 ജില്ലകളിലേക്ക് ചുരുക്കി; വടക്കൻ ജില്ലകളിൽ മഴ തുടരും

Published : Jul 11, 2022, 01:44 PM ISTUpdated : Jul 11, 2022, 01:52 PM IST
Kerala Rain : യെല്ലോ അലർട്ട് 7 ജില്ലകളിലേക്ക് ചുരുക്കി; വടക്കൻ ജില്ലകളിൽ മഴ തുടരും

Synopsis

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നും നാളെയും മഴ കുറയുമെങ്കിലും ബുധനാഴ്ചയോടെ മഴ വീണ്ടും കനക്കും. മറ്റന്നാള്‍ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിൽ മഴ തുടരും. അതേസമയം, ഏഴ് ജില്ലകളിലേക്ക് യെല്ലോ അലർട്ട് ചുരുക്കി. എറണാകുളത്തും, ഇടുക്കിയിലും മലപ്പുറം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നും നാളെയും മഴ കുറയുമെങ്കിലും ബുധനാഴ്ചയോടെ മഴ വീണ്ടും കനക്കും. മറ്റന്നാള്‍ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഒഡീഷ്ക്കും ആന്ധ്രയ്ക്കും മുകളിലായുള്ള ന്യൂനമർദ്ദവും ഗുജറാത്ത് -കേരളാ തീരത്തെ ന്യൂനമർദ്ദപാത്തിയുമാണ് മഴ തുടരുന്നതിന് കാരണം.

കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയില്‍ കോഴിക്കോട് മാവൂരിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചു.  കോഴിക്കോട് മാവൂർ ചാലിപ്പാടത്താണ് തോണി മറിഞ്ഞ് മലപ്രം സ്വദേശി ഷാജു മരിച്ചത്. സുഹൃത്തിനെ വീട്ടിൽ കൊണ്ടുവിടാൻ പോകും വഴിയായിരുന്നു അപകടം.  മാവൂരിൽ തന്നെ അർദ്ധരാത്രിയോടെ വെള്ളക്കെട്ടിൽ കാർ മറിഞ്ഞ് അപകടം ഉണ്ടായി. യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തി. 

വൃഷ്ടിപ്രദേശത്ത് മഴ ശക്തമായി തുടരുന്നതിനാൽ,  കക്കയം അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകളും തുറന്ന് വെള്ളം ഒഴുക്കി വിടുന്നുണ്ട്. കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ ഒരാഴ്ച മുമ്പ് കാണാതായ യുവാവിനായി നാവിക സേനയുൾപ്പെടെ തെരച്ചിൽ തുടരുന്നുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥ തടസ്സമാകുകയാണ്. 

മണ്ണിടിച്ചിൽ സാധ്യത മുന്നിൽ കണ്ട് വയനാട്ടിൽ 69 കുടുംബങ്ങളെയും മലപ്പുറത്ത് 48 കുടുംബങ്ങളെയും മാറ്റിപാർപ്പിച്ചു. വൈത്തിരി താലൂക്കിലെ 69 കുടുംബങ്ങളെയാണ് ക്യാമ്പുകളിലേക്ക് മായത്. മലപ്പുറം കവളപ്പാറയ്കടുത്ത് തുടിമുട്ടിപ്പാറയില്‍ മലയില്‍ വിളളല്‍ വീണതിനെത്തുടര്‍ന്ന് 48 കുടംബങ്ങളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.  വയനാട്, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. 
പാലക്കാട് നെല്ലിയാമ്പതി കുണ്ടറ ചോലയ്ക്ക് സമീപം മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. നൂറടി പുഴയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ  ഇരിക്കൂർ, മട്ടന്നൂർ മേഖലകളിൽ രണ്ട് വീടുകൾ തകർന്നു. 

രാമന്തളിയില്‍ റേഷന്‍ കടയില്‍ വെളളം കയറി സ്റ്റോക്ക് പൂര്‍ണമായി നശിച്ചു. രാമന്തളി സ്വദേശിനിയായ കെ.നജീനയുടെ ഉടമസ്ഥതയിലുള്ള രാമന്തളി വടക്കുമ്പാട് അഞ്ചാം നമ്പർ റേഷൻ കടയിലാണ്  വെള്ളം കയറിയത്. ശനിയും ഞായറും അവധി ആയതിനാൽ ഇന്ന് രാവിലെ കട തുറന്നപ്പോഴാണ് വെള്ളം കയറിയത് അറിഞ്ഞത്. ഉപഭോക്താക്കൾക്ക് വിതരണം ചെയ്യാനുളള മുപ്പതോളം ചാക്ക് ഭക്ഷ്യവസ്തുക്കൾ വെള്ളം കയറി നശിച്ചു.

PREV
Read more Articles on
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി