സോളാറിൽ കേരളത്തിന്‍റെ മിന്നും കുതിപ്പ്; ഗുജറാത്തിനെയടക്കം പിന്നലാക്കി രാജ്യത്ത് ഒന്നാം സ്ഥാനത്ത്, വലിയ വളർച്ചാ നിരക്ക്

Published : Aug 06, 2025, 01:32 PM IST
solar project

Synopsis

പുരപ്പുറ സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്നതിൽ കേരളം ദ്രുതഗതിയിലുള്ള വളർച്ച കൈവരിച്ചു, വാർഷിക വളർച്ചാ നിരക്കിൽ 99.97% വർദ്ധനവ് രേഖപ്പെടുത്തി രാജ്യത്ത് ഒന്നാമതെത്തി. പി എം സൂര്യഘർ പദ്ധതിയിൽ അപേക്ഷകരിൽ 67.44% പേരും സൗരോർജ്ജ നിലയങ്ങൾ സ്ഥാപിച്ചു.

തിരുവനന്തപുരം: പുരപ്പുറ സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്നതിലെ വാർഷിക വളർച്ചാ നിരക്കിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 99.97 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയാണ് സംസ്ഥാനം ഒന്നാമതെത്തിയത്. പി എം സൂര്യഘർ പദ്ധതി അപേക്ഷകരിൽ നിന്ന് ഏറ്റവും കൂടുതൽ സൗരോർജ്ജ നിലയങ്ങൾ സ്ഥാപിച്ചതിന്‍റെ ശതമാനത്തിൽ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്താണ്.

അപേക്ഷകരിൽ 67.44 ശതമാനം പേരും സൗരോർജ്ജ നിലയങ്ങൾ സ്ഥാപിച്ചു. ആകെ സൗരോർജ്ജ നിലയങ്ങൾ സ്ഥാപിച്ചതിന്‍റെ എണ്ണത്തിൽ കേരളം നാലാം സ്ഥാനത്താണ്. എന്നാൽ ഇക്കാര്യത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്ത് നിൽക്കുന്ന ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളുമായി ജനസംഖ്യ, ഭൂവിസ്തൃതി എന്നിവയുടെ അടിസ്ഥാനത്തിൽ താരതമ്യം ചെയ്യുകയാണെങ്കിൽ വലിയ നേട്ടമാണ് കേരളം ഈ വിഭാഗത്തിലും കൈവരിച്ചിട്ടുള്ളത്.

2025 ജൂലൈ 31 വരെയുള്ള കണക്കുകൾ പ്രകാരം പി എം സൂര്യഘർ പദ്ധതിയിലേക്ക് 1,80,671 അപേക്ഷകളാണ് സംസ്ഥാനത്ത് ലഭിച്ചത്. ഇതിൽ 1,23,860 സൗരോർജ്ജ പ്ലാന്‍റുകളുടെ ഇൻസ്റ്റലേഷൻ പൂർത്തിയാക്കുകയും ചെയ്തു. ഇവയിൽ നിന്ന് പ്രതിദിനം 495.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഇതിന്‍റെ ഭാഗമായി 1,27,141 ഗുണഭോക്താക്കൾക്ക് 869.31 കോടി രൂപയുടെ സബ്‌സിഡി ലഭ്യമായിട്ടുണ്ട്.

2025 ജൂലൈ 9-ലെ കണക്കുകൾ പ്രകാരം എറണാകുളം ജില്ലയിൽ 22,067 ഇടങ്ങളിൽ പുരപ്പുറ സൗരോർജ്ജ നിലയങ്ങൾ സ്ഥാപിച്ച് ഗ്രിഡുമായി ബന്ധിപ്പിച്ചു. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന സംഖ്യയാണിത്. തൃശ്ശൂരിൽ 15,417, തിരുവനന്തപുരത്ത് 11,536, മലപ്പുറത്ത് 9,849, കണ്ണൂരിൽ 9,064, കൊല്ലത്ത് 8,547, ആലപ്പുഴയിൽ 8,358, കോഴിക്കോട് 7,885, പാലക്കാട് 7,583, കോട്ടയത്ത് 7,249 പത്തനംതിട്ടയിൽ 4,446, കാസർഗോഡിൽ 3,601, ഇടുക്കിയിൽ 1,217 വയനാട് 498 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ ഇൻസ്റ്റാളേഷനുകൾ പൂർത്തിയാക്കി ഗ്രിഡുമായി ബന്ധിപ്പിച്ചതിന്റെ കണക്കുകൾ. ഇതിൽ ഇടുക്കി, വയനാട് ജില്ലകളിൽ സൗരോർജ്ജ നിലയങ്ങൾക്കായി ലഭിച്ച അപേക്ഷകളിൽ വന്ന കുറവ് പരിഹരിക്കുന്നതിനും സൗരോർജ്ജം സാധാരണകാരിലേക്ക് കൂടുതലായി എത്തിക്കുന്നതിനുമായി 1.5 കോടി രൂപ ചെവ് വരുന്ന പ്രചാരണ പരിപാടികൾ സംസ്ഥാന വൈദ്യുതി ബോർഡ് നടപ്പാക്കും.

സംസ്ഥാനത്തിന്‍റെ ആകെ സൗരോർജ്ജ ഉത്പാദന ശേഷി 1684.47 മെഗാവാട്ടാണ്. ഇതിൽ കെഎസ്ഇബിയുടെയും സ്വകാര്യ റൂഫ്ടോപ് നിലയങ്ങളും ഗ്രൗണ്ട് മൗണ്ടഡ് പദ്ധതികളും ഉൾപ്പെടുന്നു. കേരളത്തിന്‍റെ മൊത്തം സൗരോർജ്ജ ശേഷിയുടെ 81 ശതമാനം റൂഫ്ടോപ് സൗരോർജ്ജ പ്ലാന്‍റുകളിൽ നിന്നാണ് ഉൽപ്പാദിപ്പിക്കുന്നത്. ഈ വിഭാഗത്തിലും കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. പ്രതിദിന വൈദ്യുതി ആവശ്യകതയുടെ 31.3% വരെ നിറവേറ്റാൻ റൂഫ് ടോപ്പ് സൗരോർജ്ജ നിലയങ്ങളിലൂടെ കഴിയുന്നു. 2024-2025 സാമ്പത്തിക വർഷത്തിൽ ലോ ടെൻഷൻ (LT) വിഭാഗത്തിലെ പ്രോസ്യൂമർമാർ അഥവാ സൗരോർജ്ജം ഉൽപ്പാദിപ്പിച്ച് ഉപയോഗിക്കുന്നവർ 1,076 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുകയും 816.41 ദശലക്ഷം യൂണിറ്റ് ഗ്രിഡിലേക്ക് നൽകുകയും ചെയ്തിട്ടുണ്ട്.

സൗരോർജ്ജ രംഗത്തെ ഈ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് പിന്നിൽ കെ.എസ്.ഇ.ബി.എൽ നടപ്പിലാക്കിയ സംവിധാനങ്ങൾ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കുന്നതിനായി കോൾ സെന്ററും പി.എം. സൂര്യഘർ ഹെൽപ്പ് ഡെസ്‌കും ഉൾപ്പെടുന്ന ഒരു പരാതി പരിഹാര ഫോറം കെ.എസ്.ഇ.ബി.എൽ ഇതിനായി സ്ഥാപിച്ചിരുന്നു. പദ്ധതി സംബന്ധിച്ച പരാതികൾക്കും വിവരങ്ങൾക്കും പൊതുജനങ്ങൾക്ക് നോഡൽ ഓഫിസർ നൗഷാദ് ഷറഫുദീനെയോ (മൊബൈൽ നമ്പർ 9025351982) ഹെൽപ് ഡെസ്‌ക്കിലോ (മൊബൈൽ നമ്പർ 9496266631, 9496018370) ബന്ധപ്പെടാം.

1210 വിതരണക്കാരെ കെഎസ്ഇബി സൗരോജ്ജ പദ്ധതികൾക്കായി എംപാനൽ ചെയ്തിട്ടുണ്ട്. എല്ലാ 14 ജില്ലകളിലുമുള്ള ഫീൽഡ് ഓഫീസർമാർക്ക് വിതരണക്കാരെ എംപാനൽ ചെയ്യുന്നതിന്റെയും പോർട്ടൽ പ്രവർത്തനങ്ങളുടെയും പരിശോധനയുടെയും നെറ്റ് മീറ്റർ കണക്ഷൻ നൽകുന്നതിന്റെയും ചുമതല നൽകി. പ്രധാന ദേശീയ ബാങ്കുകളുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കാൻ ഒരു സംസ്ഥാനതല ബാങ്കിംഗ് കമ്മിറ്റിയും രൂപീകരിച്ചു. ഇത് ഇൻസ്റ്റാളേഷനുകൾക്ക് 6.5% പലിശ നിരക്കിൽ വായ്പകൾ ലഭ്യമാക്കി വരുന്നു. വിതരണക്കാരുടെ പ്രശ്‌നങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനായി പ്രതിമാസ ഡെവലപ്പർ യോഗങ്ങളും ബോർഡ് നടത്തുന്നുണ്ട്. ഊർജ്ജ സ്വയംപര്യാപ്തതയിലേക്കും സുസ്ഥിര ഭാവിയി ലേക്കുമുള്ള കേരളത്തിന്‍റെ നിർണായക ചുവടുവെയ്പ്പ് അടിവരയിടുന്നതാണ് സൗരോജ്ജ വളർച്ച സംബന്ധിച്ച കണക്കുകൾ.

 

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കനത്ത സുരക്ഷ; വടക്കൻ കേരളത്തിൽ ഇന്ന് നിശബ്ദ പ്രചാരണം, സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ
'ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ​ഗോപിക്ക് വോട്ട് തൃശൂരിൽ, തദ്ദേശത്തിൽ തിരുവനന്തപുരത്ത്'; തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്ന് വി എസ് സുനിൽകുമാർ