
തിരുവനന്തപുരം: ഇന്നലെ തന്റെ ഡയസിൽ കയറി പ്രതിഷേധിച്ച നാല് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ സ്പീക്കറുടെ നടപടി. നാല് കോൺഗ്രസ് എംഎൽഎമാരെ സ്പീക്കർ താക്കീത് ചെയ്തു.
റോജി എം ജോൺ, ഐ സി ബാലകൃഷ്ണൻ, എൽദോസ് കുന്നപ്പള്ളി, അൻവർ സാദത്ത് എന്നിവർക്കെതിരെയാണ് ശാസന. എന്നാൽ സ്പീക്കറുടെ നടപടിക്കെതിരെ എതിർപ്പുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ താത്കാലികമായി നിർത്തിവച്ചു.
സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, യുഡിഎഫ് സർക്കാരിന്റെ കാലത്ത് സ്പീക്കറുടെ ഡയസിൽ കയറി പ്രതിഷേധിക്കുന്നതിന്റെ ചിത്രങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു പ്രതിപക്ഷ എംഎല്‍എമാരുടെ പ്രതിഷേധം. നിർഭാഗ്യകരമന്നാണ് ഇതിനോട് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പ്രതികരിച്ചത്. തങ്ങളുമായി കൂടിയാലോചിക്കാതെയുള്ളതാണ് സ്പീക്കറുടെ നടപടിയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാൽ നടപടി അംഗീകരിക്കാനുള്ള ജനാധിപത്യ ബോധം കാണിക്കണംമെന്നായിരുന്നു സ്പീക്കർ, പ്രതിപക്ഷ നേതാവിനോട് ആവശ്യപ്പെട്ടത്.
ഇന്നലെ പ്രതിപക്ഷ അംഗങ്ങൾ ഡയസിൽ കയറിയ ഉടൻ സ്പീക്കർ ഇറങ്ങിപ്പോയിരുന്നു. പിന്നീട് മുഖ്യമന്ത്രിയുമായും പ്രതിപക്ഷ നേതാവുമായും ഇദ്ദേഹം ചർച്ച നടത്തി. ഒരു സമവായത്തിലേക്ക് പോകുമെന്നായിരുന്നു കരുതിയിരുന്നത്.
അതേസമയം ഇത്തരം പ്രതിഷേധങ്ങൾ അനുവദിച്ച് കൊടുക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് സ്വീകരിച്ചതാണ് ഇപ്പോഴത്തെ നടപടിക്ക് കാരണം എന്നറിയുന്നു.
അതേസമയം അടിയന്തിര പ്രമേയ നോട്ടീസ് അവതരിപ്പിക്കുന്നുണ്ടോയെന്ന് പ്രതിപക്ഷ ബഹളത്തിനിടയിലും പികെ ബഷീർ എംഎൽഎയോട് ചോദിച്ചു. ഇല്ലെന്നായിരുന്നു പ്രതിപക്ഷ അംഗത്തിന്റെ മറുപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam