Latest Videos

65 വയസ് പൂര്‍ത്തിയാക്കിയ കെ.എസ്.യു; നേതൃത്വത്തിന്‍റെ തമ്മിലടിയില്‍ വളര്‍ച്ച താഴേക്ക്, ഭാവിയെന്താകും...

By Bidin DasFirst Published May 31, 2022, 8:43 AM IST
Highlights

അറുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ കെഎസ്‍യു കലാലയങ്ങലിൽ നിന്ന് അകലുന്നതെന്തുകൊണ്ട് ?  ഒരണ സമരത്തിന്റെ ചരിത്രം പേറുന്ന വിദ്യാർത്ഥി സംഘടനയുടെ സ്ഥാനം കേരള രാഷ്ട്രീയത്തിൽ ഇന്ന് എവിടെ ? ബിദിൻ എം.ദാസ് എഴുതുന്നു...
 

“അൻപത്തിയേഴിൻ കാലത്ത്, ആലപ്പുഴയുടെ തീരത്ത്, ആന്റണി വയലാർ ഉമ്മൻ ചാണ്ടി പടുത്തുയ‌ർത്തിയ പ്രസ്ഥാനം”. കാലങ്ങളോളം കേരളത്തിന്റെ കലാലയങ്ങളിൽ ഉയർന്നുകേട്ട മുദ്രാവാക്യമാണിത്. ആറരപതിറ്റാണ്ട് സ്കൂളുകൾ മുതൽ സർകലാശാലകളുടെ മുന്നിൽ വരെ ദീപശിഖാങ്കിത നീല പതാക വിദ്യാർത്ഥി നേതാക്കൾ ഉയർത്തികെട്ടിയിട്ടുണ്ട്. പല അവസരങ്ങളിലും കറുത്തകൊടിക്ക് താഴേക്ക് നീലക്കൊടി താഴ്ത്തേണ്ടിയും വന്നിട്ടുണ്ട്. ആയിരത്തിതൊള്ളായിരത്തി അൻപത്തിയേഴ് മെയ് മുപ്പതിനാണ് (1957 മെയ് 30 ) കേരള വിദ്യാർത്ഥി യൂണിയൻ രൂപീകരിക്കുന്നത്. അക്കാലത്ത് വിദ്യാർത്ഥികൾക്ക് മാത്രമായി മറ്റ് സംഘടനകൾ ഇല്ലാതിരുന്നത് കൊണ്ട് സംസ്ഥാന ആദ്യ വിദ്യാർത്ഥി സംഘടനയായാണ് കെഎസ്‍യു അറിയപ്പെടുന്നത്. എം എ ജോൺ , വയലാർ രവി, ജോർജ് തരകൻ എന്നിവരാണ് സംഘടന രൂപീകരണകലാത്ത് മുന്നിൽ നിന്ന നേതാക്കൾ. വിപ്ലവ ഭൂമിയായ ആലപ്പുഴയുടെ മണ്ണിലാണ് സംഘടന പിറവിയെടുത്തത്. 

ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ സജീവമായിരുന്ന അന്നത്തെ മുതിർന്ന നേതാക്കളിൽ അധികവും കെഎസ്‍യു രൂപീകരണത്തിന് എതിരായിരുന്നു. ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായിരുന്ന സി എം സ്റ്റീഫൻ മാത്രമാണ് നേതൃത്വത്തിൽ നിന്ന് സംഘടനെ അനുകൂലിച്ചത്. പക്ഷെ എറണാകുളം ലോ കോളെജിലേയും ആലപ്പുഴ എസ്ഡി കോളേജിലേയും വിദ്യാർത്ഥി നേതാക്കൾ സംഘടന രൂപീകരണവുമായി മുന്നോട്ട് പോയി. ആദ്യ കമ്മിറ്റിയിൽ ജോർജ് തരകൻ സംഘടന പ്രസിഡന്റ് , വയലാർ രവി ജനറൽ സെക്രട്ടറി, എ എ സമദ് ഖജാൻജി.  പിന്നിട് യഥാക്രമം എ സി ജോസ്, വയലാർ രവി, എ കെ ആന്റണി, ഉമ്മൻ ചാണ്ടി, കടന്നപ്പള്ളി രാമചന്ദ്രൻ, വി എം സുധീരൻ, എം എം ഹസൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി എം സുരേഷ് ബാബു, ജി കാർത്തികേയൻ, ബെന്നി ബഹന്നാൻ, ചെറിയാൻ ഫിലിപ്പ്, എം മുരളി, രമേശ് ചെന്നിത്തല, പി ടി തോമസ്, ജോസഫ് വാഴക്കൻ, ടി ശരത്ചന്ദ്രപ്രസാദ്, പുനലൂർ മധു, കെ സി വേണുഗോപാൽ, ജെ ജോസഫ്, ജെയ്സൺ ജോസഫ്, സതീശൻ പാച്ചേനി, പിസി വിഷ്ണുനാഥ്, ഹൈബി ഈഡൻ, ഷാഫി പറന്പിൽ, വി എസ് ജോയ്, കെ എം അഭിജിത്ത് എന്നിവർ സംഘടനയെ നയിച്ചു.

സംഘടനയെ അടയാളപ്പെടുത്തിയ ഒരണ സമരം

സംഘടന രൂപീകരണത്തിന് ശേഷം വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ ഏറ്റെടുത്ത് തുടങ്ങിയിരുന്നു കെഎസ്‍യു . ചെറുതും വലുതുമായി സമരങ്ങളുമായി മുന്നോട്ട് പോകുമ്പോഴാണ് ഇഎംഎസ് സർക്കാർ ആലപ്പുഴ ജലഗതാഗത മേഖല ദേശസാൽക്കരിക്കുന്നത്,. ഇതിന്റെ ഭാഗമായി ബോട്ടിൽ യാത്രചെയ്യുന്ന വിദ്യാർത്ഥികളുടെ നിരക്ക് രണ്ടണയായി സർക്കാർ നിശ്ചയിച്ചു. ഈ തീരുമാനത്തിനെതിരെ അന്നത്തെ പ്രതിപക്ഷ സംഘടനകളുടെ പിന്തുണയോടെ 1958 ജൂലൈ 12ന് കേരള വിദ്യാർത്ഥി യൂണിയൻ സമരം തുടങ്ങി. ആലപ്പുഴ നെടുമുടിയിൽ നദിക്ക് കുറുകെ വടം വലിച്ച്കെട്ടി ജലഗതാഗതം തടഞ്ഞായിരുന്നു സമരം ഉദ്ഘാടനം ചെയ്തത്. സമരത്തിൽ പങ്കെടുത്ത ഇരുപത് വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘടന നിയമം ലംഘിക്കാൻ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു. ആലപ്പുഴ കുട്ടനാട് താലൂക്കുകളിൽ സർക്കാർ 144 പ്രഖ്യാപിച്ചു. നിയമം ലംഘിച്ച 134 വിദ്യാർത്ഥികളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് സമരം സംസ്ഥാന തലത്തിലേക്ക് വ്യാപിച്ചു. ഇരുപതിനായിരത്തിലധികം വിദ്യാർത്ഥികൾ വിദ്യാർത്ഥികൾ പഠിപ്പ് മുടക്കി തെരുവിൽ ഇറങ്ങി. സമരത്തെ നേരിടാൻ കമ്മൂണിസ്റ്റ് പാർട്ടിയും തീരുമാനിച്ചതോടെ ശക്തി കൂടി . ഒടുവിൽ സർക്കാരിന് മുട്ട് മടക്കേണ്ടി വന്നു. വിദ്യാർത്ഥികളുടെ യാത്രനിരക്ക് ഒരണയായി നിശ്ചയിച്ചു.

മുദ്രാവാക്യങ്ങൾ സംഭാവന ചെയ്തതും കെഎസ്‍യു

'ഞങ്ങളിലില്ലാ ഹൈന്ദവ രക്തം.. ഞങ്ങളിലില്ലാ ക്രൈസ്തവ രക്തം... ഞങ്ങളിലില്ലാ മുസ്ലിം രക്തം.. ഞങ്ങളിലുള്ളത് മാനവിക രക്തം...'
'പാലക്കാട്ടെ പട്ടര്മാർക്കും പാലായിലെ പാതിരിമാർക്കും കോഴിക്കോട്ടെ കോയമാർക്കും പണയം വെയ്ക്കാനുള്ളതല്ല...' തുടങ്ങിയ മുദ്രാവാക്യങ്ങൾ കെഎസ്‍യുവാണ് മലയാളി വിദ്യാർത്ഥികൾക്ക് വിളിച്ചുകൊടുത്തത്. ഇന്നത്തെ വിദ്യാർത്ഥി സംഘടനകൾ വ്യാപകമായി ഏറ്റു വിളിക്കുന്ന മുദ്രാവാക്യമാണ് ഇതൊക്കെ.  

ഐതിഹാസിക സമര ചരിത്രങ്ങൾ സംഘടനക്ക് അന്യമായി

കേരളത്തിലെ വിദ്യാർത്ഥികൾക്കിടയിലും കലാലയങ്ങളിലും നിറഞ്ഞ നിന്ന സംഘടന ഇന്ന് കടന്നുപോകുന്നത് വെല്ലുവിളികളിലൂടെയാണ്. സ്കൂളുകൾ മുതൽ സർവകലാശാല വരെ എല്ലായിടത്തും അടിപതറി. പേരിന് പോലും കെഎസ്‍യു ഇല്ലാത്ത ക്യാന്പസുകളുണ്ട്. പൊന്നാപുരം കോട്ടകളായിരുന്ന ആലപ്പുഴ എസ്ഡി കോളേജടക്കമുള്ള സ്ഥലങ്ങളിൽ കോളേജ് യുണിയൻ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ സ്ഥാനാർത്ഥികൾ ഇല്ലാതെയായി. കോൺഗ്രസ് പാർട്ടിക്കുണ്ടാകുന്ന രാഷ്ട്രീയ തകർച്ചയിൽ വേഗത കൂടുതലാണ് വിദ്യാർത്ഥി സംഘടനക്ക്. മുൻ സംസ്ഥാന പ്രസിഡന്റമാരായ കടന്നപ്പള്ളി രാമചന്ദ്രനും പി എം സുരേഷ് ബാബുവും പാർട്ടിയിലില്ല. ചെറിയാൻ ഫിലിപ്പ് പാർട്ടി വിട്ട് പോയിട്ട് ഇപ്പോൾ തിരികെ വന്നു. കൃത്യമായി സംഘടന സമ്മേളനങ്ങൾ നടക്കുന്നില്ല. നിശ്ചിത കാലയളവിൽ പുനസംഘടനയില്ല. 2017ൽ കെ എം അഭിജിത്ത് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട നിലവിലെ കമ്മിറ്റി അഞ്ച് വർഷം പൂർത്തിയാക്കുന്നു. എന്നിട്ടും പുതിയ മുഖം കൊണ്ടുവരാൻ കഴിയുന്നില്ല. കോൺഗ്രസ് പാർട്ടിക്കുള്ളിൽ പല തവണ ചർച്ചകൾ ഉണ്ടായിട്ടും നടപടി ആയില്ല. ദേശീയ നേതൃത്വം നിർദേശിക്കുന്ന നിബന്ധനകൾ സംസ്ഥാനത്തിന് പാലിക്കാൻ കഴിയുന്നില്ല. 

പുനഃസംഘടനയിൽ എ ഐ ഗ്രൂപ്പുകളുടെ എണ്ണത്തിലുള്ള അവകാശ വാദം. പുതുതായി രൂപം കൊണ്ട കെസി ഗ്രൂപ്പിന്റെ വിലപേശൽ. നേതാക്കളുടെ ഇഷ്ടക്കാർക്ക് വേണ്ടിയുള്ള പിടിവാശി. എല്ലാം പുനസംഘടനയിൽ മാനദണ്ഡമായപ്പോൾ ഒന്നും എവിടെയും നടന്നില്ല. നിലവിലെ പ്രസിഡന്റ് കെ എം അഭിജിത്ത് പല തവണ രാജി സന്നദ്ധത അറിയിച്ചു. ഈ കമ്മിറ്റി നിലവിൽ വന്നതിന് ശേഷം പ്രധാന എതിരാളി സംഘടനയായ എസ്എഫ്ഐ രണ്ട് തവണ സമ്മേളനം നടത്തി പുതിയ നേതൃത്വം കൊണ്ടു വന്നു. സംഘടനയ്ക്കുള്ളിൽ പേലും സംഘടന പ്രവർത്തനം നടക്കാതെ വന്നതോടെ കേരളത്തിലെ ക്യാന്പസുകളിൽ നിന്ന് കെഎസ്‍യു തുടച്ചു നീക്കപ്പെട്ടു. കഴിഞ്ഞകാല സർവകലാശാല തെരഞ്ഞെടുപ്പുകളിലെ ഫലം ഇതിന്റെയൊക്കെ തെളിവ് ആണ്. 

അവിടെയും ഇവിടെയും ചില ക്യാന്പസുകൾ കിട്ടിയെന്നല്ലാതെ കാര്യമായൊന്നും ഇല്ല. ഒരു കാലത്ത് വിദ്യാർത്ഥി ഇതര പ്രശ്നങ്ങളിൽ പോലും ഇടപെട്ടിരുന്ന സംഘടനയ്ക്കാണ് ഇന്ന് എവിടെയും ഒന്നും ചെയ്യാൻ കഴിയുന്നില്ല. മുതിർന്ന നേതാക്ക‌ൾ ആരും കെഎസ്‍യുവിനെ തിരിഞ്ഞു നോക്കുന്നില്ല എന്നതാണ് വസ്തുത. സംഘടനയുടെ മുഖപത്രമായിരുന്ന കാലാശാലയും പ്രസിദ്ധീകരണം നിർത്തി പ്രതിപക്ഷ വിദ്യാർത്ഥി സംഘടന എങ്ങനെ പ്രവർത്തിക്കണമെന്ന സംഘടനയുടെ മുൻകാല അനുഭവങ്ങൾ പോലും തിരിച്ചറയാൻ കഴിയുന്നില്ല. സംസ്ഥാന പ്രസിഡന്റ് സമരങ്ങളിൽ നിന്ന് അടി കൊള്ളുന്നതല്ലാതെ നേതൃത്വം ഒരു വിഷയത്തിലും ഇടപെടുന്നില്ല. പുന സംഘടനയിലൂടെ എങ്കിലും കേരള വിദ്യാർത്ഥി യൂണിയന് ജീവൻ നൽകണമെന്നാണ് സംഘടനക്കുള്ളിലെ സംസാരം.

click me!