കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം കേരളത്തിന് 21,955 കോടി രൂപയുടെ നഷ്ടം; ആശങ്ക അറിയിക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

Published : Aug 27, 2025, 01:49 AM IST
KN Balagopal

Synopsis

ജിഎസ്ടി നിരക്കുകൾ കുറയ്ക്കുന്നത് കേരളത്തിന്റെ വരുമാനത്തിൽ വൻ തിരിച്ചടിയുണ്ടാക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. വികസന പ്രവർത്തനങ്ങളെയും ജനക്ഷേമ പദ്ധതികളെയും ഇത് ഗൗരവമായി ബാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: ജിഎസ്ടി  നിരക്കുകൾ കുറയ്ക്കുന്നതിനെ തുടർന്ന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ വരുമാനത്തിൽ വൻ തിരിച്ചടിയുണ്ടാകുമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ.  സെപ്റ്റംബർ 3, 4 തിയതികളിൽ നടക്കുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ സംസ്ഥാനത്തിന്‍റെ ആശങ്കകൾ അറിയിക്കുമെന്നും സെക്രട്ടേറിയറ്റ് നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി.

ഇപ്പോൾ മദ്യം, പെട്രോൾ, ഡീസൽ എന്നിവയിൽ മാത്രമാണ് സംസ്ഥാനങ്ങൾക്ക് സ്വന്തം നികുതി പിരിക്കാനുള്ള അധികാരമുള്ളത്. അതിനാൽ ജിഎസ്ടി വരുമാനം കുറഞ്ഞാൽ വികസന പ്രവർത്തനങ്ങളേയും ജനക്ഷേമ പദ്ധതികളേയും ഗൗരവമായി ബാധിക്കും. ജിഎസ്ടി നടപ്പാക്കിയപ്പോൾ ആദ്യ അഞ്ച് വർഷത്തേക്ക് 14 ശതമാനം  വാർഷിക വളർച്ച ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും നൽകിയിരുന്ന നഷ്ടപരിഹാരം കഴിഞ്ഞ വർഷം അവസാനിച്ചു. ഇതോടെ കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം കേരളത്തിന് 21,955 കോടി രൂപയുടെ നഷ്ടമുണ്ടായി. ഈ വർഷം  8,000 മുതൽ 10,000 കോടി വരെ അധിക നഷ്ടമുണ്ടാകും.

സംസ്ഥാനത്തെ ഇൻഷുറൻസിൽ 500 കോടിയും ഓട്ടോമൊബൈലിൽ 1,100 മുതൽ 1,200 കോടിയും  വൈറ്റ് ഗുഡ്‌സിൽ 500 കോടിയും സിമന്റിൽ 300 മുതൽ 500 കോടിയും വൻ വരുമാന നഷ്ടമുണ്ടാകുമെന്നാണ് കണക്ക്. സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ 95 ശതമാനം വരെ ശമ്പളത്തിനും പെൻഷനുമാണ് ചെലവഴിക്കുന്നത്. അതിനാൽ ജിഎസ്ടി വെട്ടിക്കുറയ്ക്കുന്നതിലൂടെ ഉണ്ടാകുന്ന വരുമാനക്കുറവ് ലൈഫ് പദ്ധതി, ചികിത്സ, വിദ്യാഭ്യാസം,  നെല്ലിന് താങ്ങുവില നൽകൽ  തുടങ്ങിയ പൊതുപ്രവർത്തനങ്ങളെ സാരമായി ബാധിക്കും.

വിദേശ ആഡംബര വസ്തുക്കളുടെ നികുതി കുറയ്ക്കുന്നത് ആഭ്യന്തര വ്യവസായങ്ങളെയും തൊഴിൽ മേഖലയെയും പ്രതികൂലമായി സ്വാധീനിക്കും. ലോട്ടറി ജിഎസ്ടി  28ശതമാനത്തിൽ  നിന്ന് 40 ശതമാനം  ആക്കാനുള്ള നിർദ്ദേശം ഏകദേശം  2 ലക്ഷം പേരുടെ് ഉപജീവനമാർഗത്തെയാണ് ബാധിക്കുക. കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുടെ വിഹിതം  കുറച്ചതും നൽകേണ്ട ഗ്രാന്റുകൾ ലഭിക്കാത്തതും സംസ്ഥാന ധനസ്ഥിതിയെ പ്രതികൂലമാക്കുന്നുണ്ട്.

ഓണത്തിന് മുന്നോടിയായി 20,000 കോടി രൂപയ്ക്ക് മുകളിൽ ചിലവഴിക്കേണ്ടി വരുന്ന സാഹചര്യത്തിൽ ജിഎസ്ടി  കുറവ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി കൂട്ടും. നികുതി കുറയ്ക്കുന്നതിനെതിരല്ല  സംസ്ഥാന സർക്കാർ. എന്നാൽ അത് സാധാരണ ജനങ്ങൾക്ക് ഗുണം ചെയ്യുമെന്ന് ഉറപ്പാക്കണം. സംസ്ഥാനങ്ങളുടെ വരുമാനം സംരക്ഷിക്കപ്പെടണമെന്നും കേരളത്തിന്റെ ന്യായമായ വിഹിതം ലഭ്യമാകണമെന്നും മന്ത്രി പറഞ്ഞു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം