കേരള വിസി നിയമനം: 'സെർച്ച് കമ്മിറ്റി പ്രതിനിധിയെ ഇന്ന് വൈകീട്ട് നിശ്ചയിക്കണം'; അന്ത്യശാസനവുമായി ഗവർണർ

By Web TeamFirst Published Sep 26, 2022, 12:29 PM IST
Highlights

സെനറ്റ് പ്രമേയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത് പിന്നീട് ചർച്ച ചെയ്യാമെന്നും ഗവർണർ . നിലവിലെ വിസിയുടെ കാലാവധി തീരുന്ന സാഹചര്യത്തിൽ അടിയന്തരമായി പ്രതിനിധിയെ നിർദേശിക്കണം എന്നും വിസിക്ക് നിർ‍ദേശം

തിരുവനന്തപുരം: കേരള സർവകലാശാല വിസി നിയമനത്തിൽ നിലപാട് കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസി നിയമന കമ്മിറ്റിയിലേക്കുള്ള 
സെനറ്റ് പ്രതിനിധിയെ ഇന്നു തന്നെ നിർദേശിക്കണം എന്ന് ഗവർണർ ആവശ്യപ്പെട്ടു. കേരള സർവകലാശാല വിസിക്കാണ് ഗവർണർ അന്ത്യശാസനം നൽകിയത്. ഇന്ന് വൈകീട്ടത്തേക്ക് മുന്നേ പ്രതിനിധിയെ നിർദേശിക്കണമെന്നാണ് ഗവർണറുടെ ആവശ്യം. കഴിഞ്ഞ ആഴ്ചയും സമാന രീതിയിൽ ഗവർണർ വിസിക്ക് കത്ത് നൽകിയിരുന്നു. സെ‌ർച്ച് കമ്മിറ്റി രൂപീകരണത്തിനെതിരെ കേരള സർവകലാശാല സെനറ്റ് പാസാക്കിയ പ്രമേയം ചൂണ്ടിക്കാണിച്ചാണ് വിസി ഇതിന് മറുപടി നൽകിയത്. രണ്ട് പേരെ മാത്രം വച്ച് ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചത് ശരിയായില്ലെന്നും ആ നടപടി പിൻവലിക്കണമെന്നുമായിരുന്നു പ്രമേയം ചൂണ്ടിക്കാണിച്ച് കൊണ്ടുള്ള വിസിയുടെ മറുപടി.  

ഇന്ന് വിസിക്ക് നൽകിയ കത്തിൽ, പ്രമേയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത് പിന്നീട് ചർച്ച ചെയ്യാമെന്നുമാണ് ഗവർണർ നിർദേശിച്ചിട്ടുള്ളത്. നിലവിലെ വിസിയുടെ കാലാവധി തീരുന്ന സാഹചര്യത്തിൽ അടിയന്തരമായി പ്രതിനിധിയെ നിർദേശിക്കണമെന്നും കത്തിൽ ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഈ ആവശ്യം സർവകലാശാല സെനറ്റ് അംഗീകരിക്കാൻ സാധ്യതയില്ല. അങ്ങനെ വന്നാൽ നിലവിലുള്ള രണ്ടംഗ സമിതിയുമായി, വിസി നിയമനത്തിൽ ഗവർണർ മുന്നോട്ടു പോകുമോ എന്നതിലാണ് ആകാംക്ഷ. ഒപ്പം അച്ചടക്ക നടപടിയുമായി ഗവർണർ മുന്നോട്ടു പോകുമോ എന്നതും കാത്തിരുന്ന് കാണേണ്ട വിഷയമാണ്. 
 

click me!