
തിരുവനന്തപുരം: തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ഇന്ന് രാത്രി വരെ മഴയ്ക്ക് (Heavy Rain) സാധ്യത. ഏഴ് മണിവരെ ആറ് ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പിൽ പറയുന്നു.
അതേസമയം തിരുവനന്തപുരത്ത് മലയോരമേഖലയിലും നഗരമേഖലയിലും ഉച്ചമുതൽ ശക്തമായ മഴ തുടരുകയാണ്. രാത്രിയോടെ മഴയ്ക്ക് ശമനമുണ്ടാകും എന്നാണ് പ്രതീക്ഷ. തിരുവനന്തപുരം എയർപോർട്ടിൽ 45 മിനിറ്റിൽ 39 മില്ലി മീറ്റർ മഴ രേഖപ്പെടുത്തുകയും ചെയ്തു.
അതേസമയം വടക്കൻ ജില്ലകളിലെ വനമേഖലകളിലും ഇന്ന് മഴ കിട്ടിയേക്കുമെന്നാണ് സൂചനകൾ. മധ്യ തെക്കൻ കേരള ജില്ലകളിൽ രാത്രി വരെ ഇടവിട്ട് മഴ ലഭിക്കും. 2 കിലോമീറ്റർ വരെ ഉയരത്തിൽ കിഴക്കൻ കാറ്റ് കേരളത്തിന് നേരെ ശക്തിപ്രാപിക്കുകയും ബംഗാൾ ഉൾക്കടലിൽ നിന്നും ഈർപ്പം കൂടുതൽ കലർന്ന മേഘം കേരളത്തിന് മേലെ എത്തിച്ചേർന്നതുമാണ് അപ്രതീക്ഷിത മഴയ്ക്ക് കാരണം. അതേസമയം, കേരള – കർണാടക– ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തലസ്ഥാനത്ത് 45 മിനിറ്റിൽ 39 മില്ലി മീറ്റർ മഴ; മധ്യ-തെക്കന്‍ കേരളത്തില്‍ രാത്രി വരെ മഴക്ക് സാധ്യത
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam