
തിരുവനന്തപുരം: മലയാളി പർവതാരോഹകൻ ഷെയ്ഖ് ഹസൻ പർവതത്തിൽ കുടുങ്ങി. നോർത്ത് അമേരിക്കയിലെ പർവ്വതത്തിലാണ് ഇദ്ദേഹം ഇപ്പോൾ കുടുങ്ങിയിരിക്കുന്നത്. രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് ഇദ്ദേഹം പലരെയും ബന്ധപ്പെടുന്നുണ്ട്. സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചാണ് സഹായം അഭ്യർത്ഥിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയേറ്റിൽ ധനകാര്യ വകുപ്പ് ജീവനക്കാരനാണ് ഷെയ്‌ഖ് ഹസൻ.
നോർത്ത് അമേരിക്കയിലെ മൗണ്ട് ഡെനാലിയിൽ കൊടുങ്കാറ്റ് അടിച്ചപ്പോഴാണ് ഷെയ്ഖ് ഹസൻ കുടുങ്ങിയത്. സമുദ്ര നിരപ്പിൽ നിന്ന് 17000 അടി മുകളിലെ ക്യാംപിലാണ് കുടുങ്ങിയിരിക്കുന്നത്. കൈവശമുള്ള ഭക്ഷണവും വെള്ളവും കുറവാണെന്ന് ഹസന്റെ സന്ദേശത്തിൽ പറയുന്നു. ഓപ്പറേഷന് സിന്ദൂറിന് ആദരമർപ്പിച്ചുള്ള ബാനർ മൗണ്ട് ഡെനാലി മലമുകളിൽ സ്ഥാപിക്കാനായിരുന്നു ഹസന്റെ യാത്ര. വിഷയം വിദേശകാര്യ മന്ത്രി എസ് ജയശങ്കറുടെ ശ്രദ്ധയിൽപെടുത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദേശഖർ ട്വീറ്റ് ചെയ്തു.