കെറ്റാമെലോൺ ഡാർക്ക്നെറ്റ് ലഹരി ഇടപാട്: അന്വേഷിക്കാൻ ഇഡിയും, എഡിസൺ സമ്പാദിച്ചത് കോടികളെന്ന് എൻസിബി

Published : Jul 09, 2025, 03:21 PM IST
Ketamelon

Synopsis

കെറ്റാമെലോൺ ഡാർക്ക്നെറ്റ് ലഹരി ഇടപാടുമായി ബന്ധപ്പെട്ട് എൻസിബി അന്വേഷണം നടക്കുന്ന കേസിൽ ഇഡിയും അന്വേഷണം ആരംഭിക്കുന്നു. ലഹരി ഇടപാടുകളുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചതായി സംശയിക്കുന്നതിനാൽ എഡിസനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുക.

കൊച്ചി: കെറ്റാമെലോൺ ഡാർക്ക്നെറ്റ് ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തിന് തയ്യാറെടുത്ത് ഇഡി യും. എൻ സി ബിയിൽ നിന്ന് കേസിന്റെ വിശദാംശങ്ങൾ തേടിയിട്ടുണ്ട്. ലഹരി ഇടപാടുകളുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചതായി സംശയം. എഡിസനെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കും. കോടികളാണ് ലഹരി ഇടപാടിലൂടെ എഡിസൺ സമ്പാദിച്ചത്.

അതിനിടെ, കേസുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകളുമായി കഴിഞ്ഞ ദിവസം എൻ സി ബി രംഗത്തെത്തിയിരുന്നു. അറസ്റ്റിലായ മൂന്ന് പ്രതികളും സഹപാഠികൾ എന്ന് നർകോട്ടിക് കണ്‍ട്രോൾ ബ്യൂറോ. എഡിസൺ ബാബുവും ഡിയോളും അരുൺ തോമസും മൂവാറ്റുപുഴയിലെ എൻജിനിയറിങ് കോളേജിൽ ഒരേ ക്ലാസിൽ പഠിച്ചവരാണ്. 2019 മുതൽ ഡിയോൾ രാജ്യാന്തര തലത്തിൽ ലഹരി ഇടപാടുകൾ നടത്തിയിരുന്നു.

മൂവാറ്റുപുഴയിലെ സ്വകാര്യ എൻജിനിയറിങ് കോളേജിൽ ബിടെക് പഠനം ഒരേ ക്ലാസ്സിൽ ഇരുന്ന് പൂർത്തിയാക്കിയവരാണ് എഡിസൻ ബാബുവും കെ വി ഡിയോളും അരുൺ തോമസും. പഠനം പൂർത്തിയാക്കി എഡിസൺ മുംബൈയിലും പൂനെയിലും ജോലി ചെയ്തപ്പോൾ 2019 മുതൽ തന്നെ ഡിയോൾ ലഹരി ഇടപാടുകൾ തുടങ്ങി. ഓസ്ട്രേലിയ ഉൾപ്പെടെ വിദേശ രാജ്യങ്ങളിലേക്ക് മാരക ലഹരി മരുന്നായ കെറ്റാമൈൻ എത്തിച്ചു. തന്റെ സാമ്പത്തിക വളർച്ച കാണിച്ചുകൊടുത്താണ് ഉറ്റ സുഹൃത്തായ എഡിസനെയും ഡിയോൾ ലഹരി വലയിൽ എത്തിച്ചത്.

പാഞ്ചാലിമേടിലുള്ള ഡിയോളിന്റെ റിസോർട്ട്, ലഹരി പാർട്ടികളുടെ കേന്ദ്രമായിരുന്നു എന്നാണ് എൻസിബിയുടെ കണ്ടെത്തൽ. ലഹരി ഉപയോഗത്തിന് പുറമേ ഡാർക്ക് നെറ്റ് വഴിയുള്ള ലഹരി വില്പനയും റിസോർട്ടിൽ നടന്നതായി എൻ സി ബിക്ക് വിവരം ലഭിച്ചു. റിസോർട്ടിന്റെ ഇൻസ്റ്റഗ്രാം പേജിൽ നിറയെ എഡിസനും ഡിയോളുമൊക്കെ ഒരുമിച്ചുള്ള ചിത്രങ്ങളും റീലുകളും ഉണ്ട്.

കുടുംബവുമൊത്ത് എഡിസൺ റിസോർട്ടിലേക്ക് പതിവായി എത്തുമായിരുന്നു. വീട്ടുകാർക്ക് പോലും എഡിസന്‍റെ ലഹരി ഇടപാടുകളെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. സമർത്ഥനായ എൻജിനീയറാണ് എഡിസൺ എന്ന് എൻസിബി വ്യക്തമാക്കുന്നു. 25 മുതൽ 30 വരെ സങ്കീർണമായ പാസ്‌വേഡുകൾ ഓർത്തിരിക്കാൻ സാധിക്കും. ഈ പാസ്‌വേഡുകളാണ് ഡാർക്ക് നെറ്റിലേക്ക് കയറാൻ ഉപയോഗിച്ചിരുന്നത്. പ്രതികളുടെ ലഹരി ഇടപാടിന് സഹായിച്ചു എന്ന കുറ്റത്തിനാണ് ഡിയോളിന്റെ ഭാര്യ അഞ്ജുവിനെ എൻസിബി അറസ്റ്റ് ചെയ്തത്. ലഹരി ഇടപാടിലൂടെ സമ്പാദിച്ച കോടികൾ എവിടെയെന്ന അന്വേഷണത്തിലാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശുപാർശ അംഗീകരിച്ചു, സർക്കാർ ഉത്തരവിറക്കി; നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവിനെതിരെ ഉടൻ അപ്പീൽ നൽകും
മുല്ലപ്പെരിയാർ: ബലക്ഷയം നിർണ്ണയത്തിനായി വെള്ളത്തിനടിയിൽ റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിൾ പരിശോധന ഇന്ന് തുടങ്ങും