
തിരുവനന്തപുരം: കിളിമാനൂരിൽ ദമ്പതികളെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി വിഷ്ണു മുൻപും മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസുകളിലെ പ്രതിയെന്ന് പൊലീസ്. നാട്ടുകാർ കയ്യേറ്റം ചെയ്യാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്നാണ് പ്രതിയുമായി തെളിവെടുപ്പ് പൊലീസ് ഒഴിവാക്കിയത്. അപകടസമയം മറ്റാരും വാഹനത്തിൽ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. കൊല്ലം സ്വദേശിയും വര്‍ക്ക് ഷോപ്പ് ഉടമയുമായ സുഹൃത്തുമൊന്നിച്ച് മദ്യപിച്ചശേഷമാണ് വിഷ്ണു വാളകത്തേക്ക് ഥാർ ജീപ്പുമായി പോകുന്നത്. മദ്യലഹരിയിൽ, ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ഇടിച്ചുതെറിപ്പിച്ച വാഹനം പോസ്റ്റിലിടിച്ചു. സമാനമായ രീതിയിൽ വെളളറട, വിഴിഞ്ഞം എന്നിവിടങ്ങളിൽ മദ്യപിച്ച് വണ്ടിയോടിച്ച് അപകടമുണ്ടാക്കിയതിന് വിഷ്ണുവിനെതിരെ നേരത്തെ കേസുണ്ട്.
കിളിമാനൂരിൽ ഇടിച്ച വാഹനം പിന്നോട്ടെടുത്തപ്പോഴാണ് സ്ത്രീയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. വണ്ടിയിൽ കുരുങ്ങിയ ബൈക്കുമായി പോയപ്പോൾ ടയർ പൊട്ടി. ആളൊഴിഞ്ഞ സ്ഥലത്ത് വാഹനമിട്ടശേഷം രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ്നാട്ടുകാർ പിടികൂടുന്നത്. പിന്നീട് ജാമ്യം കിട്ടി പുറത്തിറങ്ങിയെങ്കിലും സ്ത്രീ മരിക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് പുറകെ വരുമെന്നും കണ്ടാണ് തമിഴ്നാട്ടിലേക്ക് സുഹൃത്തിന്‍റെ സഹായത്തോടെ ഒളിവിൽ പോയതെന്നാണ് വിഷ്ണുവിന്‍റെ മൊഴി. കൈയിൽ പണമില്ലാതായി പാറശ്ശാല ഭാഗത്തേക്ക് വന്നപ്പോഴാണ് പിടിയിലായത്.
കിളിമാനൂർ സ്റ്റേഷനിൽ വിഷ്ണുവിനെ ജാമ്യത്തിൽ വിട്ടതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലും സംശയിക്കുന്നുണ്ട്. വർക്ക് ഷോപ്പ് ജോലിക്കൊപ്പം ക്രിക്കറ്റ് ടീമുകൾക്കായി കളിക്കാനും വിഷ്ണു പോകാറുണ്ട്. അങ്ങനെ പോയപ്പോൾ ഒപ്പമുണ്ടായിരുന്ന പൊലീസ്, ഫയർഫോഴ്സ് ജീവനക്കാരായ സുഹൃത്തുക്കളുടെ തിരിച്ചറിയൽ കാർഡ് വണ്ടിയിൽ മറന്നുപോയെന്നാണ് ഇയാളുടെ മൊഴി. രണ്ട് പേരെയും പൊലീസ് ചോദ്യംചെയ്തിരുന്നു. സംഭവസമയം സ്ഥലത്തില്ലെന്നും വ്യക്തമായി. വിഷ്ണുവിനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam