
തിരുവനന്തപുരം: കിളിമാനൂരിൽ ദമ്പതികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ തൊണ്ടിമുതലായ ഥാർ ജീപ്പ് കത്തിനശിച്ചതിൽ വഴിത്തിരിവ്. അപകടത്തിൽ മരിച്ച അംബികയുടെ സഹോദരിയുടെ മകനും സുഹൃത്തും ചേർന്നാണ് ജീപ്പ് കത്തിച്ചതെന്ന് പൊലീസ് കണ്ടെത്തി. അപകടം നടന്ന് നാല് മാസത്തിന് ശേഷമാണ് ജീപ്പ് കത്തിച്ചവർ പിടിയിലാകുന്നത്. പൊലീസ് പിടിച്ചെടുത്ത തൊണ്ടിമുതൽ കത്തിനശിച്ചത് വിവാദമായിരുന്നു.
തിരുവനന്തപുരം കിളിമാനൂർ പാപ്പാലയിൽ ജനുവരി 3നാണ് ഥാർ ജീപ്പ് ഇടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ അപകടത്തിൽപ്പെട്ടത്. ദമ്പതികളിൽ അംബിക ചികിത്സയിലിരിക്കെ മരിച്ചു. പിന്നാലെ ഭർത്താവ് രഞ്ജിത്തും മരിച്ചു. അപകടശേഷം നിർത്താതെ പോയ ജീപ്പ് നാട്ടുകാരാണ് പിന്തുടർന്ന് തടഞ്ഞുനിർത്തിയത്. വണ്ടിയോടിച്ചിരുന്ന വള്ളക്കടവ് സ്വദേശി വിഷ്ണുവിനെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത് മുതൽ പൊലീസ് വീഴ്ച തുടങ്ങി. രഞ്ജിത്തിന്റെ മരണത്തിന് പിന്നാലെ നാട്ടുകാർ കടുത്ത പ്രതിഷേധമുയർത്തി. പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ടു. ഇതിനിടെ സ്റ്റേഷന് മുന്നിലെ റോഡിൽ പൊലീസ് പാർക്ക് ചെയ്തിരുന്ന തൊണ്ടിമുതലായ ജീപ്പ് അജ്ഞാതർ കത്തിച്ചു. ഇതോടെ തെളിവ് നശിപ്പിക്കാനുള്ള ശ്രമം എന്നാരോപിച്ച് നാട്ടുകാർ പൊലീസിനെതിരെ തിരിഞ്ഞു. പൊലീസിനെതിരെ പ്രതിഷേധം കൂടുതൽ ശക്തമായി. എസ്എച്ച്ഒ ഉൾപ്പടെ മൂന്ന് പേരെ സസ്പെൻഡ് ചെയ്തു. ദിവസങ്ങൾക്ക് ശേഷം ജീപ്പ് ഡ്രൈവറെ പൊലീസ് പിടികൂടി. അപ്പോഴും ജീപ്പ് കത്തിച്ചത് ആരെന്ന് വ്യക്തമായിരുന്നില്ല. സിസിടിവി ദൃശ്യങ്ങളുടെ അഭാവും അന്വേഷണത്തെ ബാധിച്ചു.
ഏറെ നാളത്തെ അന്വേഷണത്തിനൊടുവിലാണ് ജീപ്പ് കത്തിച്ചത് മരിച്ച അംബികയുടെ സഹോദരിയുടെ മകൻ വിപിനും, സുഹൃത്ത് വിശാലുമെന്ന് പൊലീസ് കണ്ടെത്തിയത്. അംബികയുടെ മരണത്തിലെ സങ്കടം കാരണമാണ് ജീപ്പ് കത്തിച്ചതെന്നാണ് വിപിന്റെ മൊഴി. സ്വകാര്യ ബസ് കണ്ടക്ടർമാരായ ഇവരെ കടയ്ക്കലിൽ നിന്നാണ് കിളിമാനൂർ പൊലീസ് പിടികൂടിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam