
കൊച്ചി: നടി റിനി ആൻ ജോർജിനെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് പാർട്ടി നേതാവ് കെ ജെ ഷൈൻ. സ്ത്രീകളെ സ്മാർത്ത വിചാരം ചെയ്യുന്നവരുടെ കൂട്ടമാണ് റിനി വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലുള്ളതെന്നും കെ ജെ ഷൈൻ വിമർശിച്ചു. ഷൈനിനെതിരായ സൈബർ ആക്രമണത്തിൽ പ്രതിഷേധിച്ച് പറവൂരിൽ ഇന്നലെ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിലാണ് ഷൈൻ റിനിയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്. കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ വ്യാജ ലെറ്റർപാഡ് ഉപയോഗിച്ച് പോലും വടകര തെരഞ്ഞെടുപ്പ് കാലത്തു തനിക്കെതിരെ പ്രചാരണം നടന്നെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സിപിഎം നേതാവ് കെ കെ ശൈലജയും പറഞ്ഞു.
പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി വളരെ അടുപ്പമുള്ള കുടുംബ പശ്ചാത്തലമാണ് റിനിയുടേത്. എന്നാൽ, കോൺഗ്രസിന്റെ ഏതെങ്കിലും ഭാരവാഹിത്വം വഹിക്കുന്നതായോ അംഗത്വമോ ഉള്ളതായ വിവരങ്ങൾ ലഭ്യമല്ല. നേരത്തെ മാധ്യമങ്ങളോട് പറഞ്ഞ അതേ കാര്യങ്ങൾ തന്നെയാണ് റിനി പ്രതിഷേധ കൂട്ടായ്മയുടെ വേദിയിലും ആവർത്തിച്ചത്. ഏതെങ്കിലും സംഘടനയുടെയോ വ്യക്തികളുടെയോ പേരെടുത്ത് പറഞ്ഞുകൊണ്ട് ഇന്നലെയും ആരെയും വിമർശിക്കാൻ റിനി തയാറായിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam