യാത്രക്കാർക്ക് പ്രത്യേക നിർദേശവുമായി കൊച്ചി വിമാനത്താവളവും; അന്താരാഷ്ട്ര യാത്രക്കാർ 5 മണിക്കൂർ നേരത്തെയെത്തണം

Published : May 09, 2025, 02:23 PM IST
യാത്രക്കാർക്ക് പ്രത്യേക നിർദേശവുമായി കൊച്ചി വിമാനത്താവളവും; അന്താരാഷ്ട്ര യാത്രക്കാർ 5 മണിക്കൂർ നേരത്തെയെത്തണം

Synopsis

ആഭ്യന്തര യാത്രകൾക്കായും അന്താരാഷ്ട്ര യാത്രകൾക്കായും എത്തുന്നവർ പതിവിലും നേരത്തെ വിമാനത്താവളത്തിൽ എത്തണം.

കൊച്ചി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിച്ച സാഹചര്യത്തിൽ യാത്രക്കാർക്കായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അതോറ്റി പ്രത്യേക നിർദേശം പുറത്തിറക്കി. ആഭ്യന്തര - അന്താരാഷ്ട്ര യാത്രകൾക്കായി കൊച്ചി വിമാനത്താവളത്തെ ആശ്രയിക്കുന്നവർ നേരത്തെ തന്നെ വിമാനത്താവളത്തിൽ എത്തണമെന്നാണ് അറിയിപ്പ്. നേരത്തെ തിരുവനന്തപുരം വിമാനത്താവളവും സമാനമായ നിർദേശം ഇന്ന് രാവിലെ പുറത്തിറക്കിയിരുന്നു.

കൊച്ചി വിമാനത്താവളം സാധാരണ നിലയിൽ തന്നെ പ്രവർത്തിക്കുകയാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകൾ കൂടുതൽ കർശനമാക്കിയതിനാൽ യാത്രക്കാർ കൂടുതൽ സമയം പരിശോധനകൾക്ക് വിധേയമാകേണ്ടി വരും. ഈ സാഹചര്യത്തിൽ അതുകൂടി കണക്കാക്കി നേരത്തെ തന്നെ വിമാനത്താവളത്തിൽ എത്തിച്ചേരണമെന്നാണ് അറിയിപ്പ്.

ആഭ്യന്തര വിമാന യാത്രകൾക്കായി വരുന്നവർ വിമാനം പുറപ്പെടുന്ന സമയത്തിന് മൂന്ന് മണിക്കൂർ മുമ്പും അന്താരാഷ്ട്ര യാത്രകൾക്കായി എത്തുന്നവർ അഞ്ച് മണിക്കൂർ മുമ്പും എത്തിയാൽ നടപടികൾ സുഗമമായി പൂർത്തിയാക്കും. അവസാന നിമിഷത്തെ തിരക്കും ബുദ്ധിമുട്ടും ഒഴിക്കാനും ഇതിലൂടെ സാധിക്കും. പുതിയ സാഹചര്യത്തിൽ യാത്രക്കാർ സഹകരിക്കണമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കാൻ സർക്കാർ നിർദേശം നൽകിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ യാത്രക്കാർ നേരത്തെ തന്നെ വിമാനത്താവളത്തിൽ എത്തണമെന്ന് തിരുവനന്തപുരം വിമാനത്താവള അധികൃതരും അറിയിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചതായി സോഷ്യൽ മീഡിയ വഴി പ്രചരണം ഉണ്ടായിരുന്നെങ്കിലും ഇത് പൂർണമായും അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര സർക്കാറിന് കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചിട്ടുണ്ട്. നിലവിൽ 24 വിമാനത്താവളങ്ങളിൽ മാത്രമാണ് സർവീസ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഗോവ നിശാക്ലബ്ബിലെ തീപിടിത്തം; ഉടമകളായ ലൂത്ര സഹോദരൻമാർക്ക് ജാമ്യമില്ല, ഇരുവരും ഒളിവില്‍
വീണ്ടും തിരക്കിലമർന്ന് സന്നിധാനം; മണിക്കൂറുകള്‍ ക്യൂ നിന്ന് വിശ്വാസികള്‍, രണ്ട് ദിവസമായി ദർശനം നടത്തിയത് ഒരു ലക്ഷത്തിനടുത്ത് ഭക്തർ