രാസലഹരി ഉപയോ​ഗത്തിൽ ഇന്ത്യയിൽ 3ാം സ്ഥാനത്ത് കൊച്ചി,ഇക്കൊല്ലം 686 കേസുകൾ,പരിശോധനയിൽ പിഴവുകളേറെ

By Web TeamFirst Published Nov 7, 2022, 7:11 AM IST
Highlights

പത്താഴ്ചയ്ക്കിടെ കൊച്ചിയിലുണ്ടായ എട്ട് കൊലപാതകങ്ങളിൽ മിക്കതിലും ലഹരിയാണ് വില്ലൻ. എംഡിഎംഎ ഉൾപെടെയുള്ള മയക്കുമരുന്ന് കേന്ദ്രമായി കാക്കനാടും തൃക്കാക്കരയും പെരുമ്പാവൂരും മാറി


കൊച്ചി : ഇന്ത്യയിൽ രാസ ലഹരി ഉപയോഗത്തിൽ ഏറ്റവും മുന്നിലുള്ള മൂന്നാമത്തെ സിറ്റിയായി കൊച്ചി മാറി. ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചാണ് പലയിടങ്ങളിലും മയക്കുമരുന്ന് ഉപയോഗം. 686 നാർക്കോട്ടിക്ക് കേസുകളാണ് ഇക്കൊല്ലം ഇതുവരെ രജിസറ്റർ ചെയ്തത്. നഗരത്തിൽ രണ്ടരമാസത്തിനിടെ നടന്ന എട്ട് കൊലപാതകങ്ങളിൽ മിക്കതിലും ലഹരിയാണ് വില്ലൻ. കുറ്റവാളികളെ കണ്ടെത്താൻ ലൈവ് ലൊക്കേഷൻ എടുക്കാനുള്ള സൈബർ സംവിധാനം പോലും എക്സൈസിനില്ലെന്ന് കൊച്ചി അസിസ്റ്റന്റ് കമ്മീഷണർ കൈമലർത്തുന്നു.ഏഷ്യാനെറ്റ് ന്യൂസ് റോവിംഗ് റിപ്പോർട്ടർ യാത്ര തുടരുന്നു

 

കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് റോവിങ് റിപ്പോർട്ടർ യാത്ര . തലശ്ശേരി കടൽപാലം പിന്നിട്ടപ്പോൾ ഒരു പൊലീസ് സംഘത്തെ കണ്ട് വണ്ടി നിർത്തി. സുബൈർ എന്ന എഴുപതുകാരൻ മകനെതിരെ നൽകിയ പരാതിയിൽ പ്രതിയെ റിമാൻഡ് ചെയ്ത പൊലീസ് മൊഴിയെടുപ്പിന് എത്തിയതാണ്. ലഹരിക്കടിമയായ ഷുഹൈബിനെക്കൊണ്ട് കുടുംബത്തിനും നാട്ടുകാർക്കും സ്വൈര്യം നഷ്ടപ്പെട്ടിട്ട് നാളേറെയായി.കാറ്റുംകോളും നിറഞ്ഞ കടലുതാണ്ടുന്ന മത്സ്യത്തൊഴിലാളിയായ സുബൈർ പക്ഷേ പോറ്റി വളർത്തിയ മകനോട് പക്ഷെ തോറ്റുപോയി.

തലശ്ശേരിയിൽ നിന്നും കൊച്ചിയിലെത്തുമ്പോൾ നേരം ഇരുട്ടി. ഇന്ത്യയുടെ വിവിധയിടങ്ങളിൽ നിന്നായെത്തിയ ആയിരങ്ങൾ ജോലി ചെയ്ത് ജീവിക്കുന്ന കേരളത്തിന്റെ മെട്രോ നഗരത്തിന് കുറ്റകൃത്യങ്ങളുടെ തലസ്ഥാനം എന്ന ദുഷ്പേര് എങ്ങനെ വന്നു. മട്ടാഞ്ചേരിയിലേയും ഫോർട്ട് കൊച്ചിയിലേയും ഗുണ്ടാ പ്രവർത്തനമാണ് കൊച്ചിക്ക് ഒരു കാലത്തെ തലവേദനയെങ്കിൽ ഇന്ന് കഥ വേറെയാണ്.

മയക്കുമരുന്ന് വില്പനയുമായി ബന്ധപ്പെട്ട തർക്കത്തിലാണ് ഇർഷാദ് സുഹൃത്തായ സജീവ് കൃഷ്ണയെ അതിക്രൂരമായി കൊന്നുകളഞ്ഞത്. പത്താഴ്ചയ്ക്കിടെ കൊച്ചിയിലുണ്ടായ എട്ട് കൊലപാതകങ്ങളിൽ മിക്കതിലും ലഹരിയാണ് വില്ലൻ. എംഡിഎംഎ ഉൾപെടെയുള്ള മയക്കുമരുന്ന് കേന്ദ്രമായി കാക്കനാടും തൃക്കാക്കരയും പെരുമ്പാവൂരും മാറി. ഈ വർഷം 686 കേസാണ് എക്സൈസ് എറണാകുളത്ത് മാത്രം എടുത്തത്. പൊലീസിന്റെത് അതിലേറെവരും. 

കൊവിഡ് പ്രതിസന്ധിക്ക് ശേഷം ഫ്ലാറ്റുകൾ ദിവസ വാടകയ്ക്ക് കൊടുക്കുന്ന രീതിയുണ്ട് നഗരത്തിൽ. ഇങ്ങനെ ഫ്ലാറ്റെടുത്ത് ലഹരിപ്പാർട്ടി നടത്തുന്ന നിരവധി സംഭവങ്ങളുണ്ടായി. നഗരത്തിൽ മയക്കുമരുന്ന് വിൽപനക്കാരൻ മാനായും മാരീചനായും ഏതിടത്തും ഏത് നേരവും പ്രത്യക്ഷപ്പെടാം. കുറ്റവാളികളെ കണ്ടെത്താൻ ഒരു ലൈവ് ലൊക്കേഷൻ എടുക്കാനുള്ള സംവിധാനം പോലും എക്സൈസിനില്ലെന്ന് അസിസ്റ്റന്റ് കമ്മീഷണർ കൈമലർത്തുന്നു.

ഇൻഫോ പാർക്കും നിരവധി ഐടി സ്ഥാപനങ്ങളുമടക്കം അതിവേഗം വളരുന്ന കൊച്ചി,രാസ ലഹരിയിൽ മുങ്ങിപ്പോകുന്നതിന്റെ കാരണം തിരക്കി വേണം പോം വഴികളാലോചിക്കാൻ 

നടക്കാവില്‍ ലഹരിവില്‍പ്പനക്കാരന്‍ നടത്തുന്ന ഹോസ്റ്റലില്‍ റെയ്‍ഡ്, ജോബിന്‍ ഒളിവിലെന്ന് എക്സൈസ്

click me!