
തിരുവനന്തപുരം: മകൻ ബിനോയ് കോടിയേരിക്കെതിരെ ലൈംഗിക പീഡന ആരോപണം പുകഞ്ഞ് കത്തുമ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആയൂര്‍വേദ ചികിത്സയിൽ. തിരുവനന്തപുരത്തെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലാണ് കോടിയേരി പതിനാല് ദിവസത്തെ ചികിത്സക്കായി പ്രവേശിച്ചത്.
ഇക്കഴിഞ്ഞ പതിനേഴാം തീയതിയാണ് കോടിയേരി ബാലകൃഷ്ണൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിയത്. മകൻ ബിനോയ് കോടിയേരിയോട് ഒപ്പമാണ് കോടിയേരി ആശുപത്രിയിലെത്തിയതെന്നാണ് വിവരം. അതിന് ശേഷം ആശുപത്രിയിൽ തന്നെ തുടര്‍ന്ന് പതിനാല് ദിവസത്തെ ചികിത്സയാണ് നിശ്ചയിച്ചിരുന്നത്. ഭാര്യ വിനോദിനി ബാലകൃഷ്ണനും കോടിയേരിക്കൊപ്പം ആശുപത്രിയിലുണ്ടായിരുന്നു.
ബിനോയ്ക്കെതിരായ ലൈംഗിക പീഡനാരോപണം മലയാള മാധ്യമങ്ങളിൽ അടക്കം വലിയ വാര്‍ത്തയായത് ഇക്കഴിഞ്ഞ പതിനെട്ട് മുതലാണ്. ആരോപണം കേസ് ആയി മാറിയതും തുടര്‍ന്ന് ബിനോയ് ഒളിവിൽ പോകുന്ന സാഹചര്യവും എല്ലാം അതിന് ശേഷമാണ്.
മൂന്ന് ദിവസത്തെ ചികിത്സ പുനക്രമീകരിച്ചാണ് കോടിയേരി മൂന്ന് ദിവസത്തെ പാര്‍ട്ടി യോഗങ്ങളിൽ പങ്കെടുക്കാൻ കോടിയേരി എകെജി സെന്‍ററിലെത്തിയത്. പകൽ പാര്‍ട്ടിയോഗത്തിൽ പങ്കെടുത്ത ശേഷം ബാക്കിയുള്ള സമയത്തേക്ക് ചികിത്സ പുനക്രമീകരിച്ചതായാണ് വിവരം.
വിവാദം വന്ന നാൾ മുതൽ കോടിയേരിയുടെ പ്രതികരണത്തിന് മാധ്യമങ്ങൾ ശ്രമിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. ഇടയ്ക്ക് മന്ത്രി കെടി ജലീൽ കോടിയേരിയെ ആശുപത്രിയിലെത്തി കാണുകയും ചെയ്തിരുന്നു. വിവാദം കനത്ത് ഇത്രനാളും മാധ്യമങ്ങളോട് അകലം പാലിച്ച കോടിയേരി ഭാര്യ വിനോദിനി ബാലകൃഷ്ണനും ഇളയമകൻ ബിനീഷ് കോടിയേരിക്കും ഒപ്പമാണ് ആശുപത്രിയിൽ നിന്ന് ഇറങ്ങി കോടിയേരി എകെജി സെന്‍ററിലേക്ക് എത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam