ആളെക്കൊല്ലും ബൈപ്പാസ്: പരസ്പരം പഴിചാരി എംപിയും മന്ത്രിയും എംഎൽഎമാരും

By Web TeamFirst Published Jun 30, 2019, 2:10 PM IST
Highlights

5 മാസത്തിനിടയിൽ 10 പേരുടെ ജീവനെടുത്ത കൊല്ലം ബൈപ്പാസിൽ ഇനിയും ചോര ചിന്തിക്കൂടയെന്നുള്ളതിനെ നിഷേധിക്കാതിരിക്കുമ്പോഴും ഉത്തരവാദിത്വം ഏറ്റെടുക്കാതെ പരസ്പരം മത്സരിച്ച് പഴിചാരുകയാണ് എംപിയും എംഎൽഎമാരും ഒപ്പം മന്ത്രിയും

കൊല്ലം: അപകടങ്ങൾ പതിയിരിക്കുന്ന; സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാത്ത 'ആളെക്കൊല്ലും കൊല്ലം ബൈപ്പാസി'ന്‍റെ പേരിൽ പരസ്പരം പഴിചാരി എംപിയും മന്ത്രിയും എംഎൽഎമാരും. സുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരാണെന്ന് എംപി പറയുമ്പോൾ പണി പൂർത്തിയാകുന്നതിന് മുമ്പ് ധൃതി പിടിച്ച് ഉദ്ഘാടനം ചെയ്തതാണ് എല്ലാത്തിനും കാരണമെന്ന് എംഎൽഎമാർ ഒരേ സ്വരത്തിൽ പറയുന്നു. വഴിയോരക്കച്ചവടക്കാരുടെ എണ്ണം കൂടിയത് അപകടം കൂട്ടുന്നെന്നാണ് മന്ത്രി ജി സുധാകരന് പറയാനുള്ളത്.

'വാശിപ്പുറത്ത് നടത്തിയ ഉദ്ഘാടനം' ഒരേ സ്വരത്തിൽ എംഎൽഎമാർ

പണി പൂർത്തിയാകുന്നതിന് മുമ്പ് കൊല്ലം ബൈപ്പാസിന്‍റെ ഉദ്ഘാടനം നടത്തിയതാണ് എല്ലാം പ്രശ്നങ്ങൾക്കും കാരണമെന്നാണ് എംഎൽഎമാരായ മുകേഷും എം നൗഷാദും എൻ വിജയൻപിള്ളയും ആരോപിക്കുന്നത്. ബൈപ്പാസിന്‍റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി മുന്‍കയ്യെടുക്കുമെന്നും എംഎൽഎമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പണി പൂർത്തിയാക്കിയതിന് ശേഷം ഉദ്ഘാടനം ചെയ്താൽ മതിയെന്ന് സർക്കാരും പിഡബ്ല്യൂഡിയും തീരുമാനമെടുത്തതാണ്. എന്നാൽ, വാശിപ്പുറത്ത് ഒരു ദിവസം ഉദ്ഘാടനം നടത്തുകയായിരുന്നുവെന്ന് മുകേഷ് പറഞ്ഞു. ലൈറ്റിന്‍റെ കാര്യത്തിലെങ്കിലും എത്രയും വേഗം  ആവശ്യമായ നടപടികൾ എടുക്കണമെന്ന് മന്ത്രിയോട് പറഞ്ഞിട്ടുണ്ട്. തുടർ നടപടികൾ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹം അറിയിച്ചതെന്നും മുകേഷ് പറഞ്ഞു.

നാലുവരി പാത വരുന്നതിനുള്ളിൽ ലൈറ്റിന്‍റെയും അപ്രോച്ച് റോഡിന്‍റെയും പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ട് മാത്രമേ ബൈപ്പാസിന്‍റെ പ്രശ്നങ്ങൾ പരിഹരിക്കാ‍ൻ സാധിക്കൂ. പിന്നെ പൊലീസ് സ്വീകരിക്കേണ്ട മാനദണ്ഡങ്ങൾ പാലിക്കണമെന്നും നൗഷാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിയമാനുസൃതമായി എംഎൽഎ ഫണ്ട് ഉപയോ​ഗിച്ച് ചെയ്യാൻ കഴിയുന്നതെല്ലാം താൻ ചെയ്യുമെന്നായിരുന്നു എൻ വിജയൻപിള്ളയുടെ പ്രതികരണം.

ഇടറോഡുകൾ വേണോ? എംപി പറയുന്നതെന്ത്? 

13 കിലോമീറ്റർ ബൈപ്പാസിൽ 57 ഇടറോഡുകളാണ് വന്നുകയറുന്നത്. ഇത്രയും ഇടറോഡുകൾ ഉണ്ടാകാൻ കാരണം എംപിയുടെ ഇടപെടലാണെന്ന് വിമർശനം ഉയരുന്നുണ്ട്.  ബൈപ്പാസ് വന്നത് കൊണ്ട് നിലവിലുള്ള റോഡുകളിൽ നിന്നുള്ള യാത്രസ്വാതന്ത്ര്യം നിഷേധിക്കുന്നത് ശരിയല്ലെന്നും അക്കാര്യത്തിൽ താൻ ഇടപെട്ടിട്ടുണ്ടെന്നും പറയുന്നു എംപി പ്രേമചന്ദ്രൻ. 

ബൈപ്പാസുകളുകളെല്ലാം നിർമിക്കുന്നതിന്‍റെ അതേ മാനദണ്ഡത്തിൽ തന്നെയാണ് കൊല്ലം ബൈപ്പാസും നിർമിച്ചിരിക്കുന്നതെന്നും കൊല്ലം ബൈപ്പാസിനെ സംബന്ധിച്ച് മറ്റൊരു സവിശേഷതയുമില്ലെന്നും പ്രേമചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  

"വിഷയത്തിൽ സംസ്ഥാന ട്രാഫിക് സംവിധാനമാണ് ഇടപെടേണ്ടത്. സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുകയെന്നതാണ് ഏറ്റവും പ്രധാനം. ജില്ലാ കളക്ടർ ചെയർമാനായിട്ടുള്ള റോഡ് സുരക്ഷാ കമ്മിറ്റി നിലവിലുണ്ട്. സുരക്ഷ കൂട്ടി അപകടങ്ങൾ പരമാവധി പരിമിതപ്പെടുത്തുകയെന്നതാണ് ഏക പോംവഴി" എംപി പറയുന്നു. 

'കയ്യേറ്റം'; എംഎൽഎയേയും കുറ്റപ്പെടുത്തി മന്ത്രി

കൊല്ലം ബൈപ്പാസിൽ കച്ചവടം ചെയ്യുന്നത് വഴിയോരക്കച്ചവടക്കാരല്ല, അവർ വഴിയിൽ കയറി കച്ചവടം ചെയ്യുന്നവരാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. മറ്റേതൊരു റോഡിനെയും പോലെ റോഡ് കയ്യേറ്റവും കൊല്ലം ബൈപാസിലെ പ്രധാന പ്രശ്നമാണ്. അപകടക്കെണിയൊരുക്കുന്ന ജംഗ്ഷനുകളിലും കയ്യേറ്റമൊഴിപ്പിക്കണമെന്നത് കൊല്ലത്ത് ഉയരുന്ന ആവശ്യമാണ്. ഒഴിപ്പിക്കാൻ പോയാൽ കയ്യേറ്റക്കാരെ സഹായിക്കാൻ ഒത്തിരി പേർ വരുമെന്നും മന്ത്രി പറയുന്നു. 

കയ്യേറ്റം പ്രധാന പ്രശ്നമാണെന്ന് സമ്മതിക്കുന്ന മന്ത്രി ജി സുധാകരൻ ഇവരെ ഒഴിപ്പിക്കാൻ എംഎല്‍എമാരാടക്കം ആരും താല്‍പര്യം കാണിക്കുന്നില്ലെന്നും വിമര്‍ശനമുയർത്തി. എംഎൽഎയുടെ നേതൃത്വത്തിൽ ഇടപെട്ടാണ് ഈ പ്രശ്നത്തിന് അറുതി വരുത്തേണ്ടതെന്നും എന്നാൽ അത് നടക്കുന്നില്ലെന്നും മന്ത്രി പറയുന്നു.

ഉദ്ഘാടനം കഴിഞ്ഞ് അഞ്ച് മാസത്തിനിടയിൽ മൂന്ന് കാൽനടയാത്രക്കാരടക്കം പത്ത് പേരുടെ ജീവനെടുത്ത കൊല്ലം ബൈപ്പാസിൽ ഇനിയും ചോര ചിന്തിക്കൂടയെന്നുള്ളതിനെ നിഷേധിക്കാതിരിക്കുമ്പോഴും ഉത്തരവാദിത്വം ഏറ്റെടുത്ത് മുന്നോട്ട് വരാതെ പരസ്പരം മത്സരിച്ച് പഴിചാരുകയാണ് എംപിയും എംഎൽഎമാരും ഒപ്പം മന്ത്രിയും. 

click me!