ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് നാളെ: കൂടുതല്‍ തെളിവുകള്‍ കൈമാറുമെന്ന് യുവതി

By Web TeamFirst Published Jun 30, 2019, 1:59 PM IST
Highlights

ബിനോയ് കോടിയേരിക്കെതിരെ പ്രത്യേക അഭിഭാഷകൻ മുഖേന നാളെയും യുവതി കൂടുതൽ തെളിവുകൾ ഹാജരാക്കുമെന്നാണ് സൂചന.

മുംബൈ: പീഡനക്കേസിൽ അറസ്റ്റ് ഒഴിവാക്കാൻ ബിനോയ് കോടിയേരി നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ കോടതി ഉത്തരവ് പുറപ്പെടുവിക്കും. കേസില്‍ പ്രത്യേക അഭിഭാഷകൻ മുഖേന നാളെയും യുവതി കൂടുതൽ തെളിവുകൾ ഹാജരാക്കുമെന്നാണ് സൂചന.

ജൂൺ 20നാണ് ബിനോയ് മുംബൈ ഡിൻഡോഷി സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകിയത്. തന്നെ ബ്ലാക്ക്മെയിൽ ചെയ്യാനാണ് യുവതിയും കൂട്ടാളികളും ചേർന്ന് കള്ളക്കേസ് നൽകിയത് എന്നായിരുന്നു ബിനോയിയുടെ വാദം. വിവാഹം ചെയ്ത് ഉപേക്ഷിച്ചതിന് 5 കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് യുവതി അയച്ച വക്കീൽ നോട്ടീസും വിവാഹവാഗ്ദാനം നടത്തി ലൈംഗിക ചൂഷണം നടത്തിയെന്ന് പൊലീസിൽ നൽകിയ പരാതിയും കാണിച്ച് യുവതിയുടെ നിലപാടിലെ വൈരുദ്ധ്യം ഉണ്ടെന്നാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. 

എന്നാൽ, യുവതിക്കും കുഞ്ഞിനും ദുബായ് സന്ദർശിക്കാൻ ബിനോയ് സ്വന്തം ഇ-മെയിലിൽ നിന്ന് വിസയും വിമാന ടിക്കറ്റും അയച്ചത് കോടതിയിൽ വ്യാഴാഴ്ച യുവതിയുടെ അഭിഭാഷകൻ ഹാജരാക്കിയിരുന്നത് പ്രതിഭാഗത്തിന് തിരിച്ചടിയാവും. വിസയിൽ കുഞ്ഞിന്റെ അച്ഛന്‍റെയും യുവതിയുടെ ഭർത്താവിൻ്റെയും പേരിന്‍റെ സ്ഥാനത്ത് ബിനോയ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

കോടതിയിൽ യുവതി നാളെ കൂടുതൽ തെളിവുകൾ ഹാജരാക്കുമെന്നാണ് അറിയുന്നത്. നാളെ ബിനോയിക്ക് ജാമ്യം ലഭിച്ചില്ലെങ്കിൽ ഉടൻ അറസ്റ്റിലേക്ക് കടക്കാനാണ് മുംബൈ പൊലീസിന്‍റെ നീക്കം. മജിസ്ട്രേറ്റിന് മുമ്പാകെ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടിയും പൊലീസ് തുടങ്ങിയിട്ടുണ്ട്.

click me!